Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദേശത്തുള്ള എം.പിമാരോട് തിരിച്ചെത്താൻ നിർദേശം നൽകി ഇൻഡ്യ സഖ്യം; കെ. സുധാകരന്റെ കാര്യത്തിൽ അവ്യക്തത

text_fields
bookmark_border
വിദേശത്തുള്ള എം.പിമാരോട് തിരിച്ചെത്താൻ നിർദേശം നൽകി ഇൻഡ്യ സഖ്യം; കെ. സുധാകരന്റെ കാര്യത്തിൽ അവ്യക്തത
cancel

ന്യൂഡൽഹി: മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകൾ കേന്ദ്രസർക്കാർ വീണ്ടും പാർലമെന്റിലേക്കെത്തുമ്പോൾ വിദേശത്തുള്ള എം.പിമാരോട് അടിയന്തരമായി തിരിച്ചെത്താൻ കോൺഗ്രസ് നേതൃത്വം നിർദേശം നൽകി. ഞായറാഴ്ച രാവിലെ പത്ത് മണിയോടെ മുഴുവൻ എം.പിമാരും ഡൽഹിയിലെത്തണമെന്നാണ് നിർദേശം. അതേസമയം, ചികിത്സാർഥം വിദേശത്തേക്ക് പോയ കെ. സുധാകരൻ എം.പി സമ്മേളനത്തിൽ പങ്കെടുക്കുമോയെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.

നവംബർ 30ന് പ്രത്യേക പാർലമെന്റ് സമ്മേളനം ആരംഭിക്കാനിരിക്കെ നിർണായക കേന്ദ്ര മന്ത്രിസഭ യോഗം ഞായറാഴ്ച ചേരും. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബില്ലുകൾക്ക് യോഗം അംഗീകാരം നൽകിയേക്കും. പാർലമെന്റിൽ സ്വീകരിക്കേണ്ട നിലപാടുകളും തന്ത്രങ്ങളും ചർച്ച ചെയ്യാൻ കോൺഗ്രസ് നേതൃയോഗവും ഞായറാഴ്ച ചേരുന്നുണ്ട്.

നിലവിലെ ലോക്‌സഭ അംഗസംഖ്യ 543ൽനിന്ന് പരമാവധി 850 ആയി ഉയർത്താനും വർധിപ്പിക്കുന്ന സീറ്റുകളിൽ 33 ശതമാനം വനിതകൾക്ക് സംവരണം ചെയ്യാനുമാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി ബിൽ, മണ്ഡല പുനർനിർണയ കമീഷൻ രൂപവത്കരണ ബിൽ, കേന്ദ്രഭരണ പ്രദേശങ്ങളുമായി ബന്ധപ്പെട്ട ബിൽ എന്നിവ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

ഭരണഘടന ഭേദഗതി പാസാക്കുന്നതിന് പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ കൂടി ആവശ്യമായ സാഹചര്യത്തിൽ വിവിധ കക്ഷികളുമായി ബി.ജെ.പി നേതൃത്വം ചർച്ചകൾ നടത്തിയതായാണ് വിവരം. ഡി.എം.കെ, എൻ.സി.പി ശരദ് പവാർ വിഭാഗം, വൈ.എസ്.ആർ കോൺഗ്രസ് തുടങ്ങിയ പാർട്ടികളുടെ നിലപാട് നിർണായകമാകും.

ഡി.എം.കെ മുന്നോട്ടുവെച്ച ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചതായും നിലപാട് പുനഃപരിശോധിക്കണമെന്ന ഇൻഡ്യ മുന്നണിയുടെ അഭ്യർഥന പാർട്ടി തള്ളിയതായും സൂചനയുണ്ട്. ശരദ് പവാർ വിഭാഗവും ബില്ലിനെ പിന്തുണച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഏപ്രിൽ 17ന് ലോക്‌സഭയിൽ ബിൽ പരാജയപ്പെട്ടതിന് പിന്നാലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വന്ന മാറ്റങ്ങളും കേന്ദ്രസർക്കാറിന്റെ പുതിയ നീക്കത്തിന് പശ്ചാത്തലമായിട്ടുണ്ട്.

പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി എല്ലാ കേന്ദ്രമന്ത്രിമാരും ഡൽഹിയിൽ ഉണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകിയിട്ടുണ്ട്. വിദേശയാത്രകൾ ഒഴിവാക്കാനും ഡൽഹിക്ക് പുറത്തുള്ള മന്ത്രിമാർ മറ്റു പരിപാടികൾ റദ്ദാക്കി തലസ്ഥാനത്തെത്താനുമാണ് നിർദേശം.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Congress Summons MPs Ahead of Special Parliament Session on Delimitation & Women's Quota Bills
Next Story