കര്‍ണാടക ലജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി; എൻഡിഎ സഖ്യത്തിന് മുന്നേറ്റം
text_fieldsബംഗളൂരു: കര്‍ണാടക ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് (എംഎൽസി) നടന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസിന് കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും എൻഡിഎ സഖ്യം വിജയം പിടിച്ചെടുത്തു. ഇതിൽ മൂന്ന് സീറ്റുകൾ ബിജെപിയും ഒരു സീറ്റ് സഖ്യകക്ഷിയായ ജനതാദൾ (സെക്കുലർ)- ജെ.ഡി.എസുമാണ് നേടിയത്. കോൺഗ്രസിന് ഒരിടത്തുപോലും വിജയിക്കാനായില്ല.
ഒക്ടോബർ 23നാണ് അധ്യാപക-ബിരുദോത്തര കൺസ്റ്റിറ്റ്യൂവൻസികളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ‘ഇത് എൻ.ഡി.എയുടെ വിജയമാണ്. കോൺഗ്രസ് പ്രചരിപ്പിച്ച എല്ലാ നുണക്കഥകളും പൊളിഞ്ഞു വീണിരിക്കുന്നു... കർണാടകയിലെ കോൺഗ്രസ് സർക്കാർ പൂർണമായും പരാജയപ്പെട്ടിരിക്കുന്നു. കോൺഗ്രസ് ഭരണം തങ്ങൾക്ക് ആവശ്യമില്ലെന്ന് ജനങ്ങൾ വ്യക്തമായി പ്രഖ്യാപിച്ചിരിക്കുകയാണ്’- ബി.ജെ.പി നേതാവ് അശോക് ഗൗഡ മാധ്യമങ്ങളോട് പ്രതികരിച്ചു.
‘ബിബിഎംപി (ബംഗളൂരു മഹാനഗര പാലിക) തെരഞ്ഞെടുപ്പിൽ വരാനിരിക്കുന്നതിന്റെ സൂചനയാണിത്. ജനങ്ങൾക്ക് തങ്ങളോട് ആഭിമുഖ്യമില്ലെന്ന് കോൺഗ്രസ് ഇനിയെങ്കിലും മനസ്സിലാക്കണം. അവർ കെട്ടിച്ചമച്ച വ്യാജ കഥകൾ മാത്രമാണ് ഉണ്ടാക്കുന്നത്ർ അശോക് ഗൗഡ കൂട്ടിച്ചേർത്തു.
വിവിധ മണ്ഡലങ്ങളിലെ ചിത്രം ഇങ്ങനെ
വടക്കുകിഴക്കൻ അധ്യാപക മണ്ഡലം: ഇവിടെ വീണ്ടും മത്സരിച്ച ബിജെപി സ്ഥാനാർഥി ശശിൽ ജി. നമോഷി, കോൺഗ്രസിന്റെ ശരണപ്പ മറ്റൂരിനെ പരാജയപ്പെടുത്തി. കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ തട്ടകമായ കലബുറഗി ഉൾപ്പെടുന്ന ഈ മണ്ഡലത്തിൽ നമോഷിയുടെ അഞ്ചാം വിജയമാണിത്.
തെക്കുകിഴക്കൻ ബിരുദ മണ്ഡലം: ബി.ജെ.പിയുടെ കെ.എം. സുരേഷ്, കോൺഗ്രസിന്റെ ശശി ഹുലികുന്റെ മഠത്തെ പരാജയപ്പെടുത്തി.
പടിഞ്ഞാറൻ ബിരുദ മണ്ഡലം: ബി.ജെ.പിയുടെ എസ്.വി. സങ്കനൂർ, കോൺഗ്രസിന്റെ മോഹൻ ലിംബികായിയെ തോൽപ്പിച്ചു.
ബഗളൂരു അധ്യാപക മണ്ഡലം: സഖ്യകക്ഷിയായ ജെഡിഎസിന്റെ സ്ഥാനാർഥി ഇവിടെ വിജയം നേടി.
തെക്കൻ സംസ്ഥാനത്ത് രണ്ട് പ്രതിപക്ഷ പാർട്ടികൾക്ക് പരസ്പരം വോട്ടുകൾ കൈമാറാൻ സാധിക്കുമോ എന്നതിന്റെ പരീക്ഷണ വേദുകൂടിയായിരുന്നു ഈ തെരഞ്ഞെടുപ്പ്.
ഈ എംഎൽസി തെരഞ്ഞെടുപ്പ് ഫലം നിലവിലെ കോൺഗ്രസ് സർക്കാരിന്റെ സ്ഥിരതയെ പെട്ടെന്ന് ബാധിക്കില്ലെങ്കിലും, പ്രതിപക്ഷ സഖ്യത്തിന്റെ ശക്തമായ പ്രകടനം 2023-ൽ അധികാരത്തിൽ വന്ന സർക്കാരിനെതിരെ ശക്തമായ ആക്രമണങ്ങൾ അഴിച്ചുവിടാൻ അവർക്ക് വലിയ ആവേശം നൽകും.
നിലവിലെ കൗൺസിൽ കക്ഷിനില
75 അംഗ ലെജിസ്ലേറ്റീവ് കൗൺസിലിൽ നിലവിൽ കോൺഗ്രസിന് 38 അംഗങ്ങളും, ബി.ജെ.പിക്ക് 24 അംഗങ്ങളും, ജെഡിഎസിന് ആറ് അംഗങ്ങളും, ഒരു സ്വതന്ത്രനും, ഒരു ചെയർമാനുമാണുള്ളത്. സർക്കാരിന്റെ നാമനിർദ്ദേശത്തിനായി മാറ്റിവെച്ചിരിക്കുന്ന അഞ്ച് സീറ്റുകൾ നിലവിൽ ഒഴിവിലാണ്. ഈ ഒഴിവുകൾ നികത്തുമ്പോൾ കോൺഗ്രസിന് അംഗബലം വർധിപ്പിക്കാൻ സാധിച്ചേക്കും. ഇത് സഭയിലെ മൊത്തത്തിലുള്ള അധികാര തുലനാവസ്ഥയിൽ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആഘാതം കുറച്ചേക്കാം.

