ഡൽഹി പിടിക്കാൻ കോൺഗ്രസ് പടയൊരുക്കം, ആം ആദ്മിക്ക് നെഞ്ചിടിപ്പ്, തക്കം പാർത്ത് ബി.ജെ.പി
text_fieldsന്യൂ ഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന് ആം ആദ്മി പാർട്ടി (ആപ്) പ്രഖ്യാപിച്ചു കഴിഞ്ഞു. മത്സരം തങ്ങളും ബി.ജെ.പിയുമായാണെന്നും കോൺഗ്രസിനെ മൈൻഡ് ചെയ്യേണ്ടതില്ലെന്നുമാണ് കെജ്രിവാളിന്റെയും സംഘത്തിന്റെയും നിലപാട്. പൊന്നുരുക്കുന്നിടത്ത് കോൺഗ്രസിനെന്തു കാര്യം എന്നാണ് ആപ്പുകാർ ചൊല്ലി നടക്കുന്നത്. പക്ഷേ, വീണ്ടും ചൂലുമായി രാജ്യ തലസ്ഥാനം പിടിക്കാനിറങ്ങുന്ന ആപ്പിന് കാര്യങ്ങൾ അത്ര അനായാസമല്ല എന്നാണ് ഗ്രൗണ്ട് ലെവലിൽ കിട്ടുന്ന റിപ്പോർട്ട്.
ഏതാനും ആഴ്ചകൾക്ക് മുമ്പുവരെ പരാമർശിക്കാൻ പോലുമില്ലാതിരുന്ന കോൺഗ്രസ് ആം ആദ്മിയെ വിറളി പിടിപ്പിച്ചുകൊണ്ട് വൻ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്നതായി ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്യുന്നു. 2020ൽ നിയമസഭയിലെ 70 സീറ്റുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ബി.ജെ.പിയെ നിഷ്പ്രഭമാക്കിക്കൊണ്ട് 63 സീറ്റുകൾ പിടിച്ചടക്കിയായിരുന്നു ആം ആദ്മിയുടെ പ്രകടനം. ദീർഘകാലം ഡൽഹി ഭരിച്ച കോൺഗ്രസിന് ഒരൊറ്റ സീറ്റുപോലും കിട്ടിയില്ല. പ്രതിപക്ഷത്തെ നിയമസഭ സമ്മേളനത്തിന് വേണമെങ്കിൽ ഒരു ഓട്ടോ റിക്ഷയിൽ കൊണ്ടുവരാം എന്നുപോലും അക്കാലത്ത് തമാശ പ്രചരിച്ചിരുന്നു.
പക്ഷേ, കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ കോൺഗ്രസ് വൻ ഉയിർത്തെഴുന്നേൽപ്പാണ് സംസ്ഥാനത്ത് കാഴ്ചവെക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഡൽഹിയിൽ ഒരു ശക്തിയായി സ്വയം പുനഃസ്ഥാപിക്കാൻ കോൺഗ്രസ് നടത്തുന്ന തീവ്രമായ ശ്രമമാണ് ഈ മാറ്റത്തിന് കാരണം. അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് അധികാരത്തിലേറിയ കെജ്രിവാളും സംഘവും ഇപ്പോൾ അഴിമതിയാരോപണത്തിൽ പെട്ട് നട്ടംതിരിയുകയാണ്. കെജ്രിവാളിനു തന്നെ മുഖ്യമന്ത്രി പദം ഉപേക്ഷിക്കേണ്ടിവന്നു. ആതിഷി മർലേനയെ മുഖ്യമന്ത്രിയാക്കിയെങ്കിലും കെജ്രിവാൾ തന്നെയാണ് പിൻസീറ്റ് ഭരണം നടത്തുന്നത് എന്ന് മറ്റു പാർട്ടികൾ ആക്ഷേപമുന്നയിക്കുന്നുണ്ട്.
