കോൺഗ്രസ് ശരീഅത്ത് നിയമത്തെ അനുകൂലിക്കുന്നു -വീണ്ടും വിദ്വേഷ പ്രസംഗവുമായി മോദി
text_fieldsന്യൂഡൽഹി: ഏകസിവിൽ കോഡിനെ എതിർക്കുന്ന കോൺഗ്രസ് മുസ്‍ലിം വ്യക്തിഗത നിയമത്തിന്റെ മറവിൽ ശരീഅത്ത് നിയമത്തെ പിന്തുണക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിമാചൽ പ്രദേശിലെ മാണ്ഡി ലോക്സഭ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കവെയാണ് മോദിയുടെ വിദ്വേഷ പ്രസംഗം.
ഏക സിവിൽ കോഡ് നടപ്പാക്കുമെന്നത് തന്റെ പ്രതിജ്ഞയായിരുന്നുവെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. ഹിന്ദു, മുസ്‍ലിം, സിഖ്, ക്രിസ്ത്യൻ, ബുദ്ധിസ്റ്റ് തുടങ്ങി എല്ലാ മതവിഭാഗങ്ങളിലുമുള്ള ഇന്ത്യൻ പൗരൻമാർക്ക് എല്ലായിടത്തും ഒരു നിയമം എന്നതായിരുന്നു ആശയം. എന്നാൽ കോൺഗ്രസ് ഏകസിവിൽ കോഡിനെ എതിർക്കുകയാണ്. എല്ലാ മത വിഭാഗങ്ങളിലെയും വിശ്വാസവും ആചാരങ്ങളും ഉൾക്കൊണ്ടു തന്നെ വിവാഹം, വിവാഹമോചനം, അനന്തരാവകാശം, പരിപാലനം തുടങ്ങിയ വിഷയങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു പൊതു നിയമമാണ് ഏകസിവിൽ കോഡ് എന്നും മോദി പറഞ്ഞു.
മാണ്ഡിയിലെ ബി.ജെ.പി സ്ഥാനാർഥി കങ്കണ രാജ്യത്തെ യുവാക്കളുടെയും പെൺമക്കളുടെയും പ്രതിനിധിയാണെന്നും മോദി അഭിപ്രായപ്പെട്ടു. കങ്കണക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തുന്ന കോൺഗ്രസിന് ജനങ്ങൾ ശക്തമായ മറുപടി നൽകണം. കങ്കണയെ അപഹസിക്കുന്നത് മാണ്ഡിയിലെ ജനങ്ങളെയും ഹിമാചൽ പ്രദേശിനെയും അപമാനിക്കുന്നതിന് തുല്യമാണെന്നും മോദി പറഞ്ഞു.
''കാലപ്പഴക്കം ചെന്ന മനസാണ് കോൺഗ്രസിന്റെത്. സ്വന്തം നിലക്ക് നേട്ടങ്ങൾ കൊയ്യുന്ന പെൺമക്കൾക്ക് വേണ്ടി എന്താണ് കോൺഗ്രസ് ചെയ്യുന്നത്. അധികാരത്തിൽ തിരിച്ചെത്തിയാൽ ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാർ വെള്ളപ്പൊക്കത്തിന്റെ പേരിൽ കേന്ദ്രത്തിൽ നിന്ന് വാങ്ങിയെടുത്ത ഫണ്ട് എവിടേക്ക് പോയെന്ന് അന്വേഷിക്കുമെന്നും മോദി വ്യക്തമാക്കി. റോഡുകളും വീടുകളും നിർമിക്കാൻ ഹിമാചൽ പ്രദേശിന് 2300കോടി രൂപ നൽകിയതിനു പുറമെ, വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് 1762 കോടി രൂപ നൽകിയതായും ബി.ജെ.പി അവകാശപ്പെട്ടിരുന്നു. എന്നാൽ കോൺഗ്രസ് അത് തെരഞ്ഞെടുത്ത ആളുകൾക്ക് നൽകിയെന്ന് എന്നാണ് ബി.ജെ.പി ഉയർത്തുന്ന ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

