കോൺഗ്രസിനെ ഇരുട്ടിൽ നിർത്തി രാഹുൽ
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ ദയനീയമായി തോറ്റ കോൺഗ്രസ്, പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി സൃഷ്ടിച്ച അനിശ്ചിതത്വങ്ങൾക്ക് നടുവിൽ. 17ന് തുടങ്ങുന്ന പാർലമെൻറ് സമ്മേളനത്തിൽ സഭാ നേതാവായി നിന്ന് പാർട്ടിയെ നയിക്കുമോ, കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു തുടരുമോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഇനിയും ഉത്തരമായില്ല. സഭാതല ഏകോപനത്തിനുള്ള പദവികളിൽ ആരൊക്കെ, സഭയിലെ തന്ത്രങ്ങൾ എന്താകണം, തെരഞ്ഞെടുപ്പു തോൽവിയുടെ പശ്ചാത്തലത്തിൽ ഇനിയെന്ത് തുടങ്ങി നാനാവിധ ചോദ്യങ്ങൾക്കു മുന്നിൽ ഉത്തരമില്ലാതെ നിൽക്കുകയാണ് കോൺഗ്രസ്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ യോഗം കോൺഗ്രസ് പാർലമെൻററി പാർട്ടി നേതാവായി സോണിയ ഗാന്ധിയെ വീണ്ടും തെരഞ്ഞെടുത്ത്, സഭാ നേതാവിനെ നിശ്ചയിക്കുന്നത് അടക്കമുള്ള കാര്യങ്ങളെല്ലാം സോണിയയെ ഭരമേൽപിച്ചു പിരിയുകയാണ് ചെയ്തത്.
തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പടനായകൻ, ഇനി നയിക്കാനില്ലെന്നു പ്രഖ്യാപിച്ച് മുറിയിൽ കയറി വാതിലടച്ച അനുഭവമാണ് കോൺഗ്രസിെൻറ നേതാക്കൾക്കും അണികൾക്കുമുള്ളത്. ഇൗ ഘട്ടത്തിൽ പാർട്ടിക്ക് ഉൗർജവും ദിശാബോധവും തന്ത്രവുമെല്ലാം പകർന്നുനൽകേണ്ടത് നേതാവിെൻറ ഉത്തരവാദിത്തമാണ്. അതിൽനിന്ന് സ്വയം ഒഴിഞ്ഞുമാറി നിൽക്കുേമ്പാൾ, മുന്നിലുള്ള വഴിയേത് എന്നറിയാതെ നിൽക്കുകയാണ് അണികളും നേതാക്കളും.
രാഹുൽതന്നെ പ്രസിഡൻറ്
രാഹുൽതന്നെയാണ് കോൺഗ്രസ് പ്രസിഡൻറ് എന്ന് പാർലമെൻററി പാർട്ടി യോഗത്തിനുശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ പാർട്ടി വക്താവ് രൺദീപ് സിങ് സുർജേവാല വിശദീകരിച്ചു. രാഹുൽ രാജി സന്നദ്ധത പ്രവർത്തക സമിതി യോഗത്തിൽ അറിയിച്ചെങ്കിലും അത് കോൺഗ്രസ് തള്ളിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി പുനഃസംഘടനക്ക് രാഹുലിനെ ചുമതലപ്പെടുത്തിട്ടുണ്ട്. അതു വേഗം നടക്കുമെന്നാണ് വിശ്വാസമെന്നും അൽപംകൂടി കാത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘സഭാ നേതാവാകണം’
52 സീറ്റിലേക്ക് പാർട്ടി ഒതുങ്ങിപ്പോയെങ്കിലും ലോക്സഭയിൽ നിരവധി പദവികളിലേക്ക് യോഗ്യരായവരെ നിശ്ചയിച്ച് കോൺഗ്രസ് മുന്നോട്ടു പോകേണ്ടതുണ്ട്. പ്രതിപക്ഷ നേതാവു സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാൻ കഴിയില്ലെങ്കിലും പാർട്ടിയുടെ സഭാ നേതാവിനെ നിശ്ചയിക്കണം. രാഹുൽ ഗാന്ധി തന്നെ സഭാ നേതാവാകണമെന്ന് എം.പിമാർ ആവശ്യപ്പെടുന്നു. എന്നാൽ, കഴിഞ്ഞ തവണയും ഇൗ ആവശ്യം രാഹുൽ തള്ളിക്കളയുകയാണ് ചെയ്തത്. പകരം കർണാടകത്തിൽനിന്നുള്ള മല്ലികാർജുൻ ഖാർഗെയെ നിയോഗിച്ചു. ഖാർഗെ ഇത്തവണ തെരഞ്ഞെടുപ്പിൽ തോറ്റു.
