ന്യൂഡൽഹി: കോൺഗ്രസിനും നെഹ്റു കുടുംബത്തിനും എതിരെ അധിക്ഷേപം നടത്തിയ നരേന്ദ്ര മോദിക്ക് മറുപടിയുമായി രാഹുൽ ഗാന്ധി. ലോക്സഭയിൽ മോദി നടത്തിയത് രാഷ്ട്രീയ പ്രസംഗമാണെന്ന് രാഹുൽ പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ പ്രധാനമന്ത്രി അവഗണിച്ചെന്നും രാഹുൽ വ്യക്തമാക്കി.
ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിൽ റാഫേൽ വിമാന ഇടപാടിനെയോ കർഷകരെയോ യുവാക്കളുടെ തൊഴിലിനെയോ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചില്ല. രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാണെന്ന കാര്യം മോദി മറന്നു പോയതാകും ഇതിന് കാരണം. ചോദ്യങ്ങൾക്ക് മറുപടി നൽകാതെ പ്രതിപക്ഷത്തിനെതിരെ ആരോപണം ഉന്നയിക്കുക മാത്രമാണ് ചെയ്തതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന് നൽകിയ മറുപടിയിലാണ് കോൺഗ്രസിനും നെഹ്റു കുടുംബത്തിനും എതിരെ മോദി ആഞ്ഞടിച്ചത്. കോൺഗ്രസ് ചെയ്ത പാപത്തിന്‍റെ ഫലം ഒാരോ ദിവസവും രാജ്യം അനുഭവിച്ച് കൊണ്ടിരിക്കുന്നതെന്ന് മോദി ആരോപിച്ചു.
1947ൽ ഇന്ത്യാ വിഭജന കാലത്തും നിരവധി പരാതികൾ ഉയർന്നിരുന്നു. രാജ്യത്തെ വിഭജിക്കുന്നതിനു കൂട്ടുനിന്നവരാണ് കോൺഗ്രസ്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ കശ്മീരിന്‍റെ സ്ഥിതി മറ്റൊന്നാകുമായിരുന്നു. രാജീവ് ഗാന്ധിയുടെ അപമാനത്തില്‍ മനംനൊന്താണ് എന്‍.ടി രാമറാവു തെലുങ്കുദേശം പാര്‍ട്ടി ഉണ്ടാക്കിയതെന്നും മോദി പറഞ്ഞിരുന്നു.