Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡി.എം.കെ-കോൺഗ്രസ്...

ഡി.എം.കെ-കോൺഗ്രസ് ചർച്ച വഴിമുട്ടി; വിജയ്ക്കൊപ്പം നീങ്ങാനും കോൺഗ്രസ് ആലോചന

text_fields
bookmark_border
ഡി.എം.കെ-കോൺഗ്രസ് ചർച്ച വഴിമുട്ടി; വിജയ്ക്കൊപ്പം നീങ്ങാനും കോൺഗ്രസ് ആലോചന
cancel

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിലെ ഡി.എം.കെ-കോൺഗ്രസ് സീറ്റ് വിഭജന ചർച്ച വഴിമുട്ടി നിൽക്കുന്നു. ഇരുകൂട്ടരും വിട്ടുവീഴ്ചയില്ലാതെ ഉറച്ച നിലപാട് സ്വീകരിച്ചതോടെയാണിത്. ഡി.എം.കെ സഖ്യത്തിലെ കോൺഗ്രസ് ഒഴിച്ചുള്ള മറ്റു കക്ഷികളുമായി ചർച്ച പുരോഗമിക്കുകയുമാണ്.

മാന്യമായ ധാരണ ഉണ്ടാവാത്തപക്ഷം വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടി.വി.കെ) പക്ഷത്തേക്ക് നീങ്ങാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. ഡി.എം.കെ നേതൃത്വവുമായി വിലപേശൽ തുടരവെ ടി.വി.കെ കേന്ദ്രങ്ങളുമായും കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തുന്നുണ്ട്. ഡി.എം.കെ സഖ്യം വിജയിച്ചാൽ ഭരണ പങ്കാളിത്തം വേണമെന്ന കോൺഗ്രസ് ആവശ്യം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തള്ളിയിരുന്നു.

തെരഞ്ഞെടുപ്പ് ചർച്ചക്കായി തമിഴ്നാടിന്റെ ചുമതലയുള്ള എ.ഐ.സി.സി നിരീക്ഷകൻ ഗിരിഷ് സോഡങ്കറിന്റെ നേതൃത്വത്തിൽ നിയമിച്ച അഞ്ചംഗ സമിതിയുമായി ഡി.എം.കെ നേതൃത്വം ഇതേവരെ ചർച്ച നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇതിനിടയിലാണ് ഫെബ്രുവരി 22ന് അഖിലേന്ത്യ കോൺഗ്രസ് സംഘടന സെക്രട്ടറി കെ.സി. വേണുഗോപാൽ ഡി.എം.കെ അധ്യക്ഷൻ കൂടിയായ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ സന്ദർശിച്ചത്.

കൂടിക്കാഴ്ചക്കിടെ നൽകിയ കത്തിൽ കോൺഗ്രസിന് 41 നിയമസഭ സീറ്റുകളും രണ്ട് രാജ്യസഭ സീറ്റുകളുമാണ് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ ഗിരിഷ് സോഡങ്കർ 23ന് ഡി.എം.കെ ഡെപ്യൂട്ടി ജന. സെക്രട്ടറിയും എം.പിയുമായ കനിമൊഴിയെ സന്ദർശിച്ച് ചർച്ച നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. തമിഴ്നാട്ടിൽ 12 മുതൽ 20 വരെ ശതമാനം വോട്ടുവിഹിതമുെണ്ടന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്.

39 നിയമസഭ സീറ്റുകളും രണ്ട് രാജ്യസഭ സീറ്റുകളും എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കോൺഗ്രസ്. 25 നിയമസഭ സീറ്റുകളും ഒരു രാജ്യസഭ സീറ്റും നൽകാമെന്നാണ് ഡി.എം.കെയുടെ നിലപാട്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച 25 സീറ്റുകളിൽ 18 എണ്ണത്തിൽ വിജയിച്ചു.

അതേസമയം, ടി.വി.കെ കോൺഗ്രസിന് നൂറു സീറ്റുകൾ നൽകാമെന്നും അധികാരത്തിലേറിയാൽ മന്ത്രിസഭ പങ്കാളിത്തവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ടി.വി.കെയോടൊപ്പം ചേർന്ന് മത്സരിക്കുന്നതിലൂടെ സംഘടനയെ ശക്തിപ്പെടുത്താൻ കഴിയുമെന്നും കോൺഗ്രസ് കരുതുന്നു. മാർച്ച് അഞ്ചിന് രാഹുൽ ഗാന്ധി തമിഴ്നാട്ടിലെത്തുന്നതിനു മുമ്പ് സഖ്യം സംബന്ധിച്ച തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിജയ് അനുകൂല കോൺഗ്രസ് വിജയ് പക്ഷത്തേക്ക് പോയാലും ആശങ്കപ്പെടാനില്ലെന്നാണ് ഡി.എം.കെ നേതൃത്വത്തിന്റെ വിലയിരുത്തൽ. കമൽഹാസന്റെ മക്കൾ നീതിമയ്യം, പ്രേമലത വിജയ്കാന്തിന്റെ ഡി.എം.ഡി.കെ എന്നിവ പുതുതായി ഡി.എം.കെ സഖ്യത്തിൽ ചേർന്നിട്ടുണ്ട്. ഇതിന് പുറമെ ഡോ. രാമദാസിന്റെ നേതൃത്വത്തിലുള്ള പാട്ടാളി മക്കൾ കക്ഷി വിഭാഗത്തെയും സഖ്യത്തിലെത്തിക്കാൻ ഡി.എം.കെക്ക് പദ്ധതിയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TamilnadudmkCongress
News Summary - Congress plans to move with Vijay
Next Story