വരുമോ മനീഷ് തിവാരി?
രാഹുൽ നേതൃസ്ഥാനം ഏറ്റെടുത്തില്ലെങ്കിൽ ഹിന്ദിയും ഇംഗ്ലീഷും നന്നായി കൈകാര്യം ചെയ്യാനറിയുന്ന, പാർലമെൻററി നടപടികളെക്കുറിച്ച് വ്യക്തമായ ബോധ്യവും പക്വതയുമുള്ള ഒരാളെ കണ്ടെത്തണം. ശശി തരൂർ, മനീഷ് തിവാരി, അധിർ രഞ്ജൻ ചൗധരി, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയ പേരുകൾ ഉയർന്നു നിൽക്കുന്നുണ്ടെങ്കിലും ഹിന്ദി പ്രാവീണ്യത്തിൽ മനീഷ് തിവാരിക്കു മാത്രമാണ് മാർക്ക്.
കഴിഞ്ഞ തവണ ചീഫ് വിപ്പായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയും ഇത്തവണ തോറ്റു. െഡപ്യൂട്ടി ചീഫ് വിപ് കെ.സി. വേണുേഗാപാൽ മത്സരിച്ചില്ല. സഭയിലെ കോൺഗ്രസ് ഉപനേതാവായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിങ് പഞ്ചാബ് മുഖ്യമന്ത്രിയായശേഷം ആ പദവിയിൽ മറ്റാരെയും വെച്ചിരുന്നില്ല. ലോക്സഭയിലെ പാർലമെൻററി പാർട്ടി സെക്രട്ടറി കൊടിക്കുന്നിൽ സുരേഷ് വീണ്ടും ജയിച്ചെങ്കിലും രാജ്യസഭയിൽ ആ പദവി വഹിച്ച രാജീവ് ശുക്ലയുടെ അംഗത്വ കാലാവധി തീർന്നു. ഇതെല്ലാം നികത്തപ്പെടണം.
സഭയിൽ പദവി കാത്ത്...
പ്രധാന പ്രതിപക്ഷ പാർട്ടിക്ക് െഡപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകുന്ന കീഴ്വഴക്കം മാറ്റി കഴിഞ്ഞതവണ പദവി എ.െഎ.എ.ഡി.എം.കെക്കാണ് ബി.ജെ.പി നൽകിയത്. എൻ.ഡി.എ സഖ്യത്തിന് പുറമെനിന്ന് നൽകുന്ന പിന്തുണ പരിഗണിച്ചായിരുന്നു ഇത്. കോൺഗ്രസിന് അവകാശപ്പെട്ട ഇൗ പദവി കിട്ടുമോ, ആരെ നിയമിക്കണം തുടങ്ങിയ കാര്യങ്ങളും അവ്യക്തം.
അപൂർവം നേതാക്കൾക്കുമാത്രം കഴിഞ്ഞ ദിവസങ്ങളിൽ മുഖം കൊടുത്ത രാഹുൽ ഗാന്ധി ശനിയാഴ്ച നടന്ന പാർലമെൻററി പാർട്ടി യോഗത്തിന് എത്തിയെങ്കിലും ഏഴു മിനിറ്റ് മാത്രമാണ് സംസാരിച്ചത്. യോഗ നടത്തിപ്പിെൻറ നേതൃപരമായ മറ്റു ചുമതലകളിൽനിന്നെല്ലാം ഒഴിഞ്ഞുനിൽക്കുകയാണ് ചെയ്തത്. പാർട്ടിയാകെട്ട, രാഹുലിെൻറ അടുത്ത ചുവടുകൾക്ക് കാതോർത്തു നിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
