കോൺഗ്രസിൽ ഇനി ഡിജിറ്റൽ അംഗത്വം മാത്രം
text_fieldsറായ്പുർ: കോൺഗ്രസിൽ ഇനി ഡിജിറ്റൽ മെമ്പർഷിപ് മാത്രം. ഈ രീതി 2025 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരും. അംഗത്വ അപേക്ഷയിൽ ഇനി പിതാവിന്റെ പേരിനു പുറമെ അപേക്ഷകന്റെ മാതാവിന്റെയും ഭാര്യയുടെയും പേര് ഉൾപ്പെടുത്തണം. സംഭാവനകളും ഓൺലൈനിൽ. ഇതടക്കം കോൺഗ്രസ് ഭരണഘടനയിൽ ചെറുതും വലുതുമായ 85 ഭേദഗതികളാണ് വരുത്തിയത്.
മാറ്റങ്ങൾ ഇങ്ങനെ: എല്ലാ തലങ്ങളിലും ഭാരവാഹി/പ്രതിനിധികളിൽ 50 ശതമാനം പട്ടിക വിഭാഗ, ഒ.ബി.സി, ന്യൂനപക്ഷ, യുവ, മഹിള വിഭാഗങ്ങൾക്ക് നീക്കിവെക്കണം. ആകെയുള്ളതിൽ പകുതി 50 വയസ്സിൽ താഴെയുള്ളവർക്കും വനിതകൾക്കും നൽകണം.
ബൂത്ത് പ്രാഥമിക യൂനിറ്റ്. അതു കഴിഞ്ഞാൽ ഗ്രാമങ്ങളിൽ പഞ്ചായത്ത് കമ്മിറ്റി; നഗരങ്ങളിൽ വാർഡ് കമ്മിറ്റി. തുടർന്ന് മണ്ഡലം, ബ്ലോക്ക്, ജില്ല, സംസ്ഥാന (പ്രദേശ്) കമ്മിറ്റികൾ. ഇവയുടെ നിർവാഹക സമിതി, പൊതുയോഗം എന്നിവ ചേരുന്ന കാലയളവ് നിശ്ചയിക്കും. ജനപ്രതിനിധികൾക്ക് പാർട്ടി കമ്മിറ്റികളിൽ കൂടുതൽ പ്രാതിനിധ്യം. അവർ ബന്ധപ്പെട്ട കമ്മിറ്റികളിലെ എക്സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും.
പഞ്ചായത്ത്, നഗരസഭ മെംബർമാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയിൽ എക്സ് ഒഫീഷ്യോ അംഗങ്ങൾ. ജില്ല പഞ്ചായത്ത്, നഗരസഭ, ജില്ല സഹകരണ ബാങ്ക് തുടങ്ങിയവയിലെ അംഗങ്ങൾ ഡി.സി.സിയിൽ. ജില്ല പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭ ചെയർമാൻ, ജില്ല സഹകരണ ബാങ്ക്, സംസ്ഥാനതല സഹകരണ-വിപണന സംഘം പ്രസിഡന്റ് തുടങ്ങിയവർ പി.സി.സിയിൽ.പുതിയ സംസ്ഥാനങ്ങൾ വരുകയും കോൺഗ്രസ് അംഗത്വം ഉയരുകയും ചെയ്തുവെന്ന വിശദീകരണത്തോടെ എ.ഐ.സി.സി അംഗങ്ങളുടെ എണ്ണം 1240ൽ നിന്ന് 1653 ആക്കി. എട്ട് പി.സി.സി പ്രതിനിധികൾക്ക് ഒരു എ.ഐ.സി.സി അംഗം എന്നതായിരുന്നു രീതി.
ഇനി ആറു പേർക്ക് ഒരു എ.ഐ.സി.സി അംഗം. കോ-ഓപ്ട് ചെയ്യുന്ന എ.ഐ.സി.സി അംഗങ്ങളുടെ എണ്ണവും ഉയർത്തി. തെരഞ്ഞെടുക്കപ്പെട്ട എ.ഐ.സി.സി അംഗങ്ങളുടെ 15 ശതമാനമെന്നത് 25 ശതമാനമായാണ് വർധന. പ്രവർത്തക സമിതി അംഗങ്ങൾ 23ൽ നിന്ന് 35 ആകും. ഇതിൽ 18 പേരെ തെരഞ്ഞെടുക്കും. പട്ടികജാതി, പട്ടിക വർഗ, ഒ.ബി.സി, ന്യൂനപക്ഷ, യുവ, വനിത വിഭാഗങ്ങൾക്ക് പകുതി സീറ്റ്. തെരഞ്ഞെടുക്കുന്ന 18ൽ ചുരുങ്ങിയത് ആറു പേർ പട്ടികവിഭാഗ, ഒ.ബി.സി, ന്യൂനപക്ഷ, യുവ, വനിത വിഭാഗത്തിൽ നിന്നായിരിക്കണം.
കോൺഗ്രസ് പ്രസിഡന്റും പാർലമെന്ററി പാർട്ടി നേതാവും മറ്റ് 23 പേരും ചേരുന്നതായിരുന്നു ഇതുവരെ പ്രവർത്തക സമിതി. അവർക്കു പുറമെ കോൺഗ്രസ് മുൻപ്രധാനമന്ത്രി, ലോക്സഭയിലെയും രാജ്യസഭയിലെയും പാർട്ടി നേതാവ്, കോൺഗ്രസ് മുൻ പ്രസിഡന്റ് എന്നിവരും പ്രവർത്തക സമിതിയിൽ വരും.പി.സി.സി തലത്തിൽ രാഷ്ട്രീയകാര്യ സമിതി വരും. കോൺഗ്രസ് അംഗത്വ, ഡി.സി.ഡി-പി.സി.സി പ്രതിനിധികളുടെയും എ.ഐ.സി.സി അംഗങ്ങളുടെയും ഫീസ് പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.
അംഗത്വ ഫീസ് 10 രൂപ
റായ്പുർ: കോൺഗ്രസ് അംഗത്വ ഫീസ് അഞ്ചു രൂപയിൽനിന്ന് 10 രൂപയാക്കി. ഡി.സി.സി അംഗങ്ങൾ 500 രൂപ വാർഷിക ഫീസ് നൽകണം. 1,000 രൂപ പി.സി.സി അംഗങ്ങളും 3,000 രൂപ എ.ഐ.സി.സി അംഗങ്ങളും വാർഷിക ഫീസായി നൽകണം. അഞ്ചു ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങളിൽ ഡി.സി.സികളുടെ എണ്ണം ഒന്നിലധികമാവാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

