ന്യൂഡല്‍ഹി: രാജ്യസഭ ഉപാധ്യക്ഷസ്ഥാനത്തേക്ക് പ്രതിപക്ഷത്തിെൻറ സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ കോണ്‍ഗ്രസ് തീരുമാനം.
ഇതിനായി മറ്റു പ്രതിപക്ഷ കക്ഷികളെ സമീപിക്കാൻ വര്‍ഷകാല സമ്മേളനത്തിലെ പാര്ട്ടിതന്ത്രങ്ങള് ആവിഷ്കരിക്കാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെൻററി സ്ട്രാറ്റജി ഗ്രൂപ് യോഗത്തില്‍ തീരുമാനമായി. ജനതാദള്‍ യു. നേതാവായിരുന്ന ഹരിവന്ഷ് റായിയുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് രാജ്യസഭ ഉപാധ്യക്ഷെൻറ പദവിയില്‍ ഒഴിവുവന്നത്.
രാഹുല്‍ ഗാന്ധി, മന്മോഹന് സിങ്, ഗുലാം നബി ആസാദ്, അധിര്‍ രഞ്ജന്‍ ചൗധരി, ആനന്ദ് ശര്‍മ, ജയറാം രമേശ് തുടങ്ങിയവര്‍ സ്ട്രാറ്റജി ഗ്രൂപ് യോഗത്തില്‍ പങ്കെടുത്തു.
വിവാദ കത്തെഴുതിയ നേതാക്കളും ഒൗദ്യോഗിക നേതൃത്വവും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം ആദ്യമായി മുഖാമുഖം ഇരുന്ന യോഗം കൂടിയായിരുന്നു ഇത്.
ചോദ്യോത്തരവേള വീണ്ടെടുക്കണമെന്ന ആവശ്യവും ഉന്നയിക്കാനും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് രണ്ടാമതെത്തിയ വിഷയവും പാര്‍ലമെൻറിൽ ഉന്നയിക്കും. അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റവും പാര്‍ട്ടി ഉയര്‍ത്തും.
സോണിയ ഗാന്ധിയുടെ ആമുഖത്തോടെയാണ് യോഗം ആരംഭിച്ചത്. സര്‍ക്കാറിനെതിരെ സഭയില്‍ ആക്രമണം നടത്താന്‍ സംയുക്ത പ്രതിപക്ഷമായി നില്ക്കുക എന്ന ആശയമാണ് കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത്. ഇതിനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിന് മറ്റു പാര്‍ട്ടി നേതാക്കളുടെ യോഗവും കോണ്‍ഗ്രസ് ഉടന്‍ വിളിക്കും.