യു.പി.ഐയിൽ സർക്കാർ കള്ളം പറയുന്നുവെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ കോൺഗ്രസ് എം.പിമാർ എതിർപ്പ് രേഖപ്പെടുത്തിയില്ലെന്ന ആരോപണം തള്ളി കോൺഗ്രസ്.
പി. ചിദംബരം, മനീഷ് തിവാരി, ഗൗരവ് ഗൊഗോയ് എന്നിവരുൾപ്പെടെ അഞ്ച് കോൺഗ്രസ് അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തിരുന്നെങ്കിലും ഫീസ് തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട സമിതിയുടെ നിർദേശത്തെ എതിർത്തതായി രേഖകളിൽ ഇല്ലെന്നാണ് സർക്കാറിന്റെ വാദം.
എന്നാൽ, ആഗസ്റ്റിൽ നടന്ന ധനകാര്യ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ യു.പി.ഐ ടാക്സ് അല്ലെങ്കിൽ ചാർജ് ചുമത്തുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ നിർദേശങ്ങളൊന്നും സർക്കാർ അവതരിപ്പിച്ചിരുന്നില്ലെന്ന് ലോക്സഭ പ്രതിപക്ഷ ഉപനേതാവും കോൺഗ്രസ് എം.പി.യുമായ ഗൗരവ് ഗൊഗോയിയും മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരിയും വ്യക്തമാക്കി. യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ച് അന്നത്തെ യോഗത്തിൽ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും സർക്കാറിന് തൃപ്തികരമായ മറുപടി നൽകാൻ സാധിച്ചിരുന്നില്ലെന്ന് ഗൊഗോയി പറഞ്ഞു. രഹസ്യ സ്വഭാവമുള്ള യോഗ നടപടികളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി തെറ്റായി ചിത്രീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മനീഷ് തിവാരി പറഞ്ഞു.
ജനങ്ങൾക്കിടയിൽ ഉയർന്നുവന്ന ശക്തമായ പ്രതിഷേധം മറികടക്കാൻ പാർലമെന്ററി സമിതിയുടെ നടപടികളെ സർക്കാർ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
അമേരിക്കൻ കമ്പനികളെ പ്രീണിപ്പിക്കാനായി നടപ്പാക്കിയ യു.പി.ഐ നികുതി തീരുമാനത്തിനെതിരെ രാജ്യത്താകമാനം ഉയർന്ന പ്രതിഷേധത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

