പ്രത്യേക പദവി റദ്ദാക്കിയത് കശ്മീരില്‍ അഭിവൃദ്ധിയുണ്ടാക്കി, ദീര്‍ഘകാലമായുള്ള ഗുരുതരപ്രശ്‌നം അവസാനിച്ചു - കോൺഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ശിദ്
text_fieldsന്യൂഡല്‍ഹി: ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടന 370ാം അനുച്ഛേദം റദ്ദാക്കിയതിലൂടെ അവിടെ പുരോഗതി കൈവന്നുവെന്നും ദീര്‍ഘകാലമായി അലട്ടിയിരുന്ന ഗുരുതരപ്രശ്‌നം അവസാനിച്ചതായും മുന്‍ വിദേശകാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ശിദ്.
ഓപറേഷൻ സിന്ദൂർ വിശദീകരിക്കുന്നതിനുള്ള ഇന്ത്യന്‍ പ്രതിനിധിസംഘത്തിന്റെ ഭാഗമായി ഇന്തോനേഷ്യൻ സന്ദർശനത്തിനിടെ അക്കാദമിക രംഗത്തുള്ളവരുമായുള്ള കൂടിക്കാഴ്ചക്കിടെയായിരുന്നു സല്‍മാന്‍ ഖുര്‍ശിദിന്റെ പരാമര്‍ശം.
ദീര്‍ഘനാളായി കശ്മീരില്‍ ഗുരുതരമായ പ്രശ്‌നമുണ്ടായിരുന്നു. രാജ്യത്തെ മറ്റു പ്രദേശങ്ങളില്‍നിന്ന് വേറിട്ടതാണ് തങ്ങളെന്ന ചിന്ത കശ്മീരില്‍ നിഴലിച്ചിരുന്നു. ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതോടെ ആ പ്രശ്‌നം അവസാനിച്ചു. ഇത് മേഖലയില്‍ അഭിവൃദ്ധിക്ക് കാരണമായെന്നും സല്‍മാന്‍ ഖുര്‍ശിദ് പറഞ്ഞു. 370ാം അനുച്ഛേദം റദ്ദാക്കിയതിനു ശേഷമുള്ള തെരഞ്ഞെടുപ്പുകളില്‍ 65 ശതമാനം പോളിങ് രേഖപ്പെടുത്തി. കേന്ദ്രഭരണ പ്രദേശത്ത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ രൂപവത്കരണവും നടന്നു.
പ്രദേശത്തുണ്ടായ അഭിവൃദ്ധി ഇല്ലാതെയാക്കാന്‍ ശ്രമം നടക്കുകയാണെന്നും പഹൽഗാം ആക്രമണം ചൂണ്ടിക്കാട്ടി സൽമാൻ ഖുർശിദ് പറഞ്ഞു. ജനതാദള്‍ (യു) എം.പി സഞ്ജയ് കുമാര്‍ ഝായുടെ നേതൃത്വത്തിലുള്ള ബഹുകക്ഷി പ്രതിനിധിസംഘത്തോടൊപ്പമാണ് സല്‍മാന്‍ ഖുര്‍ശിദ് ഇന്തോനേഷ്യയില്‍ എത്തിയത്. 370ാം അനുച്ഛേദം റദ്ദാക്കിയതിനെ കോൺഗ്രസ് ദേശീയ നേതൃത്വം എതിർക്കുന്നതിനിടെയാണ് പിന്തുണച്ച് പാർട്ടിയുടെ മുതിർന്ന നേതാവ് രംഗത്ത് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

