Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാമക്ഷേത്രക്കൊള്ളയിൽ പ്രധാനമന്ത്രിക്ക് കത്ത്; കോടതി വരണമെന്ന് കോൺഗ്രസ്

text_fields
bookmark_border
രാമക്ഷേത്രക്കൊള്ളയിൽ പ്രധാനമന്ത്രിക്ക് കത്ത്; കോടതി വരണമെന്ന് കോൺഗ്രസ്
cancel

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര കൊള്ള സംബന്ധിച്ച് സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി കോൺഗ്രസ്. പാർട്ടി എം.പിയും പബ്ലിക്ക് അക്കൗണ്ട്‍സ് കമ്മിറ്റി അധ്യക്ഷനുമായ കെ.സി. വേണുഗോപാലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയത്.

രാജ്യത്തിന്‍റെ മനഃസാക്ഷിയെ ഞെട്ടിക്കുകയും കോടിക്കണക്കിന് ഭക്തരുടെ വിശ്വാസത്തെ വഞ്ചിക്കുകയും ചെയ്ത സംഭവമാണ് അയോധ്യയിൽ സംഭവിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീരാമ ഭഗവാനോടുള്ള അഗാധമായ ആരാധനയിലും ഭക്തിയിലും, സാധാരണക്കാരായ ജനങ്ങൾ കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച പണമാണ് സംഭാവന നൽകിയതെന്നും അതാണ് ലജ്ജയില്ലാതെ കൊള്ളയടിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

ശ്രീറാം ജന്മഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റിന് കീഴിൽ സംഘടിത ഗൂഢസംഘം പ്രവർത്തിച്ചിരുന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് മനസ്സിലാകുന്നതെന്ന് വേണുഗോപാൽ പറഞ്ഞു. ഓരോ തലത്തിലും ഉണ്ടായ വീഴ്ച പരിശോധിച്ചാൽ ഉന്നതരുടെ പിന്തുണ ഉണ്ടായിരുന്നെന്ന് വ്യക്തമാണ്. സി.സി.ടി.വി മാസങ്ങളോളം ഓഫ് ചെയ്തുവെച്ച് പണം എണ്ണിയവർ വൻ തുക തട്ടിക്കൊണ്ടുപോയി.

സംഭവം വെറുമൊരു സാമ്പത്തിക ക്രമക്കേടല്ല രാജ്യത്തെ ജനങ്ങളോടുള്ള വിശ്വാസ വഞ്ചനയാണ്. ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയ മുൻ അക്കൗണ്ട് ഓഫിസറെ പുറത്താക്കുകയാണ് ചെയ്തത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഏതാനും മാസങ്ങൾക്കുമുമ്പ് ചൂണ്ടിക്കാട്ടിയ ക്രമക്കേടുകളും ബന്ധപ്പെട്ടവർ അവഗണിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കി.

ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ച എസ്.ഐ.ടി അന്വേഷണം കണ്ണിൽ പൊടിയിടുന്ന നടപടി മാത്രമാണ്. ഡ്രൈവറും ക്ലർക്കും പോലുള്ളവരെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും വമ്പന്മാരെ ഇതുവരെ തൊട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സുപ്രീംകോടതിയുടെ കർശനമായ മേൽനോട്ടത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്തി 140 കോടി ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Congress seeks Supreme Court probe into Ayodhya Ram Temple 'loot'; K.C. Venugopal writes to PM
Next Story