കോൺഗ്രസിന് പുതിയ അധ്യക്ഷൻ ഡിസംബറിൽ
text_fieldsന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ തീയതി പാർട്ടി പ്രവർത്തകസമിതി യോഗം പ്രഖ്യാപിച്ചു. ഡിസംബർ 16നാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഡിസംബർ ഒന്നിന് പുറത്തിറക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ നാല്. അഞ്ചിന് സൂക്ഷ്മ പരിശോധന. ഡിസംബർ 11ന് പത്രിക പിൻവലിക്കലും അന്തിമ പട്ടിക പുറത്തിറക്കലും. ഡിസംബർ 19ന് വോട്ടെണ്ണലും ഫലം പ്രഖ്യാപനവും നടക്കും. പ്രവർത്തക സമിതിയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് തീയതി പ്രഖ്യാപിച്ചത്.
രാജ്യത്തെ മുഴുവൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റികളും രാഹുലിന്‍റെ പേര് നിർദേശിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന് എതിർ സ്ഥാനാർഥികൾ ഉണ്ടാവാൻ ഇടയില്ല. അതിനാൽ പത്രിക പിൻവലിക്കാനുള്ള തീയതിയായ ഡിസംബർ നാലിന് തന്നെ പുതിയ അധ്യക്ഷന്‍റെ പേര് ഒൗദ്യോഗികമായി പ്രഖ്യേപിച്ചേക്കും. ഡിസംബറിൽ ചേരുന്ന എ.െഎ.സി.സി സമ്മേളനത്തിലാണ് രാഹുലിനെ പ്രസിഡൻറായി വാഴിക്കുന്ന പ്രക്രിയ പൂർത്തിയാക്കുക.

രാഹുൽ ഗാന്ധിയെ ഒൗപചാരികമായി അധ്യക്ഷനായി തെരഞ്ഞെടുക്കുന്നതിന്റെ സമയം തീരുമാനിക്കാനുള്ള നിർണായക യോഗം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയായ 10 ജൻപഥിലാണ് ചേർന്നത്. പ്രവർത്തക സമിതിയംഗങ്ങളെ കൂടാതെ പ്രത്യേക ക്ഷണിതാക്കളും യോഗത്തിൽ പങ്കെടുത്തു. അധ്യക്ഷ പദവിയിലേക്ക് രാഹുലിന് എതിർ സ്ഥാനാർഥികളില്ലെങ്കിലും സംഘടനപരമായ അംഗീകാര നടപടികൾ പൂർത്തിയാക്കാൻ സോണിയ നിർദേശിച്ചതിെൻറ അടിസ്ഥാനത്തിലായിരുന്നു യോഗം.
ഡിസംബർ നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍റെ വേളയിൽ തന്നെ പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാനാണ് കോൺഗ്രസ് നീക്കം. തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നതിനൊപ്പം രാഹുലിനെ ഒൗപചാരികമായി പാർട്ടിയുടെ അമരത്ത് എത്തിക്കുകയാണ് കോൺഗ്രസിെൻറ ലക്ഷ്യം. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുക രാഹുൽ ആയിരിക്കും.
ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് പാർട്ടി തകർച്ചയെ അഭിമുഖീകരിച്ച 1998ലാണ് സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദവിയിലെത്തുന്നത്. യു.പി.എ എന്ന രാഷ്ട്രീയ മുന്നണിക്ക് രൂപം നൽകിയ സോണിയ, കോൺഗ്രസിനെ അധികാരത്തിലേക്ക് തിരികെ കൊണ്ടുവന്നു. കഴിഞ്ഞ 19 വർഷമായി അവർക്ക് പാർട്ടിയിൽ എതിരാളികളില്ല. അടുത്ത കാലത്ത് അസുഖത്തെ തുടർന്ന് 70കാരിയായ സോണിയക്ക് പൂർണ വിശ്രമം ഡോക്ടർമാർ നിർദേശിച്ചിരുന്നു. തുടർന്ന് 2013ൽ രാഹുൽ ഗാന്ധിയെ കോൺഗ്രസ് ഉപാധ്യക്ഷനായി തെരഞ്ഞെടുത്തു.
Here is the schedule for the election of Congress President, as approved by the Congress Working Committee today. pic.twitter.com/MF43tsZYlY
— Congress (@INCIndia) November 20, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
