ഏജൻസികൾ വഴി ‘സമ്മർദ പിരിവ്’: അന്വേഷിക്കണമെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: കേന്ദ്ര അന്വേഷണ ഏജൻസികളെ ഇറക്കിവിട്ട് 30 കമ്പനികളിൽനിന്ന് സമ്മർദ പിരിവ് നടത്തിയിട്ടുണ്ടെന്നും, ഇത്തരത്തിൽ ബി.ജെ.പിക്ക് 335 കോടി രൂപ കിട്ടിയതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കോൺഗ്രസ്. ധനമന്ത്രി നിർമല സീതാരാമന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അന്വേഷണം ആവശ്യപ്പെട്ട് കത്തയച്ചു.
ബി.ജെ.പിക്ക് കിട്ടിയ സംഭാവനയും സി.ബി.ഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ് എന്നിവയുടെ നടപടിയുമായി സംശയാസ്പദ ബന്ധമുണ്ടെന്ന് കത്തിൽ പറഞ്ഞു. സംഭാവന സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന് മുമ്പാകെയുള്ള രേഖകൾ മുൻനിർത്തിയാണ് ആരോപണം. കഴിഞ്ഞ 10 വർഷമായി രാഷ്ട്രീയ നേതാക്കൾക്കെതിരായ ഇ.ഡി കേസുകളിൽ നാലിരട്ടി വർധനയുണ്ടായി. പ്രതിപക്ഷ നേതാക്കൾക്കു നേരെയുള്ള കേസുകളാണ് 95 ശതമാനവും.
കത്തിൽ ചൂണ്ടിക്കാട്ടിയ മറ്റുകാര്യങ്ങൾ:
2018-19 മുതൽ 2022-23 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ അന്വേഷണ ഏജൻസികളുടെ നടപടി നേരിട്ട 30 കമ്പനികൾ 335 കോടി രൂപ ബി.ജെ.പിക്ക് സംഭാവന ചെയ്തു. റെയ്ഡ് നടക്കുന്നതിനു മുമ്പ് ഒരിക്കലും ബി.ജെ.പിക്ക് സംഭാവന നൽകാത്തവയാണ് ഇതിൽ 23 കമ്പനികൾ. അവർ നൽകിയത് 187.58 കോടി. അന്വേഷണ ഏജൻസി കടന്നുചെന്ന് നാലു മാസത്തിനകം ഒമ്പതു കോടിയിൽപരം രൂപ നാലു കമ്പനികൾ ബി.ജെ.പിക്ക് സംഭാവന ചെയ്തു. തെരച്ചിലിനുശേഷം വൻതുക സംഭാവന ചെയ്തവയാണ് ആറു കമ്പനികൾ. മുമ്പ് സംഭാവന നൽകിയെങ്കിലും ഒരു വർഷം നൽകാൻ വിട്ടുപോയ ആറു കമ്പനികൾ അന്വേഷണ ഏജൻസി നടപടി നേരിട്ടു. ഇതത്രയും സമ്മർദ പിരിവിന് തെളിവാണ്.
ഈ കമ്പനികൾക്കെതിരായ നടപടി നിയമവിരുദ്ധമാണെന്ന് ആരോപിക്കുന്നില്ല. എന്നാൽ, ഇ.ഡി കേസ് നേരിടുന്ന കമ്പനികൾ ബി.ജെ.പിക്ക് സംഭാവന നൽകുന്നത് അന്വേഷണവിധേയമാക്കണം. ബി.ജെ.പിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

