500 രൂപക്ക് എൽ.പി.ജി, കാർഷിക വായ്പ എഴുതിത്തള്ളൽ; ഗുജറാത്തിൽ വൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ്
text_fieldsഅഹ്മദാബാദ്: രണ്ടു പതിറ്റാണ്ടിലേറെയായി പാർട്ടിക്ക് ഭരണം കൈവിട്ടുകിടക്കുന്ന ഗുജറാത്തിൽ വൻ വാഗ്ദാനങ്ങളുമായി കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. 10 ലക്ഷം തൊഴിൽ മുതൽ 500 രൂപക്ക് പാചകവാതകം വരെ നിരവധി വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിൽ മുന്നോട്ടുവെക്കുന്നത്. ശനിയാഴ്ച അഹ്മദാബാദിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് പുറത്തിറക്കിയ പത്രികയിൽ പ്രതിമാസം 300 യൂനിറ്റ് സൗജന്യ വൈദ്യുതി, 3000 രൂപ തൊഴിലില്ലായ്മ വേതനം, മൂന്നു ലക്ഷം രൂപവരെ കാർഷിക വായ്പ എഴുതിത്തള്ളൽ, എൽ.കെ.ജി മുതൽ ബിരുദാനന്തര ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം തുടങ്ങിയവയും മുന്നോട്ടുവെക്കുന്നു.
വിളകൾക്ക് മിനിമം താങ്ങുവില നിശ്ചയിക്കാൻ പ്രത്യേക സമിതി രൂവത്കരിക്കുമെന്നും നൂറുകണക്കിന് ജനങ്ങളുടെ ആവശ്യം ചോദിച്ചറിഞ്ഞാണ് പത്രിക തയാറാക്കിയതെന്നും, സംസ്ഥാനത്ത് തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുതിർന്ന നിരീക്ഷകൻ കൂടിയായ ഗഹ്ലോട്ട് അഹ്മദാബാദിൽ പറഞ്ഞു.
''സർക്കാർ ജോലിയിൽ കരാർ നിയമനവും പുറംകരാർ നൽകലും അവസാനിപ്പിക്കും. ആരോഗ്യ മേഖലയിൽ അനിയന്ത്രിത സ്വകാര്യവൽക്കരണമെന്ന മനോഭാവത്തിന് കോൺഗ്രസ് തടയിടും.'' -അദ്ദേഹം വിശദീകരിച്ചു. സർക്കാർ ജീവനക്കാരായിരുന്നവർക്ക് ഓൾഡ് പെൻഷൻ സ്കീം നടപ്പാക്കുമെന്ന് പറഞ്ഞ അദ്ദേഹം, രാഹുൽ ഗാന്ധി മുന്നോട്ടുെ്വക്കുന്ന എട്ടു വാഗ്ദാനങ്ങളാണ് പ്രകടനപത്രികയുടെ കാതലെന്നും കൂട്ടിച്ചേർത്തു.
182 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഡിസംബർ ഒന്ന്, അഞ്ച് തീയതികളിൽ രണ്ടു ഘട്ടമായാണ് നടക്കുക. ഡിസംബർ എട്ടിനാണ് വേട്ടെണ്ണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

