തെലങ്കാന തൂത്തുവാരി കോൺഗ്രസ്; അടിതെറ്റി ബി.ആർ.എസും ഉവൈസിയും; വോട്ട് ഭിന്നിപ്പിലൂടെ രണ്ട് കോർപറേഷൻ പിടിച്ച് ബി.ജെ.പി
text_fieldsതെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെക്കൊപ്പം
ഹൈദരാബാദ്: സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസിന്റെ മിന്നും വിജയത്തിന് സാക്ഷ്യം വഹിച്ച് തെലങ്കാന തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. ഭരണകക്ഷിയായ കോൺഗ്രസ് കോർപറേഷനും മുൻസിപ്പാലിറ്റികളും തൂത്തു വാരിയപ്പോൾ, കെ. ചന്ദ്രശേഖര റാവുവിന്റെ ബി.ആർ.എസ് നിലംപരിശായി. രണ്ട് കോർപറേഷൻ ഭരണം പിടിച്ച് ബി.ജെ.പി കരുത്ത്കാട്ടി. തെലങ്കാന തട്ടകമാക്കിയ അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം ഏറെ പിന്നിലായി.
സംസ്ഥാനത്തെ ഏഴിൽ അഞ്ച് കോർപറേഷനുകളിലും കോൺഗ്രസ് ഭരണം പിടിച്ചു. 123ൽ 84 മുനിസിപ്പാലിറ്റികളിലും മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ പാർട്ടി വിജയം നേടി. 5992 വാർഡുകളിൽ 3074 വാർഡുകളിലാണ് കോൺഗ്രസിന്റെ മിന്നും വിജയം.
മഞ്ചെരിയൽ, രാമഗുൻഡം, കൊത്തഗുഡം, മഹാബുബ്നഗർ, നാൽഗൊണ്ട കോർപറേഷനുകളിലാണ് കോൺഗ്രസ് ഭരണത്തിലെത്തിയത്.
അതേസമയം, കരിം നഗർ, നിസാമാബാദ് കോർപറേഷനുകളിൽ ബി.ജെ.പി ഭരണം പിടിച്ചു. എന്നാൽ, നേരത്തെ സംസ്ഥാന ഭരിച്ച ബി.ആർ.എസ് ഒരു കോർപറേഷനിലും വിജയിക്കാനാവാതെ തരിപ്പണമായി.
മഞ്ചെരിയൻ കോർപറേഷനിൽ 60ൽ 44 സീറ്റും നേടിയാണ് കോൺഗ്രസ് കരുത്ത് കാണിച്ചത്. ഇവിടെ ബി.ആർ.എസിന് എട്ടു സീറ്റുകൾ സ്വന്തമാക്കാനേ ആയുള്ളൂ. വ്യവസായ നഗരമായ രാമഗുൻഡമിൽ കോൺഗ്രസ് 38 സീറ്റുകൾ നേടി. ബി.ആർ.എസിന് 13 സീറ്റിലേ വിജയിക്കാനായുള്ളൂ.
വോട്ട് ഭിന്നിപ്പിച്ച് ഉവൈസി; നഗര ഭരണത്തിൽ അക്കൗണ്ട് തുറന്ന് ബി.ജെ.പി
ബി.ജെ.പി ഭരണം പിടിച്ച രണ്ട് കോർപറേഷനുകളിൽ കോൺഗ്രസും ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മും ശക്തമായ മത്സരം കാഴ്ചവെച്ച് മതേതര വോട്ടുകൾ ഭിന്നിപ്പിച്ചത് ഭരണഗതി നിർണയിക്കാൻ വഴിയൊരുക്കി. കരിം നഗറിൽ 66ൽ 30 സീറ്റുകൾ ബി.ജെ.പി നേടി. അഞ്ച് വിമത സ്വതന്ത്രരുടെ പിന്തുണയും ബി.ജെ.പിക്ക് ലഭിക്കുന്നതോടെ കേവല ഭൂരിപക്ഷം അനായാസം സ്വന്തമാകും.
നിസാമാബാദിൽ 60ൽ 28 സീറ്റാണ് ബി.ജെ.പിക്കുള്ളത്. ഇവിടെ കോൺഗ്രസിന് 17ഉം, എ.ഐ.എം.ഐ.എമ്മിന് 14 സീറ്റുകളുമാണുള്ളത്. ബി.ജെ.പി നിലംതൊടാത്ത തെലങ്കാന മണ്ണിൽ ബി.ആർ.എസിന് തിരിച്ചടി ലഭിച്ചത് അവസരമായെടുത്താണ് ബി.ജെ.പി ആദ്യമായി മുനിസിപ്പൽ കോർപറേഷൻ ഭരണത്തിലെത്തുന്നത്.
