സോണിയാ ഗാന്ധി ആശുപത്രി വിട്ടു; രാഹുൽ-ഖാർഗെ കൂടിക്കാഴ്ച വൈകീട്ട്
text_fieldsസോണിയ ഗാന്ധി
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രി വിട്ടു. ശസ്ത്രക്രിയക്കു മുന്നോടിയായുള്ള വൈദ്യപരിശോധനകൾക്കായാണ് സോണിയയെ ഇന്ന് രാവിലെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. 79 കാരിയായ രാജ്യസഭാ എം.പിയെ ഈ വർഷം ജനുവരി മുതൽ ഇത് മൂന്നാം തവണയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ചെറിയ ശസ്ത്രക്രിയക്കായി സോണിയ ഗാന്ധിയെ ഇന്ന് രാവിലെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചിരുന്നത്.
കൂടുതൽ വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ വർഷം മാർച്ചിൽ, അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സോണിയ ഗാന്ധിയെ ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജനുവരിയിൽ ആദ്യം, ശ്വാസ തടസ്സത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ ശൈത്യകാലാവസ്ഥയും വർദ്ധിച്ചുവരുന്ന മലിനീകരണവും മൂലമുണ്ടായ ആസ്ത്മയുടെ നേരിയ വർദ്ധനവാണ് അവരുടെ അവസ്ഥക്ക് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.
കേരളത്തിലെ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ പ്രഖ്യാപനത്തിന് രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുർ ഖാർഗെയും തമ്മിലുള്ള ചർച്ച ഇന്ന് വൈകീട്ട് നടക്കുമെന്നാണ് വിവരം. കേരളത്തിൽനിന്നുള്ള മുതിർന്ന നേതാക്കളുമായി ചർച്ചകൾ പൂർത്തിയാക്കിയ കോൺഗ്രസ് ഹൈകമാൻഡ് ഉച്ചയോടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
നിലവിൽ ഹൈകമാൻഡ് ഒറ്റ പേരിലേക്ക് എത്തിയിട്ടുണ്ടെന്നാണ് സൂചന. എ.ഐ.സി.സി അധ്യക്ഷന്‍റെ കൂടി അംഗീകാരം ലഭിച്ചാൽ പ്രഖ്യാപനം നടത്തും. മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുടെ ക്യാമ്പുകൾ ഒരുപോലെ ആകാംക്ഷയിലും ആശങ്കയിലുമാണ്. പ്രഖ്യാപനത്തിനു മുമ്പായി ഘടകകക്ഷികളോട് ഒരിക്കൽകൂടി അഭിപ്രായം ചോദിക്കാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

