‘ബിഹാറിൽ മഹാസഖ്യം അധികാരം പിടിക്കും’; എക്സിറ്റ് പോൾ പ്രവചനം തള്ളി കോൺഗ്രസ്
text_fieldsന്യൂഡൽഹി: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ ജയിക്കുമെന്ന വിവിധ എക്സിറ്റ് പോൾ പ്രവചനങ്ങളെ കോൺഗ്രസ് തള്ളി. നവംബർ 14ന് ഫലം വരുമ്പോൾ കേവല ഭൂരിപക്ഷം നേടി മഹാസഖ്യം അധികാരത്തിലേറുമെന്ന് ബിഹാറിന്‍റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദേവേന്ദ്ര യാദവ് പറഞ്ഞു. എക്സിറ്റ് പോളുകൾ തെറ്റാറുണ്ട്. ഞങ്ങൾ മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ ഏറെ പ്രാധാന്യമുള്ളതാണ്. യുവാക്കളുടെയും സ്ത്രീകളുടെയും വോട്ടുകൾ കരുത്താകും. ഉയർന്ന പോളിങ് തങ്ങൾക്ക് അനുകൂലമാകുമെന്നും ശക്തമായ ഭരണവിരുദ്ധ വികാരമാണ് സംസ്ഥാനത്തെന്നും ദേവേന്ദ്ര യാദവ് പറഞ്ഞു.
സംസ്ഥാനത്ത് ഈ മാസം ആറ്, 11 തീയതികളിലായി നടന്ന വോട്ടെടുപ്പിൽ റെക്കോഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. ബിഹാറിൽ സാധാരണയായി കുറഞ്ഞ പോളിങ് ശതമാനവും കടുത്ത മത്സരവുമാണ് നിലനിന്നിരുന്നത്. ഇക്കുറി അതിനു മാറ്റംവന്നിട്ടുണ്ട്. എൻ.ഡി.എ 152 സീറ്റുകളും മഹാസഖ്യം 84 സീറ്റുകളും നേടുമെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം. എക്സിറ്റ് പോളുകൾ തെറ്റാറുണ്ടെന്നതും കണക്കിലെടുക്കണം. ജിതൻ റാം മാഞ്ചി മുഖ്യമന്ത്രിയായ കുറഞ്ഞ കാലം ഒഴിച്ചുനിർത്തിയാൽ 2005 മുതൽ ബിഹാർ മുഖ്യമന്ത്രിയായി തുടരുകയാണ് ജെ.ഡി.യു നേതാവായ നിതീഷ് കുമാർ. ബിഹാറിൽ പലഘട്ടങ്ങളിലായി സഖ്യങ്ങൾ മാറിമറയുന്നതും കണ്ടതാണ്.
2013ൽ ബി.ജെ.പിയുമായുള്ള 17 വർഷത്തെ സഖ്യം അവസാനിപ്പിച്ച് നിതീഷ് ഒരിക്കൽ എതിരാളിയായിരുന്ന ലാലു പ്രസാദ് യാദവിനൊപ്പം ചേർന്നു. 2017ലെ തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡിയുമായും കോൺഗ്രസുമായും സഖ്യമുണ്ടാക്കി വിജയിച്ച നിതീഷ് മറുകണ്ടം ചാടി ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയിൽ തിരിച്ചെത്തി. ആ സഖ്യം 2019 വരെ തുടർന്നു. എന്നാൽ 2022ൽ നിതീഷ് വീണ്ടും എൻ.ഡി.എ വിട്ടു. മഹാസഖ്യത്തിൽ തിരിച്ചെത്തിയ നിതീഷ് പ്രതിപക്ഷ സഖ്യത്തിലെ നേതൃതല പ്രശ്നങ്ങളും തീരുമാനമെടുക്കാനുള്ള കാലതാമസവും ചൂണ്ടിക്കാട്ടി 2024 ജനുവരിയിൽ വീണ്ടും എൻ.ഡി.എയിലേക്ക് തന്നെ മടങ്ങി. അതിനു ശേഷം ഒരിക്കലും എൻ.ഡി.എ വിടില്ലെന്ന് പ്രഖ്യാപിച്ചു.
ഇത്തവണ ബി.ജെ.പിയും എൻ.ഡി.എയും 101 വീതം സീറ്റുകളിലാണ് മത്സരിക്കുന്നത്. 2005നു ശേഷം ആദ്യമായാണ് ഇരു പാർട്ടികളും തുല്യ സീറ്റുകളിൽ മത്സരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇരുപാർട്ടികളും തമ്മിലെ തുല്യതയാണ് ഇത് കാണിക്കുന്നത്. ഇക്കുറി മുഖ്യമന്ത്രി സ്ഥാനം ജെ.ഡി.യുവിന് ബി.ജെ.പി വിട്ടുകൊടുക്കുമോ എന്ന അഭ്യൂഹവും ഉയരുന്നുണ്ട്. എന്നാൽ മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ നിതീഷ് സഖ്യം വിടാനുള്ള സാധ്യത മുൻനിർത്തി അദ്ദേഹത്തെ തന്നെ പദവിയിൽ നിലനിർത്തിയേക്കുമെന്ന വിലയിരുത്തലുകളുമുണ്ട്.
ബിഹാറിൽ രാഹുൽ എഫക്ട് ഇല്ല എന്നാണ് എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത്. അതുപോലെ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജിന് തെരഞ്ഞെടുപ്പിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിക്കില്ലെന്നുമാണ് എക്സിറ്റ് പോളുകളുടെ വിലയിരുത്തൽ. തേജസ്വി യാദവിന്റെ ഒറ്റയാൾ പോരാട്ടത്തിൽ മഹാസഖ്യം 100 സീറ്റുകൾ വരെ നേടാമെന്നാണ് പ്രവചനം. രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുന്ന ബിഹാറിൽ എന്തു സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

