‘സമ്മർദമോ അതോ രാഷ്ട്രീയ കണക്കുകൂട്ടലോ?’; മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണക്കാനുള്ള എൻ.സി.പി തീരുമാനത്തെ ചോദ്യം ചെയ്ത് കോൺഗ്രസ്
text_fieldsമുംബൈ: കേന്ദ്ര സർക്കാറിന്റെ മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണക്കാനുള്ള എൻ.സി.പി (എസ്.പി) തീരുമാനം നിർഭാഗ്യകരമാണെന്ന് കോൺഗ്രസ്. ഇത്തരമൊരു തീരുമാനം ഇൻഡ്യ സഖ്യത്തിന്റെ യോഗത്തിൽ ചർച്ച ചെയ്ത ശേഷമായിരുന്നു എടുക്കേണ്ടിയിരുന്നതെന്നും കോൺഗ്രസ് വിമർശിച്ചു.
പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണക്കുമെന്ന് എൻ.സി.പി നേതാവ് ജിതേന്ദ്ര അവ്ഹാദ് അറിയിച്ചിരുന്നു. പാർട്ടി അധ്യക്ഷൻ ശരദ് പവാറുമായുള്ള കൂടിക്കാഴ്ചക്കു പിന്നാലെയാണ് അദ്ദേഹം പാർട്ടി നിലപാട് വ്യക്തമാക്കിയത്. എൻ.സി.പിയുടെ തീരുമാനത്തിൽ അത്ഭുതം പ്രകടിപ്പിച്ച മഹാരാഷ്ട്ര കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത്, ശരദ് പവാറിന്റെ രാഷ്ട്രീയ യാത്ര മതേതരവും ജനാധിപത്യപരവുമായ മൂല്യങ്ങളുമായി ബന്ധപ്പെട്ടതായിരുന്നുവെന്നും പ്രതികരിച്ചു. പ്രതിപക്ഷ ഐക്യത്തിന്റെയും കൂട്ടായ തീരുമാനമെടുക്കലിന്റെയും പ്രാധാന്യം ചൂണ്ടിക്കാട്ടിയ സാവന്ത്, എൻ.സി.പിയുടെ തീരുമാനം സമ്മർദത്തെ തുടർന്നാണോ അതോ രാഷ്ട്രീയ കണക്കുകൂട്ടലുകളുടെ ഭാഗമായാണോ എടുത്തതെന്ന് കാലക്രമേണ വ്യക്തമാകുമെന്നും കൂട്ടിച്ചേർത്തു.
ബില്ലിനുപിന്നിലെ സർക്കാറിന്‍റെ ഉദ്ദേശ്യം ആത്മാർഥമല്ലെന്നും അധികാരത്തിൽ പിടിമുറുക്കാനുള്ള നീക്കമാണെന്നും സാവന്ത് ആരോപിച്ചു. പുതിയ സെൻസസ് നടത്താതെ മണ്ഡല പുനർനിർണയ നടപടികളുമായി മുന്നോട്ടുപോകുന്നതിന്റെ യുക്തിയെയും അദ്ദേഹം ചോദ്യം ചെയ്തു. ഇതിനെയാണ് രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ചുള്ള മണ്ഡല പുനർനിർണയം (Gerrymandering) എന്ന് വിളിക്കുന്നത്. ദേശീയതലത്തിലും ഇതേ പരീക്ഷണം ആവർത്തിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന കാര്യത്തിൽ സംശയമില്ലെന്നും സാവന്ത് കുറ്റപ്പെടുത്തി.
നവംബർ 30 മുതൽ ഡിസംബർ മൂന്നുവരെ നടക്കുന്ന പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിലാണ് കേന്ദ്ര സർക്കാർ വനിത സംവരണ ബില്ലിന്‍റെ പേരിൽ കൊണ്ടുവരുന്ന മണ്ഡല പുനർനിർണയ ബിൽ അവതരിപ്പിക്കുന്നത്. ബില്ലിന് വെള്ളിയാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. മണ്ഡല പുനർനിർണയ പ്രക്രിയ ഭരണഘടനാപരമായ ആവശ്യമാണെന്നാണ് എൻ.സി.പി പ്രതികരിച്ചത്. ‘മണ്ഡല പുനർനിർണയ പ്രക്രിയ ഭരണഘടനാപരമായ ആവശ്യകതയാണെന്ന പൊതുവായ കാര്യമാണ് ചർച്ചയായത്. മണ്ഡല പുനർനിർണയ നടപടികളെ പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഞങ്ങൾ തീർച്ചയായും അതിനെ പിന്തുണയ്ക്കും’ -ജിതേന്ദ്ര അവ്ഹാദ് മാധ്യമങ്ങളോട് പറഞ്ഞു.
ശനിയാഴ്ച ചേരുന്ന ഇൻഡ്യ സഖ്യത്തിന്റെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് എൻ.സി.പി നേതാവ് സുപ്രിയ സുലെ നേരത്തെ അറിയിച്ചിരുന്നു. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ പ്രതിപക്ഷ പാർട്ടികൾ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്. പിതാവ് ശരദ് പവാറിന്റെ അനാരോഗ്യമാണ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള കാരണമായി സുപ്രിയ ചൂണ്ടിക്കാട്ടിയത്.
തിങ്കളാഴ്ച ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ നിർബന്ധമായും പങ്കെടുക്കുകയും പാർട്ടി നിലപാടിനെ പിന്തുണക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർട്ടി എം.പിമാർക്ക് ശരദ് പവാർ പക്ഷ എൻ.സി.പി വിപ്പു നൽകി.
അതേസമയം, ജനാധികാരം കവരാനുള്ള ബി.ജെ.പിയുടെ ഗൂഢാലോചനയാണ് മണ്ഡല പുനർനിർണയ ബില്ലെന്നും അതിനെ പിന്തുണക്കുന്നവരെ 21ാം നൂറ്റാണ്ടിലെ വലിയ വഞ്ചകരായി ചരിത്രം രേഖപ്പെടുത്തുമെന്നും ഉദ്ധവ് പക്ഷ ശിവസേന നേതാവ് സഞ്ജയ് റാവുത്ത് ഓർമപ്പെടുത്തി. ബാൽതാക്കറെ ജീവിച്ചിരുന്നുവെങ്കിൽ ദേശവിരുദ്ധ ബില്ല് കൊണ്ടുവരാൻ സാധിക്കുമായിരുന്നില്ലെന്നും പവാറാകട്ടെ പോരാടാനാകാതെ അവശതയിലാണെന്നും റാവുത്ത് പറഞ്ഞു.
ലോക്സഭയിൽ എട്ട് എംപിമാരും രാജ്യസഭയിൽ ഒരു എം.പിയുമാണ് പാർട്ടിക്കുള്ളത്. 543 അംഗങ്ങളുള്ള ലോക്സഭയിൽ നിലവിൽ അഞ്ച് ഒഴിവുകളുള്ളതിനാൽ സഭയുടെ അംഗബലം 538 ആണ്. ഇതനുസരിച്ച് ഭരണഘടനാ ഭേദഗതി പാസാക്കാൻ ഏകദേശം 359 വോട്ടുകൾ ആവശ്യമാണ്.

