പ്രസാർ ഭാരതി മുൻ ചെയർമാനെതിരെ വൻ അഴിമതി ആരോപണം; ആരോപണ വിധേയനെ പ്രധാനമന്ത്രി സംരക്ഷിക്കുന്നുവെന്ന് കോൺഗ്രസ്
text_fieldsനവ്നീത് കുമാർ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം
ന്യൂഡൽഹി: പ്രസാര്‍ ഭാരതി ബോര്‍ഡ് ചെയര്‍മാന്‍ പദവിയിൽ നിന്നും രാജിവെച്ച നവ്‌നീത് കുമാര്‍ സെഹ്ഗാളിനെതിരെ ഗുരുതര അഴിമതി ആരോപണം. യു.പി കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ നവ്‌നീത് കുമാർ 2019 നും 2022നും ഇടയിൽ ഉത്തർപ്രദേശ് സർക്കാറിന്റെ പദ്ധതികളിൽ നിന്ന് ഏകദേശം 112 കോടി രൂപ അഴിമതി നടത്തിയ ശൃംഖലയുടെ ഏറ്റവും വലിയ ഗുണഭോക്താവാണെന്ന് ന്യൂസ് ലോണ്ടറി റിപ്പോർട്ടിനെ ഉദ്ധരിച്ച് കോൺഗ്രസ് ചൂണ്ടിക്കാട്ടി.
അഴിമതി സംബന്ധിച്ച് നവ്നീത് കുമാറിനെതിരെ 254 പേജുള്ള രഹസ്യ റിപ്പോർട്ട് ആദായനികുതി വകുപ്പ് യു.പി സർക്കാറിനും ലോകായുക്തക്കും സമർപ്പിച്ചിട്ടും അദ്ദേഹം സംരക്ഷിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് ആസ്ഥാനത്ത് നടന്ന വാർത്തസമ്മേളനത്തിൽ പാർട്ടി വക്താവ് പവൻ ഖേര ചോദിച്ചു.
നവ്നീതിന്റെ രാജി പ്രധാനമന്ത്രിയുടെ ഓഫിസിൽ (പി.എം.ഒ) കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി (ഒ.എസ്ഡി) ആയി സേവനമനുഷ്ഠിച്ചിരുന്ന ഹിരേൻ ജോഷിയുമായി ബന്ധപ്പെട്ട വാതുവെപ്പ് ആപ് വിവാദമാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെന്നും പവൻ ഖേര ചൂണ്ടിക്കാട്ടി.
ഹിരേൻ ജോഷിക്ക് പകരം പി.എം.ഒയുടെ ഒ.എസ്.ഡിയായി നവ്നീത് കുമാറിനെ നിയമിക്കുമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ഇത്രയും വലിയ അഴിമതി ആരോപണം ഉയർന്നിട്ടും നവ്നീത് കുമാറിനെതിരെ നടപടി ഉണ്ടാകുന്നില്ലെന്നും പി.എം.ഒയുടെ ഓഫിസിലേക്ക് നിയമിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2018 മുതൽ 2020 വരെയുള്ള കാലയളവിൽ നവനീത് കുമാറിന്റ കുടുംബം 17.59 കോടി രൂപ വിലമതിക്കുന്ന വസ്തുക്കൾ വാങ്ങി. കടലാസ് കമ്പനിയെന്ന് ആദായ നികുതി വകുപ്പ് സംശയിക്കുന്ന എസ്.ഡി.പി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്നാണ് ഈ വസ്തുക്കൾ വാങ്ങിയത്. അതേ കാലയളവിൽ യു.പി ഇൻഡസ്‍ട്രിയൽ കൺസ്ട്രക്ഷൻ ലിമിറ്റഡ് (യു.പി.ഐ.സി.ഒ.എൻ.)ചെയർമാനായിരുന്നു നവനീത് കുമാർ. ആ സമയം എസ്.ഡി.പി പ്രൈവറ്റ് ലിമിറ്റഡിന് യു.പി.ഐ.സി.ഒ.എൻ വാടക നൽകിയിട്ടുണ്ടെന്നും പവൻ ഖേര പറഞ്ഞു. ഇത്രയും ഗുരുതര ആരോപണമുണ്ടായിട്ടും പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് നിയമിക്കുകയാണ് ചെയ്യുന്നത്. ഇതിൽ പ്രധാനമന്ത്രിക്ക് എന്താണ് പറയാനുള്ളതെന്നും പവൻ ഖേര ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

