സംഘടന തെരഞ്ഞെടുപ്പു നടത്താൻ കോൺഗ്രസിന് വീണ്ടും സാവകാശം
text_fieldsന്യൂഡൽഹി: കോൺഗ്രസിന് സംഘടന തെരഞ്ഞെടുപ്പു നടത്താൻ ഇൗ വർഷാവസാനം വരെ തെരഞ്ഞെടുപ്പു കമീഷൻ സമയം നീട്ടിക്കൊടുത്തു. ജൂൺ 30നകം പാർട്ടിയിൽ തെരഞ്ഞെടുപ്പു നടപടി പൂർത്തിയാക്കാനായിരുന്നു നേരത്തെ നൽകിയ അന്ത്യശാസനം. പുതിയ സമയപരിധിയും പാലിക്കപ്പെടാൻ ഇടയില്ല. ജൂൺ 30 എന്ന സമയപരിധിവെച്ചത് പാലിക്കാൻ പല പ്രയാസങ്ങളും കോൺഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു. കോൺഗ്രസിെൻറ മാത്രമല്ല, ഒരു രാഷ്ട്രീയ പാർട്ടിയുടെയും സംഘടനാ തെരഞ്ഞെടുപ്പിനു സമയക്രമം നിശ്ചയിക്കാൻ തെരഞ്ഞെടുപ്പു കമീഷന് അവകാശമില്ല. അക്കാര്യം അതാതു പാർട്ടികളുടെ സമയവും സൗകര്യവും പാർട്ടി ഭരണഘടനയും അനുസരിച്ചാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു ഒരു വാദം.
ദേശീയ പാർട്ടിയായ കോൺഗ്രസിന് വളരെക്കുറഞ്ഞ സമയം കൊണ്ട് താഴെത്തട്ടു മുതൽ ദേശീയതലം വരെ തെരഞ്ഞെടുപ്പു പൂർത്തിയാക്കാൻ കഴിയില്ലെന്നും കത്തിൽ വിശദീകരിച്ചു. അംഗത്വപ്പട്ടിക പുതുക്കാൻ പ്രാേയാഗിക പ്രയാസമുണ്ട്. പാർട്ടിയുടെ ഉന്നത വേദിയായ പ്രവർത്തക സമിതി, കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് ഡിസംബർ 31 വരെ സോണിയ ഗാന്ധി തുടരണമെന്നാണ് നിശ്ചയിച്ചിട്ടുള്ളതെന്നും കത്തിൽ പറഞ്ഞു. നേരത്തെയും സംഘടന തെരഞ്ഞെടുപ്പു നടത്താൻ തെരഞ്ഞെടുപ്പു കമീഷൻ കോൺഗ്രസിന് പല വട്ടം ‘അന്തിമ’തീയതി നൽകിയിരുന്നു. ഇനിയുള്ള ഒമ്പതു മാസം കൊണ്ട് തെരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയാക്കാൻ പാകത്തിലല്ല കോൺഗ്രസ്. യു.പി തെരഞ്ഞെടുപ്പിൽനിന്ന് രാജ്യവും പാർട്ടിയും ഗുജറാത്ത് തെരഞ്ഞെടുപ്പിലേക്ക് ഉറ്റുനോക്കുകയാണ്.
ഇതിനിടയിൽ സംഘടനാ തെരഞ്ഞെടുപ്പിലേക്ക് കടക്കാൻ സമയമില്ല. അതുകഴിഞ്ഞാൽ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആരവങ്ങളായി. ദേശീയ തലത്തിൽ തെരഞ്ഞെടുപ്പു നടത്തിപ്പിന് ചുമതല ലഭിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ പോലും തെരഞ്ഞെടുപ്പിനു പറ്റിയ സമയം അടുത്തെങ്ങും കാണുന്നില്ല. സംഘടനാ തെരഞ്ഞെടുപ്പ് ഉടനടി നടത്താൻ നിർബന്ധിച്ചുവന്ന കേരളത്തിലും സാഹചര്യങ്ങൾ മാറി. കെ.പി.സി.സി പ്രസിഡൻറിെൻറ ചുമതല എം.എം ഹസനു ലഭിച്ചതു വഴി, സംഘടനാ തെരഞ്ഞെടുപ്പിനുള്ള തിരക്ക് ഇനി എ ഗ്രൂപ് കാണിക്കാനിടയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
