ന്യൂഡൽഹി: അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസും ബി.ജെ.പിയും ഒരുപോലെയാണെന്ന വിമർശനവുമായിആം ആദ്മി പാർട്ടി. കോൺഗ്രസ് രാജ്യത്തെ കൊള്ളയടിച്ചു, അധികാരത്തിലെത്തിയതിന് ശേഷം ബി.ജെ.പിയും ഇത് ആവർത്തിക്കുന്നുവെന്ന് ആം ആദ്മി പാർട്ടി ട്വീറ്റ് ചെയ്തു.
കാർഷിക ബില്ലിൽ ഇരുപാർട്ടികൾക്കുമെതിരെ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ രംഗത്തെത്തിയതിന് പിന്നാലെയാണ് ട്വിറ്ററിലേയും വിമർശനം. കാർഷിക നിയമങ്ങളുണ്ടാക്കുേമ്പാഴുള്ള കമ്മിറ്റിയിൽ ഒരു ദേശീയ പാർട്ടിയുടെ നേതാവുമുണ്ടായിരുന്നു. അന്ന് ബി.ജെ.പിയെ അഭിനന്ദിച്ച നേതാവ് നിയമം എന്തായാലും പാസാക്കണമെന്നും പറഞ്ഞു. ഇപ്പോൾ നിയമം പാസായപ്പോൾ അവർ അതിനെതിരെ സമരം നടത്തുകയാണെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
മൂന്ന് കാർഷിക നിയമങ്ങളും പിൻവലിച്ചാൽ മാത്രമേ സമരങ്ങൾ അവസാനിക്കുകയുളളുവെന്നും കെജ്രിവാൾ ജന്ദർ മന്ദിറിൽ തിങ്കളാഴ്ച നടത്തിയ പ്രസംഗത്തിൽ പറഞ്ഞിരുന്നു. പഞ്ചാബിൽ നിന്നുള്ള കർഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.