പുതുനിരയുടെ പടയൊരുക്കം
രാഷ്ട്രീയ നിലപാടുകൾക്കപ്പുറം ഡൽഹി പോലൊരു മെട്രോ നഗരത്തിലെ മധ്യവർഗത്തിന്റെ താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകിയും ആനുകൂല്യങ്ങൾ അനുവദിച്ചുമായിരുന്നു ആപ് രാജ്യ തലസ്ഥാനം കീഴടക്കിയത്. പക്ഷേ, അതിനിടയിൽ ഉയർന്ന അപസ്വരങ്ങൾ ഇപ്പോൾ പാർട്ടിയെ അടിമുടി ഉലച്ചിരിക്കുന്നു. ഈ അവസരം മുതലെടുത്താണ് കോൺഗ്രസിലെ പുതുനിര നേതാക്കളുടെ മുൻകൈയിൽ ഡൽഹിയിൽ പുതിയ പടയൊരുക്കം നടക്കുന്നത്.
ഡൽഹി ദീർഘകാലം ഭരിച്ച കോൺഗ്രസ് ബി.ജെ.പിയുടെ കുതിച്ചു ചാട്ടത്തിൽ നിഷ്പ്രഭരായി പോയതാണ്. സമീപകാല തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ശക്തമായ ഒരു ത്രികോണ മത്സരത്തിന്റെ സൂചനപോലുമില്ലാത്തവിധം സമ്പൂർണമായ കീഴടങ്ങലായിരുന്നു കോൺഗ്രസിന്റെത്. എന്നാൽ, ഇൻഡ്യ സഖ്യവും രാഹുൽ ഗാന്ധിയുടെ പുതിയ നീക്കങ്ങളും കോൺഗ്രസിന് പുതിയ ഉണർവേകിയിട്ടുണ്ട്. പോരാത്തതിന് കോൺഗ്രസുമായി യാതൊരു സഖ്യവുമില്ലെന്ന് ആപ് പ്രഖ്യാപിക്കുക കൂടി ചെയ്തത് കോൺഗ്രസിന് ഊർജം പകർന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. അതോടെ ആപ് പാളയത്തിലും അങ്കലാപ്പ് തുടങ്ങിയിട്ടുണ്ട്. ഇൻഡ്യ സഖ്യത്തിൽ നിന്നും കോൺഗ്രസിനെ കൈയൊഴിയാൻ ആപ് മറ്റ് പാർട്ടികളിൽ സമ്മർദം ചെലുത്തുന്നത് അതിന്റെ തെളിവാണെന്ന് ഇൻഡ്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു.
കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപ്പിലെ അപകടം തിരിച്ചറിഞ്ഞ കെജ്‍രിവാൾ നിരാശയിലാണെന്ന് പാർട്ടി വൃത്തങ്ങൾ തന്നെ സൂചിപ്പിക്കുന്നതായി ഇൻഡ്യ ടുഡേ പറയുന്നു. ഡിസംബർ 11 ന് അരവിന്ദ് കെജ്‌രിവാൾ തന്റെ പാർട്ടി ഇനി കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് വഴിത്തിരിവുണ്ടാകുന്നത്. അപമാനിതരായ കോൺഗ്രസ് നേതൃത്വം തങ്ങളുടെ രാഷ്ട്രീയ സാന്നിധ്യം പുനർ നിർമിക്കുന്നതിലും പോരാട്ട നിലപാടെടുക്കുന്നതിലും കടുത്ത നപടികളാണ് സ്വീകരിക്കുന്നത്.
