ന്യൂഡൽഹി: പതിവിനു വിപരീതമായി വീറോടെ ഇഞ്ചോടിഞ്ചു പോരാടിയ കോൺഗ്രസിന് കർണാടകത്തിൽ മികച്ച രാഷ്ട്രീയ നേട്ടം. ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷ നിരയെ നയിക്കാനുള്ള ശേഷി അവകാശപ്പെടാൻ കർണാടകത്തിലെ അസാധാരണ നീക്കങ്ങൾ കോൺഗ്രസിന് മുതൽക്കൂട്ടാകും.
ഗോവയിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ബി.ജെ.പി അധികാരം തട്ടിയെടുക്കുേമ്പാൾ അന്തംവിട്ടുനിന്ന കോൺഗ്രസിനെയല്ല കർണാടകത്തിൽ കണ്ടത്. ഭരണത്തിലിരുന്ന സംസ്ഥാനത്ത് 50ഒാളം സീറ്റുകൾ നഷ്ടപ്പെട്ട് തോറ്റുപോയ കോൺഗ്രസ്, വോെട്ടണ്ണലിനു ശേഷമുള്ള നാടകീയ മണിക്കൂറുകളിൽ ആവനാഴിയിലെ മുഴുവൻ അസ്ത്രങ്ങളുമെടുത്ത് വീരോചിതം പോരാടി.
ബി.ജെ.പിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷമില്ലെന്നു തെളിഞ്ഞയുടൻ ജനതാദൾ-എസുമായി കൈകോർത്ത് കേവലഭൂരിപക്ഷമുള്ള സഖ്യമുണ്ടാക്കിയത് കാവിപ്പാർട്ടിയെ രാഷ്ട്രീയമായി പിന്തള്ളുന്ന നിർണായക ചുവടുവെപ്പായി. അവസാന കണക്കുകൾ വന്ന ശേഷം, ജെ.ഡി.എസ് നേതാവ് കുമാരസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിച്ച് സഖ്യം രൂപപ്പെടുത്താൻ തയാറാണെന്ന കോൺഗ്രസിെൻറ പ്രഖ്യാപനമാണ് വഴിത്തിരിവായത്. ത്രികോണ മത്സരത്തിൽ ഉൾപ്പെട്ട രണ്ടു പാർട്ടികൾ ചേർന്ന് സർക്കാറുണ്ടാക്കാൻ പോകുേമ്പാൾ, കേവല ഭൂരിപക്ഷം തികക്കാൻ പതിവു കുറുക്കുവഴികൾ പോരെന്ന് അറിഞ്ഞിട്ടും അധികാരം പിടിച്ചടക്കാൻ പരവേശം കാണിച്ച ബി.ജെ.പിയെ കോൺഗ്രസും ജെ.ഡി.എസും ചേർന്ന് നിയമപരമായ വഴികളിൽ തളക്കുന്നതാണ് പിന്നീടു കണ്ടത്.
പാതിരാത്രിയും സുപ്രീംകോടതിയുടെ വാതിലിൽ മുട്ടിവിളിച്ച് കോൺഗ്രസ് നിയമപോരാട്ടം മുന്നോട്ടുനീക്കി. ഗോവ, മണിപ്പൂർ എന്നിവിടങ്ങളിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും മറ്റു ചെറുപാർട്ടികളെ സ്വാധീനിച്ച് ബി.ജെ.പി അധികാരം തട്ടിയെടുത്തപ്പോൾ മിഴിച്ചുനിന്ന കോൺഗ്രസ് പ്രതിപക്ഷ നിരയിൽനിന്ന് കടുത്ത വിമർശനം ഏറ്റുവാങ്ങിയിരുന്നു. അതിൽ നിന്നുള്ള വാശിയും കർണാടകത്തിലെ പലവിധ സാധ്യതകളുമാണ് കോൺഗ്രസിനെ നയിച്ചത്.
കേവല ഭൂരിപക്ഷമുള്ള സഖ്യത്തെ പിന്തള്ളി, ഏറ്റവും വലിയ ഒറ്റക്കക്ഷിയെ ക്ഷണിച്ച ഗവർണറുടെ വിവേചനാധികാരത്തിൽ സുപ്രീംകോടതി ഇടപെട്ടില്ലെങ്കിലും, ബി.ജെ.പി മുഖ്യമന്ത്രി യെദിയൂരപ്പക്ക് നിയമസഭയിൽ വിശ്വാസ വോട്ടു തേടാൻ അനുവദിച്ച 15 ദിവസത്തെ സാവകാശം 24 മണിക്കൂറാക്കി വെട്ടിച്ചുരുക്കാൻ സുപ്രീംകോടതി കയറിയതിലൂടെ കോൺഗ്രസിനു സാധിച്ചു. ബി.ജെ.പി റാഞ്ചാൻ ശ്രമിച്ച രണ്ട് എം.എൽ.എമാരെ ‘തടങ്കലിൽനിന്നു മോചിപ്പിച്ച്’ നിയമസഭയിൽ എത്തിച്ചതടക്കം, പണത്തിനും മന്ത്രിസ്ഥാനങ്ങൾക്കും മുന്നിൽ എം.എൽ.എമാരെ ആടാതെ പിടിച്ചുനിർത്താൻ കഴിഞ്ഞതും കർണാടക രാഷ്ട്രീയത്തിലെ വലിയ നേട്ടമാണ്. യെദിയൂരപ്പ തന്നെ നേരിട്ടു മന്ത്രിസ്ഥാനങ്ങൾ വാഗ്ദാനം ചെയ്തും മറ്റും സ്വാധീനിക്കുന്നതടക്കമുള്ള ഒാഡിയോ പുറത്തുവിട്ടും ബി.ജെ.പിയെ തുറന്നുകാട്ടാൻ എതിർചേരിക്ക് സാധിച്ചു.