മൂന്നിടത്തും ‘കൈ’ പിടിച്ച് കർണാടക; തണ്ടൊടിഞ്ഞ് താമര, കാറ്റെടുത്ത് കറ്റ
text_fieldsബംഗളൂരു: കർണാടകയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭ മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ചു. രണ്ട് മണ്ഡലങ്ങൾ പിടിച്ചെടുത്തും ഒന്ന് നിലനിർത്തിയുമാണ് ‘കൈ’ നേട്ടം. എൻ.ഡി.എ പക്ഷത്ത് ഗൗഡ, ബൊമ്മൈ കുടുംബങ്ങളിലെ മൂന്നാം തലമുറ സ്ഥാനാർഥികളെ തള്ളി കർണാടക ജനാധിപത്യത്തിന് പുതുമാനം തീർത്തു. കർണാടക ഉറ്റുനോക്കിയ ചന്നപട്ടണ മണ്ഡലത്തിൽ മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പേരക്കുട്ടിയും കേന്ദ്ര മന്ത്രിയായ മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകനുമായ നിഖിൽ കുമാര സ്വാമിയെ കോൺഗ്രസ് സ്ഥാനാർഥി സി.പി. യോഗേശ്വര 25,413 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി.
സിറ്റിങ് എം.എൽ.എ കുമാര സ്വാമി മാണ്ഡ്യ എം.പിയായതിനെത്തുടർന്ന് എം.എൽ.എ സ്ഥാനം രാജിവെച്ച ഒഴിവിലാണ് ഈ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പി എം.എൽ.സി സ്ഥാനം രാജിവെച്ച് കോൺഗ്രസിൽ ചേർന്ന യോഗേശ്വരയെയായിരുന്നു കഴിഞ്ഞ നിയമസഭ പൊതു തെരഞ്ഞെടുപ്പിൽ കുമാര സ്വാമി പരാജയപ്പെടുത്തിയത്. ഷിഗാവ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി യാസിർ അഹ്മദ് ഖാൻ പതാൻ മിന്നും വിജയം നേടി. മുൻ മുഖ്യമന്ത്രി എസ്.ആർ. ബൊമ്മൈയുടെ പേരക്കുട്ടിയും മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എം.പിയുടെ മകനുമായ ഭരത് ബൊമ്മൈയെ 13,448 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്.
ബസവരാജ് ബൊമ്മൈ ലോക്സഭ അംഗമായതിനെത്തുടർന്ന് എം.എൽ.എ പദവി രാജിവെച്ച ഒഴിവിലാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. സന്ദൂർ മണ്ഡലത്തിൽ കോൺഗ്രസ് കുത്തക നിലനിർത്തിയെങ്കിലും ഭൂരിപക്ഷത്തിൽ വൻ ഇടിവുണ്ടായി. പാർട്ടി സ്ഥാനാർഥി ഇ. അന്നപൂർണ തുക്കാറാം 9649 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബംഗാര ഹനുമന്തയ്യയെ പരാജയപ്പെടുത്തിയത്. ഇ. തുക്കാറാം ലോക്സഭ അംഗമായതിനെത്തുടർന്ന് എം.എൽ.എ സ്ഥാനം രാജിവെച്ച ഒഴിവിലാണ് ഈ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് നടന്നത്. തുക്കാറാമിന്റെ ഭാര്യയാണ് അന്നപൂർണ.
ചന്നപട്ടണ
- സി.പി. യോഗേശ്വര
(കോൺഗ്രസ്)
ഭൂരിപക്ഷം -25,413.
ഷിഗാവ്
- യാസിർ അഹ്മദ് ഖാൻ പതാൻ
(കോൺഗ്രസ്)
ഭൂരിപക്ഷം -13,448.
സന്ദൂർ
- ഇ. അന്നപൂർണ തുക്കാറാം
(കോൺഗ്രസ്)
ഭൂരിപക്ഷം -9649.
