മോദിയുടെ സാരിയുടുത്ത ചിത്രം പ്രചരിപ്പിച്ചു; മഹാരാഷ്ട്രയിൽ മുതിർന്ന കോൺഗ്രസ് പ്രവർത്തകനെ സാരിയുടുപ്പിച്ച് ബി.ജെ.പി പ്രവർത്തകർ -വിഡിയോ
text_fieldsമുംബൈ: സാരി ധരിച്ചു നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മോർഫ് ചെയ്ത ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചതിന് മഹാരാഷ്ട്രയിൽ മുതിർന്ന കോൺഗ്രസ് പ്രവർത്തകനെ സാരിയുടുപ്പിച്ച് ബി.ജെ.പി പ്രവർത്തകർ.
മഹാരാഷ്ട്രയിലെ ഡോംബിവ്ലിയിലാണ് സംഭവം.73 വയസുള്ള കോൺഗ്രസ് പ്രവർത്തകൻ പ്രകാശ് മാമ പാഗാരെ ആണ് മോദിയുടെ മോർഫ് ചെയ്ത ചിത്രം പങ്കുവെച്ചത്. ''പെണ്‍കുട്ടികളേ ക്ഷമിക്കണം, എനിക്കും ട്രെന്‍ഡില്‍ തുടരണം'' എന്ന അടിക്കുറിപ്പോടെ തിങ്കളാഴ്ചയാണ് പഗാരെ മോദിയുടെ എഡിറ്റ് ചെയ്ത ചിത്രം പോസ്റ്റ് ചെയ്തത്. പ്രശസ്തമായ മറാത്തി ഗാനത്തിന്റെ പശ്ചാത്തലത്തില്‍ സാരിയുടുത്ത മോദിയുടെ മോര്‍ഫ് ചെയ്ത ചിത്രമാണ് ക്ലിപ്പില്‍ ഉണ്ടായിരുന്നത്.
ഇത് പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നതാണ് എന്നാരോപിച്ചാണ് ബി.ജെ.പി പ്രവർത്തകർ രംഗത്തുവന്നത്. തുടർന്ന് ഇവർ പ്രകാശ് പഗാരയെ വിളിച്ചു വരുത്തി സാരി ധരിപ്പിച്ച് ജനക്കൂട്ടത്തിനിടെ നടത്തിക്കുകയും ചെയ്തു. ഇതിന്റെ വിഡിയോയും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. സാരി ധരിപ്പിക്കാനുള്ള നീക്കത്തെ പ്രകാശ് പഗാരെ ചെറുക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. നിങ്ങളെന്താണ് ചെയ്യുന്നത് എന്നാണ് അദ്ദേഹം ബി.ജെ.പി പ്രവർത്തകരോട് ചോദിക്കുന്നത്. തുടർന്ന് രണ്ടുപേർ അദ്ദേഹത്തിന്റെ കൈകൾ ബലമായി പിടിച്ചുവെക്കുകയും മറ്റുരണ്ടുപേർ സാരിയുടുപ്പിക്കുകയുമായിരുന്നു. അതിനു ശേഷം ബി.ജെ.പി പ്രവർത്തകർ
ഭാരതീയ ജനതാപാർട്ടി കീ ജയ് എന്ന് ഉച്ചത്തിൽ വിളിക്കുകയും ചെയ്തു.
പ്രാദേശിക ബി.ജെ.പി നേതാക്കളും അതിന് സാക്ഷ്യം വഹിക്കാനുണ്ടായിരുന്നു. ബി.ജെ.പി കല്യാൺ ജില്ലാ പ്രസിഡന്റ് നന്ദു പരബിന്റെ നേതൃത്വത്തിലായിരുന്നു ഈ പ്രതിഷേധ പരിപാടി അരങ്ങേറിയത്. മോദിയുടെ ചിത്രം മോർഫ് ചെയ്തത് കുറ്റകരവും അരോചകവുമാണെന്ന് പരബ് ആരോപിച്ചു. 'പ്രധാനമന്ത്രിയെ അനാദരിക്കുന്ന രീതിയിലുള്ള ഇത്തരത്തിലുള്ള ചിത്രങ്ങൾ കുറ്റകരവും ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതുമാണ്. ഞങ്ങളുടെ നേതാക്കളെ ഇത്തരത്തിൽ അപമാനിക്കാനുള്ള ശ്രമങ്ങൾ തുടർന്നാൽ ബി.ജെ.പി ശക്തമായി തിരിച്ചടിക്കും'-പരബ് പറഞ്ഞു.
ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധത്തിനെതിരെ കോൺഗ്രസ് രംഗത്തുവന്നു. ആവിഷ്‍കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നാണ് കോൺഗ്രസ് ആരോപിച്ചത്.
പ്രകാശ് പഗാരെയെ പൊതുമധ്യത്തിൽ അപമാനിച്ചതിന് പരാതി നൽകുമെന്നും പ്രാദേശിക കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.
''പഗാര പാർട്ടിയിലെ മുതിർന്ന നേതാവാണ്. അപകീർത്തികരമായ എന്തെങ്കിലും ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ടെങ്കിൽ അദ്ദേഹത്തെ സാരി ധരിപ്പിച്ച് അപമാനിക്കുന്നതിന് പകരം, ബി.ജെ.പി പ്രവർത്തകർ പൊലീസിൽ പരാതി നൽകുകയാണ് ചെയ്യേണ്ടിയിരുന്നത്''-കല്യാൺ കോൺഗ്രസ് പ്രസിഡന്റ് സച്ചിൻ പോട്ടെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

