സോണിയക്കും രാഹുലിനും എതിരായ കുറ്റപത്രം പ്രധാനമന്ത്രിയുടെ പ്രതികാര നടപടി -കോൺഗ്രസ്
text_fieldsന്യൂഡൽഹി: നാഷനൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച കുറ്റപത്രത്തിനെതിരെ കോൺഗ്രസ്. കേന്ദ്ര ഏജൻസിയുടെ നീക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികാര നടപടിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഇത്തരം പ്രതികാര നടപടിയിലൂടെ കോൺഗ്രസിനെ നിശബ്ദരാക്കാൻ കഴിയില്ലെന്ന് മുതിർന്ന നേതാവ് ജയറാം രമേശ് വ്യക്തമാക്കി.
'നാഷനൽ ഹെറാൾഡിന്റെ സ്വത്തുക്കൾ കണ്ടുകെട്ടുന്നത് നിയമവാഴ്ചയുടെ മറവിൽ സർക്കാർ സ്പോൺസർ ചെയ്ത കുറ്റകൃത്യമാണ്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മറ്റ് ചിലർ എന്നിവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചത് പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പ്രതികാര രാഷ്ട്രീയത്തിന്റെയും ഭീഷണിയുടെയും ഭാഗമാണ്. ഐ.എൻ.സിയെയും അതിന്റെ നേതൃത്വത്തെയും ഇതിലൂടെ നിശബ്ദമാക്കപ്പെടില്ല' -ജയറാം രമേശ് എക്സിൽ എഴുതി.
കേസുമായി ബന്ധപ്പെട്ട് സോണിയയേയും രാഹുലിനേയും പ്രതിചേർക്കുന്നത് ആദ്യമാണ്. പ്രത്യേക കോടതി ജഡ്ജി വിശാൽ ഗോഗ്നെക്ക് മുമ്പാകെ ഇ.ഡി സമർപ്പിച്ച കുറ്റപത്രം തുടർനടപടികൾക്കായി ഏപ്രിൽ 25ലേക്ക് മാറ്റി. സോണിയ ഒന്നാംപ്രതിയും രാഹുൽ രണ്ടാം പ്രതിയുമായുള്ള കുറ്റപത്രത്തിൽ കോൺഗ്രസ് നേതാക്കളായ സാം പിത്രോഡ, സുമൻ ദുബെ എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്. അന്തരിച്ച നേതാക്കളായ മോത്തിലാൽ വോറ, ഓസ്കാർ ഫെർണാണ്ടസ് എന്നിവരുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്.
അസോസിയേറ്റഡ് ജേണൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ (എ.ജെ.എൽ) 2,000 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ തെറ്റായ രീതിയിൽ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലിൽ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും 'യങ് ഇന്ത്യൻ' എന്ന സ്വകാര്യ കമ്പനിയുടെയും ക്രിമിനൽ ഗൂഢാലോചനയാണ് പരാതിയിൽ എടുത്തുകാണിച്ചത്. 2014 ജൂണിൽ ക്രമക്കേടുകൾ ആരോപിച്ച് ഡൽഹി കോടതിയിൽ വന്ന ഹരജിയെ തുടർന്നുള്ള ഉത്തരവിനു പിന്നാലെയാണ് ഇ.ഡി കേസെടുത്തത്. യങ് ഇന്ത്യൻ ഉൾപ്പെടെ കേസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും വ്യക്തികളും വിവിധ വകുപ്പുകൾ പ്രകാരം ക്രിമിനൽ വിശ്വാസ ലംഘനം, വഞ്ചന, ഗൂഢാലോചന എന്നിവ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ നടത്തിയെന്നാണ് ആരോപണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.