ഭീകര കേസിലെ യു.എസ് പ്രതിയോടുള്ള മൃദുസമീപനത്തിനെതിരെ കോൺഗ്രസ്
text_fieldsന്യൂഡൽഹി: സ്വന്തം പൗരന്മാർക്കെതിരെ യു.എ.പി.എ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുമ്പോഴാണ് ഇന്ത്യക്കെതിരെ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയ അമേരിക്കൻ പൗരനെ നാല് മാസത്തേക്ക് വിട്ടയച്ചതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. മ്യാന്മർ ആയുധ പരിശീലന കേസിലെ പ്രതികൾക്ക് വിദേശയാത്രാനുമതി നീട്ടി നൽകിയ നടപടിയിലാണ് കോൺഗ്രസ് വിമർശനം. അമേരിക്കൻ പൗരൻ മാത്യു വാൻഡൈകിനും ആറ് യുക്രേനിയൻ പൗരന്മാർക്കുമാണ് അടുത്ത ഫെബ്രുവരി 24 വരെ ഇന്ത്യക്ക് പുറത്ത് കഴിയാൻ അനുമതി ലഭിച്ചത്.
ഇന്ത്യയിൽ വോട്ട് കൊള്ളക്കെതിരെ തികച്ചും സമാധാനപരമായി പ്രതിഷേധിക്കുന്ന യുവാക്കളെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന സർക്കാറാണ് ഗൗരവമേറിയ കേസിലെ പ്രതികളായ വിദേശ പൗരന്മാർക്ക് ഇത്തരം സ്വാതന്ത്ര്യം അനുവദിക്കുന്നതെന്ന് പാർട്ടി ജനറൽ സെക്രട്ടറി ജയ്റാം രമേശ് കുറ്റപ്പെടുത്തി. ഇന്ത്യക്കെതിരെ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയ അമേരിക്കൻ പൗരനെയാണ് നാലു മാസത്തേക്ക് വിട്ടയച്ചത്.
കഴിഞ്ഞ മാസം തികച്ചും സമാധാനപരമായി പ്രതിഷേധിക്കുകയും സമരം നടത്തുകയും ചെയ്ത യുവാക്കളെ അറസ്റ്റ് ചെയ്യാനും ജയിലിലടയ്ക്കാനും മടിക്കാത്ത സർക്കാറാണ് എൻ.ഐ.എ അന്വേഷിക്കുന്ന കേസിലെ പൗരന്മാരോട് അനുഭാവം കാട്ടിയതെന്ന് ‘എക്സ്’ പോസ്റ്റിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്ക് റൂബിയോ ഇന്ത്യയിൽ സന്ദർശനം നടത്തിയപ്പോഴാണ് ഈ നടപടി ഉണ്ടായതെന്ന് ജയ്റാം രമേശ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ മേയ് മാസത്തിലും റൂബിയോ ഇന്ത്യയിലെത്തിയപ്പോഴാണ് വാൻഡൈകിനെ വിട്ടയച്ചത്. വാൻഡൈകിന്റെ കാര്യം അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ മുമ്പാകെ അവതരിപ്പിക്കുകയും ചെയ്തെന്ന് അദ്ദേഹം പറഞ്ഞു.
സെപ്റ്റംബർ എട്ടിന് വാൻഡൈകിന് മേൽ ചുമത്തിയിരുന്ന യു.എ.പി.എ കേസ് ഒഴിവാക്കി. ഇന്ത്യൻ പൗരന്മാർക്കെതിരെ യു.എ.പി.എ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുമ്പോഴാണ് അമേരിക്കൻ പൗരനെതിരെയുള്ള നടപടി മയപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