2023ലെ തെരഞ്ഞെടുപ്പ് ഫലം
ചന്നപട്ടണ
- എച്ച്.ഡി. കുമാര സ്വാമി (ജെ.ഡി.എസ്) -96,592
- സി.പി. യോഗേശ്വര (ബി.ജെ.പി) -80,677
ഷിഗാവ്
- ബസവരാജ് ബൊമ്മൈ (ബി.ജെ.പി) 1,00,016
- യാസിർ അഹ്മദ് ഖാൻ പതാൻ (കോൺഗ്രസ്) -64,038
സന്ദൂർ
- ഇ. തുക്കാറാം (കോൺഗ്രസ്) -85,223
- ശിൽപ രാഘവേന്ദ്ര (ബി.ജെ.പി) -49,701
വികസന-ക്ഷേമ പദ്ധതികൾക്കുള്ള അംഗീകാരം -ഡി.കെ. ശിവകുമാർ
ബംഗളൂരു: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രകടന പത്രികയിൽ പറഞ്ഞ ഉറപ്പുകൾ പാലിച്ചതിന് ജനങ്ങൾ നൽകിയ പാരിതോഷികമാണ് മൂന്ന് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.
വികസന-ക്ഷേമ പദ്ധതികളുമായി മുന്നോട്ടുപോവുന്ന സർക്കാറാണിത്. 2028ൽ നടക്കുന്ന അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കർണാടക തൂത്തുവാരും. നടപ്പ് നിയമസഭയിൽ കോൺഗ്രസ് അംഗങ്ങളുടെ എണ്ണം 138 ആയി ഉയർന്നു. പ്രതിപക്ഷം സഹകരിച്ചാൽ കൂടുതൽ വികസന, ക്ഷേമ പദ്ധതികൾ നടപ്പാക്കാൻ സർക്കാറിന് സാധിക്കും. സർക്കാറിന്റെ കൈയിൽ പണമില്ല, വികസനമില്ല എന്നൊക്കെയാണ് പ്രതിപക്ഷ പ്രചാരണം. വികസന മേഖലയിൽ 56,000 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ഓരോ മണ്ഡലത്തിലും 225 മുതൽ 250 വരെ കോടി രൂപ. ഇനിയെങ്കിലും പ്രതിപക്ഷം അടിസ്ഥാനരഹിത ആരോപണങ്ങൾ അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷൻ കൂടിയായ ശിവകുമാർ പറഞ്ഞു.
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മാധ്യമങ്ങളോട് സംസാരിക്കുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ, രൺദീപ് സുർജെവാല എന്നിവർ സമീപം
ജനങ്ങളുടെ കോടതി വിധി -സിദ്ധരാമയ്യ
ബംഗളൂരു: കർണാടകയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭ മണ്ഡലങ്ങളിൽ കോൺഗ്രസ് നേടിയ വിജയം ജനങ്ങളുടെ കോടതി വിധിയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.
ചന്നപട്ടണ, ഷിഗാവ്, സന്ദൂർ മണ്ഡലങ്ങളിലെ ഫലമറിഞ്ഞ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് കോടതികളേക്കാൾ ഉന്നതം ജനകീയ കോടതിയാണെന്നുപറഞ്ഞത് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയാണ്. ആ വിധിയാണ് ജനങ്ങൾ തന്നത്. ബി.ജെ.പിയും ജെ.ഡി.എസും തമ്മിലുള്ള കെട്ട കൂട്ടുകെട്ടിന് എതിരായ വിധി കൂടിയാണിത്. മണ്ഡലങ്ങൾ മൂന്നാണെങ്കിലും അവ വ്യത്യസ്ത മേഖലകളിലാണ്. കല്യാണ കർണാടകയിലാണ് സന്ദൂർ. കിത്തൂർ കർണാടക മേഖലയിലാണ് ഷിഗാവ്. ചന്നപട്ടണയാവട്ടെ പഴയ മൈസൂരു മേഖലയിലും. ഈ ഘടകങ്ങൾ പരിഗണിച്ചാൽ കോൺഗ്രസ് നേടിയത് ചരിത്ര വിജയമാണ്. ജനപക്ഷ സർക്കാറിന്റെ ജനപ്രിയ പദ്ധതികളെ പരിഹസിക്കുകയും തുരങ്കം വെക്കുകയുമാണ് ഒന്നര വർഷമായി ബി.ജെ.പി ചെയ്തുപോന്നതെന്ന് സിദ്ധരാമയ്യ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