ആപിനെയും ബി.ജെ.പിയെയും ലക്ഷ്യമിട്ട് കോൺഗ്രസ് ഒരു ‘ധവളപത്രം’ പുറത്തിറക്കിയിട്ടുണ്ട്. ഭരണത്തെ വിമർശിച്ചുകൊണ്ട് ഇരു പാർട്ടികൾക്കും ബദലായി സ്വയം പ്രഖ്യാപിച്ചാണ് കോൺഗ്രസിന്റെ നീക്കം. കൂടാതെ, നിർദിഷ്ട പദ്ധതികളിലൂടെ പാർട്ടി വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുകയും വ്യക്തിഗത വിവരങ്ങൾ ശേഖരിച്ച് വോട്ടർമാരുടെ സ്വകാര്യത ലംഘിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് കോൺഗ്രസിന്റെ യുവജന വിഭാഗം ആപ്പിനെതിരെ പരാതി നൽകിയിട്ടുണ്ട്. തന്ത്രപരമായ ഈ നീക്കം പരമ്പരാഗത എതിരാളിയായ ബി.ജെ.പിയെക്കാൾ ആപിന്റെ ആധിപത്യത്തെ വെല്ലുവിളിക്കാനുള്ള കോൺഗ്രസിന്റെ ദൃഢനിശ്ചയത്തെ സൂചിപ്പിക്കുന്നതായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
ചരിത്രപരമായ മണ്ടത്തരം
ആപുമായുണ്ടാക്കിയ സഖ്യത്തിൽ പല മുതിർന്ന കോൺഗ്രസ് നേതാക്കളും ഖേദം പ്രകടിപ്പിക്കുന്നുണ്ട്. തന്ത്രപരമായ പിഴവായിരുന്നു ഇതെന്നാണ് അവരുടെ പക്ഷം. ഡൽഹി ഭരണത്തിനെതിരെ ശക്തമായ വിമർശനം ഉന്നയിക്കുന്ന സമയത്ത് ലോക്സഭ തെരഞ്ഞെടുപ്പിൽ ആപുമായി സഖ്യമുണ്ടാക്കിയത് കോൺഗ്രസിന് തിരിച്ചടിയായെന്ന് അജയ് മാക്കൻ അടക്കമുള്ള നേതാക്കൾ തന്നെ തുറന്നുപറയുന്നു. 2013 ൽ 49 ദിവസം മാത്രം അധികാരത്തിലേറിയ ആപ് സർക്കാരിന് കോൺഗ്രസ് നൽകിയ പിന്തുണ ഡൽഹിയുടെ രാഷ്ട്രീയ ഭൂപ്രകൃതിയെ പ്രതികൂലമായി ബാധിച്ച വലിയ തെറ്റായിരുന്നുവെന്ന് അജയ് മാക്കൻ പറയുന്നു. ഈ തീരുമാനമാണ് ആപിന്റെ ഉയർച്ച ത്വരിതപ്പെടുത്തിയതും കോൺഗ്രസിന്റെ സ്വാധീനം ഇല്ലാതാക്കിയതും എന്നാണ് നേതാക്കൾ പറയുന്ന്. അതുകൊണ്ടുതന്നെ ഇക്കുറി കളം പിടിക്കാൻ മികച്ച സ്ഥാനാർഥികളെ തന്നെ രംഗത്തിറക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ജനങ്ങൾക്കിടയിൽ രൂപപ്പെട്ട അധികാരവിരുദ്ധത പരമാവധി മുതലാക്കി ബി.ജെ.പിയെക്കാൾ മുന്നിൽ ഇതിനകം എത്താൻ കോൺഗ്രസിന് കഴിഞ്ഞതായി രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നു. ആപിൽ നിന്ന് അടർത്തിയെടുത്ത നേതാക്കൾക്ക് സീറ്റ് നൽകിയും കെജ്രിവാളിനെതിരെ മുൻമഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകനെ പോലുള്ള യുവ നേതാക്കളെ തന്നെ രംഗത്തിറക്കിയുമാണ് കോൺഗ്രസ് നീക്കം. 47 സ്ഥാനാർഥികളെയാണ് ആദ്യ ഘട്ടത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി അതിഷിക്കെതിരെ കോൺഗ്രസ് ദേശീയ വനിതാ വിഭാഗം പ്രസിഡന്റ് അൽക്ക ലാംബയെ തന്നെ രംഗത്തിറക്കിയേക്കുമെന്നാണ് അറിയുന്നത്. പുതുമുഖങ്ങൾ മാത്രമല്ല, ഒരു കാലത്ത് ആപിൽ മുതിർന്ന സ്ഥാനങ്ങൾ വഹിച്ചിരുന്ന നേതാക്കളും കോൺഗ്രസ് ലിസ്റ്റിൽ ഉൾപ്പെടുന്നു. ബിജ്വാസനിൽ നിന്നുള്ള കേണൽ ദേവേന്ദ്ര സെഹ്‌രാവത്, മതിയ മഹലിൽ നിന്നുള്ള അസിം അഹമ്മദ് ഖാൻ എന്നിവരെപ്പോലുള്ളവർ ആപിനെ തളയ്ക്കാൻ പോന്നവരാണെന്ന് കോൺഗ്രസ് കരുതുന്നു.
