കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: വോട്ടർ പട്ടിക പ്രസിദ്ധീകരിക്കണം ആവശ്യപ്പെട്ട് ശശി തരൂരും അസം എം.പിയും കത്തയച്ചു
text_fieldsഎ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക പ്രസിദ്ധീകരിക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമായി. അസമിൽ നിന്നുള്ള ലോക്‌സഭ എം.പി പ്രദ്യുത് ബൊർദോലോയ്, സംഘടനയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി (സി.ഇ.എ) തലവനായ മധുസൂദൻ മിസ്ത്രിക്ക് കത്തെഴുതി. ശശി തരൂർ എം.പിയും ഈ ആവശ്യം ഉന്നയിച്ച് മിസ്ത്രിക്ക് കത്തയച്ചതായാണ് വിവരം.
എല്ലാ ആശങ്കകളും ഇല്ലാതാക്കാനും സ്വതന്ത്രവും സുതാര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനും വോട്ടർ പട്ടിക പരസ്യമാക്കണമെന്നാണ് പ്രദ്യുത് ബൊർദോലോയ് കത്തിൽ അഭ്യർഥിക്കുന്നത്. കോൺഗ്രസ് വെബ്‌സൈറ്റിൽ സംസ്ഥാനതല വോട്ടർ പട്ടിക അപ്‌ലോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും അറിയുന്നു.
പാർട്ടിയിലെ 9,000ത്തോളം വരുന്ന ഇലക്ടറൽ കോളജ് രൂപവത്കരിക്കുന്ന പി.സി.സി പ്രതിനിധികളുടെ പട്ടിക നൽകണമെന്ന മനീഷ് തിവാരിയുടെ ആവശ്യത്തെ എം.പിമാരായ ശശി തരൂരും കാർത്തി ചിദംബരവും പിന്തുണച്ചിരുന്നു. കാർത്തിയും ബോർഡോലിയും ജി 23 ഗ്രൂപ്പിൽ അംഗങ്ങളല്ല.
അഞ്ച് വർഷം മുമ്പ് പാർട്ടി തെരഞ്ഞെടുപ്പ് നടന്നപ്പോൾ ഇലക്ടറൽ കോളജിൽ 9,531 പി.സി.സി പ്രതിനിധികൾ ഉണ്ടായിരുന്നു. ഇത്തവണത്തെ വോട്ടർമാരുടെ കൃത്യമായ എണ്ണം സി.ഇ.എ വെളിപ്പെടുത്തിയിട്ടില്ല. 2017ൽ രാഹുൽ ഗാന്ധി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇത്തവണ മത്സരം ഉണ്ടായേക്കുമെന്നാണ് സൂചന.
"തീർച്ചയായും, വോട്ടർ പട്ടികയിൽ സുതാര്യത ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു. അതാണ് മനീഷ് ആവശ്യപ്പെട്ടതെങ്കിൽ, എല്ലാവരും അംഗീകരിക്കുന്ന ഒരു തത്വമാണിതെന്ന് എനിക്ക് ഉറപ്പുണ്ട്. ആർക്കൊക്കെ നോമിനേറ്റ് ചെയ്യാം, ആർക്കൊക്കെ വോട്ട് ചെയ്യാം എന്ന് എല്ലാവരും അറിഞ്ഞിരിക്കണം. അതിൽ തെറ്റൊന്നുമില്ല", തരൂർ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

