സ്റ്റിയറിങ് കമ്മിറ്റിയിൽ നടന്നത് തിരക്കഥ
text_fieldsഛത്തിസ്ഗഡിലെ റായ്പൂരിൽ നടന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ നിന്ന്
റായ്പുർ: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് മത്സരം ഒഴിവാക്കിയ സ്റ്റിയറിങ് കമ്മിറ്റി യോഗം മുൻകൂട്ടി തയാറാക്കിയ തിരക്കഥയായി. നാമനിർദേശത്തിന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് അധികാരം നൽകി സ്റ്റിയറിങ് കമ്മിറ്റി പിരിയണമെന്ന നേതൃത്വത്തിന്റെ താൽപര്യം അതേപടി നടപ്പായി.
നെഹ്റു കുടുംബത്തിനോ വിശ്വസ്ത നേതാക്കൾക്കോ തെരഞ്ഞെടുപ്പ് നടത്താൻ താൽപര്യം ഉണ്ടായിരുന്നില്ല. അതിന്റെ പഴി വരാതിരിക്കാൻ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽനിന്ന് വിട്ടുനിന്നതും മുൻകൂട്ടി തയാറാക്കിയ തിരക്കഥ. കാര്യങ്ങൾ തിരിച്ചറിഞ്ഞവർ അതിനൊത്ത നിലപാടാണ് സ്വീകരിച്ചത്. യുവാക്കൾക്ക് പ്രാതിനിധ്യം നൽകണമെന്നും തെരഞ്ഞെടുപ്പു നടത്തണമെന്നും കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞ പി. ചിദംബരം, സ്റ്റിയറിങ് കമ്മിറ്റിയിൽ മൗനം പാലിച്ചു.
45 പേർ പങ്കെടുത്തതിൽ ദിഗ്വിജയ് സിങ്, അജയ് മാക്കൻ, അഭിഷേക് സിങ്വി എന്നിവർ മാത്രം തെരഞ്ഞെടുപ്പിനെ അനുകൂലിച്ച് പേരിന് സംസാരിച്ചു. നാമനിർദേശം മതിയെന്ന തീരുമാനം ഏകകണ്ഠമാക്കാൻ ആ അഭിപ്രായപ്രകടനം തടസ്സമായില്ല. തെരഞ്ഞെടുപ്പു തന്ത്രം രൂപപ്പെടുത്തേണ്ട ഘട്ടത്തിലെ അനാവശ്യ മത്സരം, വിവിധ വിഭാഗങ്ങൾക്ക് മെച്ചപ്പെട്ട പ്രാതിനിധ്യം തുടങ്ങിയ വിശദീകരണങ്ങളിലൂടെ നോമിനേഷൻ തീരുമാനം നേതൃത്വം ന്യായഭദ്രമാക്കി. ജി23 സംഘാംഗങ്ങളായ ആനന്ദ് ശർമ, ഭൂപീന്ദർസിങ് ഹൂഡ തുടങ്ങിയവരാകട്ടെ, നോമിനേഷനിലൂടെ വീണ്ടും പ്രവർത്തക സമിതിയിൽ എത്താമെന്ന് ഉറപ്പിച്ചിട്ടുണ്ട്. ശശി തരൂരിന്റെ മത്സരാവേശം കെട്ടുപോയതിനും ഇത്തരം ഉറപ്പുകൾ കാരണമാണെന്ന് പറയുന്നു.
സ്റ്റിയറിങ് കമ്മിറ്റിക്കു മുമ്പ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിന്റെ ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പു നടന്ന മുൻകാല പ്ലീനറി സമ്മേളനങ്ങളിൽ അതിന്റെ മുന്നൊരുക്കം നേരത്തേ പ്രതിഫലിച്ചിരുന്നു. തെരഞ്ഞെടുപ്പ് തീരുമാനിച്ചാൽ സ്ഥാനാർഥികൾക്ക് വോട്ടു സമാഹരണത്തിനും മറ്റും സമയം വേണം. അത്തരത്തിലൊരു നീക്കങ്ങളുമില്ലാതെ, നോമിനേഷൻ എന്ന് ഉറപ്പിച്ച മട്ടിലായിരുന്നു എല്ലാ നേതാക്കളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

