‘ആർട്ടിക്കിൾ 370’ റദ്ദാക്കിയതിനെ പ്രശംസിച്ച് സൽമാൻ ഖുർഷിദ്; വെട്ടിലായി കോൺഗ്രസ്
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സൽമാൻ ഖുർഷിദ്. ശശി തരൂർ എം.പിയുടെ മോദി അനുകൂല പരാമർശങ്ങൾക്കു പിന്നാലെയുള്ള ഖുർഷിദിന്‍റെ പ്രസ്താവനയിൽ കോൺഗ്രസ് വെട്ടിലായി.
കേന്ദ്ര സർക്കാർ നടപടി മേഖലയിലെ അഭിവൃദ്ധിക്കും ജനാധിപത്യ പുരോഗതിക്കും കാരണമായെന്നും ഖുർഷിദ് പറഞ്ഞു. ഇന്ത്യൻ പ്രതിനിധി സംഘത്തിന്‍റെ ഭാഗമായി ഇന്തോനേഷ്യയിൽ എത്തിയ ഖുർഷിദ്, അക്കാദമിക പ്രമുഖരുമായും മറ്റും നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ഇത്തരത്തിൽ പരാമർശം നടത്തിയത്. ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന് നൽകിയ പ്രത്യേക ഭരണഘടന പദവി ഒരു വേർതിരിവ് എന്ന തോന്നൽ വളർത്തിയിരുന്നുവെന്നും അത് ഒരു പ്രധാന പ്രശ്നമായിരുന്നുവെന്നും ഖുർഷിദ് പറഞ്ഞു.
‘കശ്മീരിനെ ദീർഘകാലമായി ഒരു പ്രശ്നം പിടികൂടിയിരുന്നു. ആർട്ടിക്കിൾ 370 കശ്മീർ പൂർണമായും രാജ്യത്തെ മറ്റ് ഭാഗങ്ങളിൽനിന്ന് വ്യത്യസ്തമാണ് എന്നും വിഘടിച്ചുനിൽക്കുകയാണ് എന്നുമുള്ള ഒരു പ്രതീതി ഉണ്ടാക്കിയിരുന്നു. ആർട്ടിക്കിൾ 370 പിൻവലിച്ചതോടെ അത് ഇല്ലാതെയായി’ -ഖുർഷിദ് പറഞ്ഞു. ഓപറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാനുള്ള ജെ.ഡി.യു എം.പി സഞ്ജയ് കുമാർ ജായുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഖുർഷിദും അംഗമാണ്. ഇന്തോനേഷ്യ, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാൻ സിംഗപ്പൂർ രാജ്യങ്ങളിലാണ് സംഘം സന്ദർശനം നടത്തുന്നത്.
ആർട്ടിക്കിൾ റദ്ദാക്കിയതിനു പിന്നാലെ സംസ്ഥാനത്ത് ജനാധിപത്യ പുരോഗതി കൈവരിക്കാനായെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുകളിലെ 65 ശതമാനം പോളിങ്ങും തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന്‍റെ രൂപവത്കരണവും ചൂണ്ടിക്കാട്ടിയായിരുന്നു ഖുർഷിദിന്‍റെ പരാമർശം. 2019ലാണ് കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയത്. സർക്കാർ നടപടിയെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രൂക്ഷമായാണ് വിമർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

