Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅവസാന സാന്നിധ്യവും...

അവസാന സാന്നിധ്യവും വഴിമാറുന്നു; ഗുജറാത്തിൽനിന്ന് ഇനി കോൺഗ്രസിന് രാജ്യസഭ പ്രാതിനിധ്യമില്ല

text_fields
bookmark_border
അവസാന സാന്നിധ്യവും വഴിമാറുന്നു; ഗുജറാത്തിൽനിന്ന് ഇനി കോൺഗ്രസിന് രാജ്യസഭ പ്രാതിനിധ്യമില്ല
cancel

ഗാന്ധിനഗർ: ഗുജറാത്ത് നിലവിൽവന്നശേഷം 66 വർഷത്തെ ചരിത്രത്തിൽ ആദ്യമായി, സംസ്ഥാനത്തുനിന്നുള്ള രാജ്യസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്താനാകാതെ കോൺഗ്രസ്. ഇതോടെ ജൂൺ 18ന് നടക്കുന്ന നാല് സീറ്റുകളിലും ബി.ജെ.പി സ്ഥാനാർഥികൾ എതിരില്ലാതെ വിജയിക്കാൻ വഴിയൊരുങ്ങി.

നിലവിലെ കോൺഗ്രസ് എം.പി ശക്തിസിങ് ഗോഹിലിന്റെ കാലാവധി ജൂൺ 21ന് അവസാനിക്കുന്നതോടെ, ഗുജറാത്തിൽ നിന്നുള്ള കോൺഗ്രസിന്റെ രാജ്യസഭ പ്രാതിനിധ്യം പൂർണമായും ഇല്ലാതാകും. സംസ്ഥാനത്തെ ആകെ 11 രാജ്യസഭ സീറ്റുകളും ഇനി ബി.ജെ.പിയുടെ കൈകളിലായിരിക്കും.

സംസ്ഥാനത്തുനിന്ന് ഒരു രാജ്യസഭ സ്ഥാനാർഥിക്ക് ജയിക്കാൻ കുറഞ്ഞത് 37 എം.എൽ.എമാരുടെ പിന്തുണ വേണമെന്നിരിക്കെ, 12 എം.എൽ.എമാർ മാത്രമുള്ള കോൺഗ്രസിന് മത്സരം ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. ഈ യാഥാർഥ്യം ഉൾക്കൊണ്ടാണ് പാർട്ടി മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയത്. ബി.ജെ.പി സ്ഥാനാർഥികളായ രാജു ശുക്ല, മാൻസിങ് പാർമർ, മുകേഷ് റാത്തവ, ജിതേന്ദ്ര കൻസാരിയ എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നവർ.

182 അംഗ ഗുജറാത്ത് നിയമസഭയിലേക്ക് 2022ൽ നടന്ന തെരഞ്ഞെടുപ്പിൽ 156 ലും വിജയിച്ചാണ് ബി.​ജെ.പി ഭരണം നിലനിർത്തിയത്. കോൺഗ്രസ് 17 സീറ്റിൽ ഒതുങ്ങി. പിന്നീട് കോൺഗ്രസിലെ ആറ് എം.എൽ.എമാർ കൂടുമാറിയതോടെ ബി.ജെ.പി അംഗസംഖ്യ 162ലേക്ക് ഉയർന്നു. ആം ആദ്മി പാർട്ടി നാല്, സമാജ്‍വാദി പാർട്ടി ഒന്ന് എന്നിങ്ങനെയാണ് മറ്റു കക്ഷിനില.

2017-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 77 സീറ്റുകൾ നേടി ബി.ജെ.പിക്ക് ശക്തമായ വെല്ലുവിളി ഉയർത്തിയ കോൺഗ്രസിന് പിന്നീട് കനത്ത തകർച്ചയാണ് നേരിട്ടത്. 2022ൽ മുഖ്യപ്രതിപക്ഷ സ്ഥാനത്തിന് വേണ്ട 10 ശതമാനം സീറ്റുകൾ (19) പോലും നേടാൻ പാർട്ടിക്ക് കഴിഞ്ഞില്ല. ഇതിന് പിന്നാലെ പ്രമുഖ നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിട്ടത് കോൺഗ്രസിനെ കൂടുതൽ ദുർബലമാക്കി. ഹാർദിക് പട്ടേൽ (2022), അൽപേഷ് ഠാക്കൂർ (2019), സി.ജെ. ചാവ്ദ (2024) എന്നിവർ ഇതിനകം ബി.ജെ.പിയിൽ ചേക്കേറി.

നാല് പതിറ്റാണ്ടുകാലം കോൺഗ്രസിൽ പ്രവർത്തിച്ച മുൻ പ്രതിപക്ഷ നേതാവും സംസ്ഥാന അധ്യക്ഷനുമായിരുന്ന അർജുൻ മോദ്‌വാദിയ 2024 മാർച്ചിൽ ബി.ജെ.പിയിൽ ചേർന്നു. ഇപ്പോൾ സംസ്ഥാന വനം-പരിസ്ഥിതി മന്ത്രിയാണ്.

കോൺഗ്രസ് ഇപ്പോൾ ഒരു എൻ.ജി.ഒ ആയി മാറിക്കൊണ്ടിരിക്കുകയാണെന്നാണ് മോദ്‌വാദിയയു​ടെ പക്ഷം. പാർട്ടിയെ നയിക്കുന്നത് ഡൽഹിയിൽ നിന്നാണ്. എന്നാൽ, ഒരു രാഷ്ട്രീയ പാർട്ടി വളരേണ്ടത് ബൂത്ത് തലങ്ങളിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു കാലത്ത് ശക്തമായ സ്വാധീനമുണ്ടായിരുന്ന ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിൽ മത്സരിക്കാൻ പോലുമാകാതെ കോൺഗ്രസ് പിൻവാങ്ങുന്നത് പാർട്ടി നേരിടുന്ന കടുത്ത തിരിച്ചടിയെയാണ് കാണിക്കുന്നത്. പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിൽ ബി.ജെ.പിയുടെ മേധാവിത്വം കൂടുതൽ ശക്തിപ്പെടുമ്പോൾ, കോൺഗ്രസിന്റെ സ്വാധീനം ചുരുങ്ങിവരുന്ന കാഴ്ചക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gujarat RS PollCongressBJP
News Summary - Congress to lose its last Rajya Sabha foothold in Gujarat
Next Story