മോദിയുടെ ജന്മദിനം കോൺഗ്രസ് 'ദേശീയ തൊഴിലില്ലായ്മ ദിന'മായി ആചരിക്കും
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 72ാം ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിക്കാൻ തീരുമാനിച്ച് കോൺഗ്രസ്. ''ഇന്ത്യയിൽ തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായിരിക്കുന്നു. 45 വർഷത്തിനിടെ ആദ്യമായാണ് തൊഴിലില്ലായ്മ ഇത്രയും പാരമ്യതയിലെത്തുന്നത്. യുവാക്കളുടെ ആഗ്രഹങ്ങളെ കുറിച്ച് മനസിലാക്കുകയാണ് ഭാരത് ജോഡോ യാത്രയുടെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്ന്. പ്രധാനമന്ത്രിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നു''-എന്നാണ് ഇതെ കുറിച്ച് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധിയുടെ വിശദീകരണം.
വിദ്വേഷ രാഷ്ട്രീയത്തിന്റെ ഫലമായാണ് ഇന്ത്യ രൂക്ഷമായ തൊഴിലില്ലായ്മ നേരിടേണ്ടി വന്നതെന്നും ഭാരത് ജോഡോ യാത്രയിൽ വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവെ രാഹുൽ ചൂണ്ടിക്കാട്ടി.
വിദ്വേഷം നിറഞ്ഞുനിൽക്കുന്ന ഒരു രാഷ്ട്രത്തിൽ ഒരിക്കലും പുരോഗതിയുണ്ടാകില്ല. ഭാരതത്തെ നശിപ്പിക്കാൻ ആർ.എസ്.എസിനെയും ബി.ജെ.പിയെയും അനുവദിക്കില്ല എന്നതിന്റെ ഉറപ്പാണ് ഭാരത് ജോഡോ യാത്രയിലെ ജനപങ്കാളിത്തം സൂചിപ്പിക്കുന്നത്. ഒരു കുടുംബത്തിനകത്തു തന്നെ കലഹമുണ്ടായാൽ ഉണ്ടാകുന്ന കാര്യങ്ങളെ കുറിച്ച് ഓർത്തുനോക്കൂ. ആ കുടുംബത്തിൽ ഒരു പുരോഗതിയും ഉണ്ടാകില്ല. ആ കുടുംബത്തെ എളുപ്പത്തിൽ നശിപ്പിക്കാനും കഴിയും.-രാഹുൽ വിശദീകരിച്ചു.
രാജ്യത്തെ ഒന്നിപ്പിക്കാൻ കഴിഞ്ഞാൽ തൊഴിലില്ലായ്മയും വിലക്കയറ്റവും തടയാൻ സാധിക്കും. വിദ്വേഷവും പുരോഗതിയും തമ്മിലുള്ള ബന്ധം മനസിലാക്കുക എന്നതാണ് ഇതിന്റെ ആദ്യ പടിയെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
യുവാക്കളുടെ രാജ്യമാണ് നമ്മുടേത്. യുവതയാണ് നമ്മുടെ ശക്തി. യുവാക്കളുടെ ഊർജം ശരിയായ രീതിയിൽ വിനിയോഗിക്കപ്പെട്ടാൽ നമ്മുടെ രാജ്യം പുരോഗതിയിലേക്ക് കുതിക്കും. എന്നാൽ 45 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് നമ്മുടെ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത്. വിദ്യാസമ്പന്നരായ യുവാക്കൾ തൊഴിൽ തേടി അലയുകയാണ്. അവർക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു. യുവതയുടെ ശക്തി തിരിച്ചറിഞ്ഞ് നാടിന്റെ നട്ടെല്ലായ അവരുടെ ആവശ്യം നിറവേറ്റൽ നമ്മുടെ കടമയാണ്.-എന്ന് പിന്നീട് രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു.
എല്ലാവർഷവും രണ്ടു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കും എന്ന് വാഗ്ദാനം നൽകിയാണ് പ്രധാനമന്ത്രി അധികാരത്തിലേറിയത്. എന്നാൽ ഇപ്പോൾ അദ്ദേഹം പ്രതിമകൾ അനാഛാദനം ചെയ്യാനും പ്രതിപക്ഷ സർക്കാരുകളെ ഇല്ലാതാക്കാനുമുള്ള തിരക്കുപിടിച്ച പ്രവർത്തനങ്ങളിലാണ്. യുവാക്കൾ തെരുവിൽ അലയുകയാണ്. അവരുടെ ആശങ്കകളെ കുറിച്ച് സർക്കാരിന് ഒരു ധാരണയുമില്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

