രാഹുൽ ഗാന്ധിയുടെ ജന്മദിനത്തിൽ തൊഴിൽ മേളയുമായി കോൺഗ്രസ്; 150ലേറെ കമ്പനികൾ പങ്കെടുക്കും
text_fieldsന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയുടെ ജന്മദിനമായ ജൂൺ 19ന് യുവാക്കൾക്കായി തൊഴിൽ മേള സംഘടിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. ന്യൂഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ നടക്കുന്ന ‘മെഗാ ജോബ് ഫെയർ 2026’ൽ 150ലധികം സ്വകാര്യ കമ്പനികൾ പങ്കെടുക്കുമെന്നാണ് വിവരം.
ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുമായി സഹകരിച്ച് യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കുന്ന ജോബ് മേള രാവിലെ 10 മണിക്ക് ആരംഭിക്കും. വിവിധ വിദ്യാഭ്യാസ, തൊഴിൽ പശ്ചാത്തലങ്ങളിലുള്ള ഉദ്യോഗാർഥികൾക്ക് അവസരം ഒരുക്കുന്ന തൊഴിൽമേളയിൽ നേരിട്ടുള്ള അഭിമുഖങ്ങളിലും കമ്പനികളുടെ പ്രതിനിധികളുമായുള്ള ആശയവിനിമയങ്ങളിലും പങ്കെടുക്കാനാകും. ഒരേ ദിവസം 5,000 മുതൽ 10,000 വരെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
തൊഴിലില്ലായ്മയും പരീക്ഷാ ക്രമക്കേടുകളും ദേശീയതലത്തിൽ ചർച്ചയാകുന്ന സാഹചര്യത്തിൽ യുവാക്കളുമായി കൂടുതൽ ബന്ധം സ്ഥാപിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. രാജ്യവ്യാപകമായി യുവജനങ്ങളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ട് വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പാർട്ടി പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഉദയ് ഭാനു ചിബ്, ഡൽഹി കോൺഗ്രസ് ജനറൽ സെക്രട്ടറി അനിൽ ഭരദ്വാജ്, യൂത്ത് കോൺഗ്രസ് നേതാക്കളായ അക്ഷയ് ലക്ര, ഖുഷ്ബു ശർമ്മ എന്നിവർ പരിപാടിയുടെ പോസ്റ്റർ അനാച്ഛാദനം ചെയ്യുകയും തൊഴിൽ മേളയുടെ വിശദാംശങ്ങൾ പങ്കുവെക്കുകയും ചെയ്തു.
പത്താം ക്ലാസ് വിജയിച്ചവർ മുതൽ ബിരുദാനന്തര ബിരുദധാരികൾ വരെയുള്ള ഉദ്യോഗാർഥികൾക്ക് അവരുടെ യോഗ്യതകളുടെ അടിസ്ഥാനത്തിൽ അഭിമുഖങ്ങളിൽ പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു. രജിസ്ട്രേഷൻ സൗജന്യമായിരിക്കും. പങ്കെടുക്കുന്ന കമ്പനികൾ അഭിമുഖങ്ങൾ നടത്തുകയും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികൾക്ക് ഓഫർ ലെറ്ററുകൾ നൽകുകയും ചെയ്യുമെന്നും സംഘാടകർ പറഞ്ഞു. ഉദ്യോഗാർഥികളെ സഹായിക്കുന്നതിനായി മേളക്ക് ശേഷം ഒരു മാസത്തേക്ക് ഒരു പ്രത്യേക ഹെൽപ്ലൈൻ പ്രവർത്തിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. സർക്കാർ ജോലികൾ നൽകാൻ കോൺഗ്രസിന് കഴിയില്ലെങ്കിലും, സ്വകാര്യ മേഖലയുമായി ഇടപഴകുന്നതിലൂടെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ഉദയ് ഭാനു ചിബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

