ന്യൂഡൽഹി: ഉദയ്പുർ നവസങ്കൽപ് ശിബിരത്തിന്റെ തുടർച്ചയായി അടുത്ത മാസം ഒന്ന്, രണ്ട് തീയതികളിൽ സംസ്ഥാനതല ശിബിരങ്ങൾ സംഘടിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ഉദയ്പുർ ശിബിരത്തിലെ നടപടികൾ ഇവിടെ വിശദീകരിക്കും. എം.പി-എം.എൽ.എമാർ, സ്ഥാനാർഥികൾ, ഡി.സി.സി പ്രസിഡന്റുമാർ, പി.സി.സി ഭാരവാഹികൾ, പ്രമുഖ നേതാക്കൾ എന്നിവർ സംസ്ഥാന ശിബിരത്തിൽ പങ്കെടുക്കും.
തുടർന്ന് ജൂൺ 11ന് ജില്ലാതല ശിബിരം. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം പ്രമാണിച്ച് ജില്ലാ ഘടകങ്ങളുടെ നേതൃത്വത്തിൽ ആഗസ്റ്റ് ഒമ്പതിനും 15നുമിടയിൽ മൂന്നു ദിവസം 'ആസാദി ഗൗരവ് യാത്ര' നടത്തും. സ്വാതന്ത്ര്യ സമരകാലത്തെ ത്യാഗങ്ങൾ അനുസ്മരിച്ച് സ്വാതന്ത്ര്യ ദിനത്തിൽ പി.സി.സിയുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിക്കും.