ചണ്ഡീഗഢ്: കോൺഗ്രസ് രാജ്യസഭ എം.പിയും ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയുടെ മകനുമായ ദീപേന്ദർ ഹൂഡക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹരിയാനയിൽ നിന്നും പ്രതിപക്ഷെത്ത പ്രതിനിധീകരിക്കുന്ന ഏക എം.പിയായ ഹൂഡ നിലവിൽ ഡൽഹിയിലാണുള്ളത്.
ട്വിറ്ററിലൂടെ 42കാരൻ തന്നെയാണ് കോവിഡ് പോസിറ്റീവായ വിവരം അറിയിച്ചത്. ഡോക്ടർമാരുടെ നിർദേശപ്രകാരം മറ്റ് പരിശോധനകൾ നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
താനുമായി ബന്ധം പുലർത്തിയ എല്ലാവരോടും ക്വാറൻറീനിൽ കഴിയാനും പരിശോധന നടത്താനും അദ്ദേഹം അഭ്യർഥിച്ചു. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സോനിപാതിലെ ബറോഡ മണ്ഡലത്തിൽ അദ്ദേഹം ഈയിടെ സന്ദർശനം നടത്തിയിരുന്നു.
കോൺഗ്രസ് എം.എൽ.എ ശ്രീകൃഷ്ണ ഹൂഡയുടെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ്.
നേരത്തെ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനും സ്പീക്കർ ജിയാൻ ചന്ദ് ഗുപ്തക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു. കേന്ദ്ര മന്ത്രി കൃഷൻ പൽ ഗുർജർ ഉൾപെടെ സംസ്ഥാനത്ത് നിന്നുള്ള നാല് ബി.ജെ.പി എം.പിമാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.