ജി.ഡി.പി വളർച്ചയിലെ പെരുപ്പം: ചോദ്യങ്ങളുമായി കോൺഗ്രസ്
text_fieldsന്യൂഡൽഹി: ജി.ഡി.പി വളര്ച്ചാനിരക്കില് ഇന്ത്യയുടെ കുതിപ്പെന്ന് അവകാശപ്പെട്ട് കഴിഞ്ഞ ദിവസം കേന്ദ്ര സ്ഥിതിവിവര മന്ത്രാലയം പുറത്തുവിട്ട കണക്ക് ചോദ്യം ചെയ്ത് കോൺഗ്രസ്. വളർച്ചാ നിരക്ക് കണക്കാക്കുമ്പോൾ മുൻ വർഷത്തെ വളർച്ചാ തോതുമായുള്ള താരതമ്യം പ്രധാനമാണെന്നും സൂക്ഷ്മമായി പരിശോധിച്ചാൽ മുൻ വർഷത്തെ ആദ്യപാദത്തിലെ കണക്ക് ഒരു തവണയല്ല, നാല് തവണ പുതുക്കിയതായി കാണാമെന്നും കോൺഗ്രസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഏകദേശം 86 ലക്ഷം കോടി രൂപയെന്ന കണക്ക് 80 ലക്ഷം കോടിയായി വെട്ടിച്ചുരുക്കി. അതായത് താരതമ്യം ചെയ്യുന്ന മുൻ വർഷത്തെ അടിസ്ഥാന സംഖ്യ ചുരുക്കി ക്കാണിക്കുമ്പോൾ സ്വാഭാവികമായും ഈ വർഷത്തെ സംഖ്യ യഥാർഥത്തിൽ ഉള്ളതിനേക്കാൾ പെരുപ്പിച്ച് കാണിക്കാൻ കഴിയും. ആർക്കും മനസ്സിലാകുന്ന ലളിതമായ കണക്കാണ് ഇതെന്നും, അത് സാമ്പത്തിക വളർച്ചയല്ലെന്നും കോൺഗ്രസ് പറയുന്നു.
ഇതേ വസ്തുതയാണ് മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് ചൂണ്ടിക്കാട്ടിയത്. അടിസ്ഥാന വർഷത്തെ കണക്ക് പുതുക്കാതിരുന്നെങ്കിൽ ഈ വർഷം ആദ്യപാദത്തിലെ സ്വാഭാവിക വളർച്ച 2.6 ശതമാനം ആയിരുന്നേനെയെന്നാണ് അദ്ദേഹം വിശദമാക്കിയത്. അതിൽ നിന്ന് വിലക്കയറ്റത്തിന്റെ കണക്ക് എടുത്തുമാറ്റിയാൽ യഥാർഥ വളർച്ചാ തോത് പൂജ്യമായിരിക്കും, 7.8 ന്റെ അടുത്തെങ്ങുമെത്തില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് വ്യക്തമാക്കി.
ഈ വർഷം മാത്രമല്ല, കഴിഞ്ഞ നാല് വർഷമായി സർക്കാർ ജി.ഡി.പി വളർച്ച പെരുപ്പിച്ച് കാണിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. നാല് വർഷത്തിൽ 43 ലക്ഷം കോടി രൂപയുടെ വെട്ടിച്ചുരുക്കൽ വരുത്തിയാണ് ജി.ഡി.പി പുതുക്കിയത്. അതായത് ജി.ഡി.പിയിൽ ഉൾപ്പെടുത്തിയ 43 ലക്ഷം കോടി രൂപ മതിപ്പുള്ള ചരക്ക് സേവനങ്ങൾ ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നു. യഥാർഥ ജി.ഡി.പി കണക്കാക്കിയപ്പോൾ വിലക്കയറ്റത്തിന്റെ ആഘാതം കുറച്ചുകാട്ടിയതിന്റെ യുക്തിയെന്താണെന്ന് ചോദിച്ച ജയ്റാം രമേശ് അതിന് സർക്കാർ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

