വോട്ടുയന്ത്രം വേണ്ട, ബാലറ്റിലേക്ക് മടങ്ങണം –പ്ലീനറി സമ്മേളനം
text_fieldsന്യൂഡൽഹി: വോട്ടുയന്ത്രങ്ങൾ ഉപേക്ഷിച്ച് ബാലറ്റ് പേപ്പർ സമ്പ്രദായത്തിലേക്ക് തിരിച്ചുപോകണമെന്ന് കോൺഗ്രസ്. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കണമെന്ന മോദിസർക്കാറിെൻറ അഭിപ്രായം പാർട്ടി പ്ലീനറി സമ്മേളനം തള്ളി. പ്രമുഖ ജനാധിപത്യ രാജ്യങ്ങളിലെല്ലാം വോെട്ടടുപ്പിന് ബാലറ്റ് പേപ്പറാണ് ഉപയോഗിക്കുന്നത്. ജനവിധി അട്ടിമറിക്കാൻ വോട്ടുയന്ത്രം ദുരുപയോഗം നടക്കുന്നുവെന്ന് പരക്കെ ആശങ്കയുണ്ട്. വോെട്ടടുപ്പും വോെട്ടണ്ണലും സുതാര്യമാക്കി തെരഞ്ഞെടുപ്പു സമ്പ്രദായത്തിൽ ജനവിശ്വാസം നിലനിർത്തണമെന്ന് 84ാം പ്ലീനറി സേമ്മളനം രാഷ്്ട്രീയ പ്രമേയത്തിൽ പറഞ്ഞു. നേരത്തേ ബി.എസ്.പി, ആം ആദ്മി പാർട്ടി തുടങ്ങി നിരവധി പാർട്ടികൾ വോട്ടുയന്ത്രത്തെ തള്ളിപ്പറഞ്ഞിരുന്നു.
ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒറ്റസമയത്ത് തെരഞ്ഞെടുപ്പു നടത്തുന്നത് ഭരണഘടനക്ക് നിരക്കുന്നതല്ല; പ്രായോഗികവുമല്ല. ബി.ജെ.പി നീക്കത്തിന് ദേശീയതലത്തിൽ സമവായമില്ല. പൊതുതെരഞ്ഞെടുപ്പിനു മുമ്പ് വനിതാസംവരണ ബിൽ പാസാക്കാനും നടപ്പാക്കാനും നടപടി സ്വീകരിച്ചാൽ കോൺഗ്രസ് പിന്തുണക്കും.രാഷ്ട്രീയ അസ്ഥിരതയുണ്ടാക്കാൻ പണക്കരുത്ത് ദുരുപയോഗിക്കുന്നതിനാൽ, കൂറുമാറുന്ന ജനപ്രതിനിധികളെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് ആറു വർഷത്തേക്ക് വിലക്കണം. പ്രതികാരം തീർക്കാനും രാഷ്ട്രീയ എതിരാളികളെ ഒതുക്കാനും കേന്ദ്ര ഏജൻസികളെ ബി.ജെ.പി സർക്കാർ ദുരുപയോഗിക്കുകയാണ്.
മാധ്യമങ്ങളുടെ ശബ്ദവും അതുവഴി സത്യവും അടിച്ചമർത്താൻ ഏകാധിപത്യ പ്രവണതയുള്ള സർക്കാർ എല്ലാ ശ്രമവും നടത്തുന്നു. വിവേചനവും ദത്തെടുക്കലും രീതിയായി മാറിയിരിക്കുന്നു. ജനാധിപത്യം സംരക്ഷിക്കാൻ ദേശീയ കാഴ്ചപ്പാടോടെ സന്തുലിത സമീപനം മാധ്യമങ്ങൾ പുനഃസ്ഥാപിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. തൊഴിലാളികൾ, യുവാക്കൾ, പിന്നാക്ക-ന്യൂനപക്ഷങ്ങൾ, കർഷകർ എന്നിവരെയെല്ലാം ബി.ജെ.പി സർക്കാർ ചതിക്കുകയാണ് ചെയ്തത്. ഭരണഘടനാ മൂല്യങ്ങൾക്കു നേരെ ആക്രമണം നടക്കുന്നു. വ്യക്തിയുടെയും സ്ഥാപനങ്ങളുടെയും സ്വാതന്ത്ര്യം അപകടത്തിലാണ്-പ്രമേയത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