രണ്ട് പ്രധാന കോർപറേഷനുകളിലെ വിജയം, ബി.ജെ.പിക്ക് ഹൈദരാബാദ് ഉൾപ്പെടെ മേഖലകളിൽ വളർച്ചക്ക് അടിത്തറ പകരുന്നതാണെന്ന് പാർട്ടി നേതാവ് ബൻഡി സഞ്ജയ് കുമാർ പറഞ്ഞു.
തെലങ്കാന രാഷ്ട്രീയത്തിലെ കരുത്തനായ ഉവൈസിയുടെ പാർട്ടിക്ക് മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കൂടുതൽ സീറ്റുകൾ നഷ്ടമായി. നിർമൽ ജില്ലയിലെ ബൈൻസ മുനിസിപ്പാലിറ്റിയിൽ ഭരണം പിടിച്ചു. സംസ്ഥാനത്താകെ, 140 സീറ്റുകളാണ് എ.ഐ.എം.ഐ.എം നേടിയത്.
ശക്തികേന്ദ്രങ്ങളിൽ എതിരില്ലാതെ കോൺഗ്രസ്
സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ കരുത്ത് പ്രകടിപ്പിക്കാൻ ഭരണ കക്ഷിയായ കോൺഗ്രസിനായി. നിസാമാബാദിലും അദിലബാദുലും മികച്ച പ്രകടനം കാഴ്ചവെച്ചു. മധ്യ തെലങ്കാനയിലെ നൽഗൊണ്ഡ, സൂര്യപെട്ട്, കമ്മം, തെക്കൻ ജില്ലകളിലെ മഹാബുബനഗർ, നഗർകുർണൂൾ, വനപർഥി എന്നിവടങ്ങളിലും കോൺഗ്രസ് മികവ് തെളിയിച്ചു.
അടിതെറ്റി ബി.ആർ.എസ്
സംസ്ഥാനത്തെ മുൻ ഭരണകക്ഷിയായ ബി.ആർ.എസിന് പഴയ ശക്തികേന്ദ്രങ്ങളിൽ വ്യാപകമായ തിരിച്ചടിയേറ്റു. സിർസിലയിൽ 27 സീറ്റും, ഗുമ്മഡിഡാലയിൽ 15ഉം സീറ്റുകൾ ബി.ആർ.എസ് നേടി. ഒരു കോർപറേഷനിലും ഭരണം നേടനായില്ലെന്നതും ക്ഷീണമായി. 2014 മുതൽ ഭരിച്ച പല മുനിസിപ്പാലിറ്റികളും ബി.ആർ.എസിന് നഷ്ടമായി. അതേസമയം, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുന്നിൽ തകർന്നടിഞ്ഞ ബി.ആർ.എസിൽ ജനങ്ങൾ പ്രതീക്ഷ നൽകി തുടങ്ങിയെന്നതാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചനയെന്ന് പാർട്ടി നേതാവ് കെ.ടി രാമറാവു പറഞ്ഞു.
നേരത്തെ 130ൽ 122 മുനിസിപ്പാലിറ്റികൾ ഭരിച്ച ബി.ആർ.എസ് ഇത്തവണ 15ൽ ഒതുങ്ങി. അതേസമയം, ഭരണത്തിലെത്തിയില്ലെങ്കിലും 100ൽ ഏറെ മുനിസിപ്പാലിറ്റികളിൽ പാർട്ടി ശക്തമായ മത്സരം കാഴ്ചവെച്ചുവെന്നും അദ്ദേഹം പറഞ്ഞു.
116 മുനിസിപ്പാലിറ്റികളിലേക്കും ഏഴ് കോർപറേഷനുകളിലേക്കുമായി നടന്ന വോട്ടെടുപ്പിൽ 73 ശതമാനം വോട്ട് രേഖപ്പെടുത്തി.
സ്പെഷൽ ഓഫീസർ ഭരണം നടക്കുന്ന ഹൈദരാബാദ് ജി.എം.സിയിൽ പിന്നീടാണ് തെരഞ്ഞെടുപ്പ്. രാജ്യത്തെ തന്നെ വലിയ കോർപറേഷനുകളിലൊന്നായി ഹൈദരാബാദ് മൂന്നായി വിഭജിക്കാനുള്ള നീക്കത്തിലാണ് സർക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