ദലിത് - മുസ്‍ലിം നിർണായകം
മറ്റ് പ്രധാന മത്സരാർഥികളായ ഹാറൂൺ യൂസഫ്, ഫർഹാദ് സൂരി, ദേവേന്ദ്ര യാദവ്, ചൗധരി അനിൽ കുമാർ, മുകേഷ് ശർമ, അഭിഷേക് ദത്ത്, ജിതേന്ദ്ര കൊച്ചാർ എന്നിവരും ശക്തമായ മത്സരത്തിന് കെൽപ്പുള്ളവരാണെന്ന് കോൺഗ്രസ് കരുതുന്നു. കൂടുതൽ യുവാക്കളെ രംഗത്തിറക്കുന്നതിലൂടെ യുവ വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമമാണ് കോൺഗ്രസിന്റെത്.
ഏറ്റവും നിർണായകമായ ദലിത് - മുസ്‍ലിം വോട്ടുകൾ ഇക്കുറി തങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. 12 ശതമാനം മുസ്‍ലിംകളും 17 ശതമാനം പട്ടികജാതി വോട്ടർമാരും ഡൽഹിയിലുണ്ട്. മുസ്‍ലിം വോട്ടർമാർ നിർണായക പങ്ക് വഹിക്കുന്ന ഏഴോളം അസംബ്ലി മണ്ഡലങ്ങളുണ്ട്. ഒരുകാലത്ത് കോൺഗ്രസ് കോട്ടയായിരുന്ന ആ മണ്ഡലങ്ങൾ ഇപ്പോൾ ആപിന്റെ തട്ടകമാണ്. 2020 ലെ വടക്കുകിഴക്കൻ ഡൽഹി കലാപത്തെത്തുടർന്ന്, ആം ആദ്മി പാർട്ടിക്ക് ന്യൂനപക്ഷ വോട്ടർമാരുടെ വിശ്വാസം നഷ്‌ടപ്പെട്ടതായി പറയപ്പെടുന്നു. ഇത് ഈ നിർണായക മണ്ഡലങ്ങളിൽ കോൺഗ്രസിന് കാലുറപ്പിക്കാൻ വഴിയൊരുക്കും. ഈ വോട്ടർമാർ കോൺഗ്രസിലേക്ക് തിരിച്ചുവന്നാൽ, നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലത്തെ തന്നെ നാടകീയമായി മാറ്റിമറിച്ചേക്കാം.
കാവി സ്വപ്നങ്ങൾ
അതേസമയം, കോൺഗ്രസിന്റെ ഈ ഉയിർത്തെഴുന്നേൽപ്പ് ബി.ജെ.പി ക്യാമ്പിനെ ആഹ്ലാദത്തിലാക്കുന്നു. ശക്തമായ ത്രികോണമത്സരം വന്നാൽ അത് തങ്ങൾക്ക് അനുകൂലമായിരിക്കും എന്നാണ് കാവിസഖ്യം കണക്കുകൂട്ടുന്നത്. സമീപകാല തെരഞ്ഞെടുപ്പുകളിൽ സഖ്യസാധ്യതകൾ പൊളിച്ച് പ്രതിരോധ നിരയെ ദുർബലമാക്കാൻ കഴിഞ്ഞതുപോലെ ഡൽഹിയിലും നടപ്പാക്കാനുള്ള സാധ്യതയായാണ് ബി.ജെ.പി കാണുന്നത്. കോൺഗ്രസിന് കിട്ടുന്ന വോട്ടുകൾ ആപിന്റെ പെട്ടിയിൽ നിന്നാവും പോവുക എന്നാണ് അവരുടെ കണക്കുകൂട്ടൽ. ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിക്കുന്നതിലൂടെ തങ്ങൾക്ക് വഴി സുഖമമാവുമെന്ന് അവർ കരുതുന്നു.
കണക്കുകൂട്ടലുകൾ എന്തായാലും അപ്രതീക്ഷിതമായ തിരിച്ചുവരവ് കോൺഗ്രസ് ഡൽഹിയിൽ കാഴ്ചവെക്കുന്നതായി രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. അവസാന ചിത്രം വീണ്ടും ആപിന് അനുകൂലമാകുമോ അതോ, ഡൽഹി വീണ്ടും കോൺഗ്രസ് ഭരണത്തിലാകുമോ അതോ ത്രികോണത്തിന്റെ ഗുണം ബി.ജെ.പിക്ക് പോകുമോ എന്നറിയാൻ വോട്ടെണ്ണി കഴിയുന്നതുവരെ കാത്തിരിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.