'ഭീരുത്വത്തിന്റെ എല്ലാ പരിധികളും ലംഘിച്ചു'; മോദിയുടെ അഭിമുഖത്തിനെതിരെ കോൺഗ്രസ്
text_fieldsന്യൂഡൽഹി: അമേരിക്കൻ മാസികയായ ന്യൂസ്‍വീക്കിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ അഭിമുഖത്തെ വിമർശിച്ച് കോൺഗ്രസ്. അഭിമുഖത്തിൽ ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധത്തെ സംബന്ധിച്ച് മോദി പറഞ്ഞിരുന്നു. ഇക്കാര്യത്തിലാണ് കോൺഗ്രസിന്റെ രൂക്ഷവിമർശനം. മുതിർന്ന നേതാവ് ജയ്റാം രമേശാണ് എക്സിലൂടെ വിമർശനവുമായി രംഗത്തെത്തിയത്.
ഭീരുത്വത്തിന്റെ എല്ലാ പരിധികളും മോദി ലംഘിച്ചുവെന്ന് ജയ്റാം രമേശ് പറഞ്ഞു. ചൈന നിരന്തരമായി ഇന്ത്യയുടെ പരമാധികാരത്തിലേക്ക് കടന്നു കയറുകയാണ്. എന്നാൽ, പ്രധാനമന്ത്രി ചൈനയുമായുള്ള തർക്കം എത്രയും പെട്ടെന്ന് പരിഹരിക്കുന്നതിനെ കുറിച്ച് മാത്രമാണ് സംസാരിച്ചതെന്ന് ജയ്റാം രമേശ് പറഞ്ഞു.
ചൈനക്ക് ശക്തമായ സന്ദേശം നൽകാനുള്ള അവസരമാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്. എന്നാൽ, അത്തരമൊരു സന്ദേശം നൽകുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. ചൈനയെ ഇന്ത്യയുടെ കൂടുതൽ ഭൂമി കൈയേറാൻ പ്രേരിപ്പിക്കുന്ന വിധത്തിലായിരുന്നു മോദിയുടെ പ്രതികരണമെന്നും ജയ്റാം രമേശ് വ്യക്തമാക്കി.
2020ൽ നിയന്ത്രണരേഖയിൽ വീരമൃത്യുവരിച്ച സൈനികരെ അപമാനിക്കുന്നതാണ് മോദിയുടെ പ്രസ്താവന. ഇക്കാര്യത്തിൽ ഇന്ത്യയിലെ 140 കോടി ജനങ്ങളോട് പ്രധാനമന്ത്രി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയും ചൈനയും തമ്മിൽ സമാധാനപരമായ ബന്ധമുണ്ടാവുന്നതാണ് ലോകത്തിന് നല്ലത്. നിലവിൽ ചൈനയുമായുള്ള പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും നരേന്ദ്ര മോദി അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

