മണിപ്പൂരിൽ നേതാക്കളെ അയച്ച് കോൺഗ്രസ് അക്രമം അഴിച്ചുവിടാൻ ശ്രമിക്കുന്നു - അനുരാഗ് താക്കൂർ
text_fieldsന്യൂഡൽഹി: മണിപ്പൂരിൽ നേതാക്കളെ അയച്ച് അക്രമം അഴിച്ചുവിടുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. രാജ്യത്ത് സമാധാനം നിലനിർത്താൻ ചില പാർട്ടികൾക്ക് താത്പര്യമില്ല. ദിവസങ്ങളായി പ്രശ്നമൊന്നുമില്ലാത്ത പ്രദേശത്തേക്ക് നേതാക്കളെ അയച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് പാർട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"കഴിഞ്ഞ 10 ദിവസമായി മണിപ്പൂരിൽ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ നേതാക്കളെ അവിടേക്കയച്ച് പ്രദേശത്ത് അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ചില പാർട്ടികൾക്ക് രാജ്യത്ത് സമാധാനമുണ്ടാകുന്നതിനോട് വിയോജിപ്പാണ്. കോൺഗ്രസ് അതിലൊന്നാണ്" - താക്കൂർ പറഞ്ഞു. ഹിമാചലിലെ കോൺഗ്രസ് സർക്കാർ ദുരിതബാധിത സമയത്തും ഒരു പൗരനെയും സമാധാനത്തോടെ ജിവിക്കാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്‍റെ മണ്ഡലമായ ഹമിർപൂരിൽ നാല് ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു താക്കൂർ. ഹിമാചലിലെല ജനങ്ങളെ സഹായിക്കാൻ കേന്ദ്രസർക്കാർ ശ്രമം ഊർജിതമാക്കുകയാണ്. ഹിമാചലിനോട് പ്രത്യേക പരിഗണനയുള്ള വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ മന്ത്രിമാരോടും സംസ്ഥാനത്തെ ജനങ്ങൾക്കാവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.