വന്ദേമാതരം; പ്രധാനമന്ത്രിയുടെയും സംഘത്തിന്റെയും കള്ളം പൊളിഞ്ഞെന്ന് കോൺഗ്രസ്
text_fieldsകോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ്
ന്യൂഡൽഹി: പാർലമെന്റിൽ വന്ദേമാതരം ചർച്ചയിൽ പ്രധാനമന്ത്രിയുടെയും സംഘത്തിന്റെയും കള്ളം പൊളിഞ്ഞെന്നും അവർക്ക് ക്ഷതമേറ്റെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ്. ദേശീയഗീതത്തെക്കുറിച്ചുള്ള ചർച്ചയിൽ ദേശീയഗാനവും പരാമർശിക്കപ്പെട്ടുവെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ദേശീയഗാനത്തെക്കുറിച്ചും ദേശീയഗീതത്തെക്കുറിച്ചും രചിക്കപ്പെട്ട രണ്ട് ആധികാരിക ഗ്രന്ഥങ്ങൾ പ്രധാനമന്ത്രിയും അനുയായികളും വായിച്ചിട്ടില്ലെന്നത് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
രുദ്രാങ്ഷു മുക്കർജിയുടെ ‘സോങ് ഓഫ് ഇന്ത്യ: എ സ്റ്റഡി ഓഫ് ദ നാഷനൽ ആൻതം’, സബ്യസാചി ഭട്ടാചാര്യയുടെ ‘വന്ദേ മാതരം’ എന്നീ ഗ്രന്ഥങ്ങളെയാണ് ജയറാം രമേശ് പരാമർശിച്ചത്. ചർച്ച തിരിച്ചടിച്ചതും കള്ളങ്ങൾ പൊളിയുകയും ചെയ്തതിനാൽ ഈ ഗ്രന്ഥങ്ങൾ അവർ ഇനി വായിക്കുമെന്നും കരുതാനാകില്ല. ദുഷ്പ്രചരണങ്ങൾ ദൂരീകരിക്കാൻ ജവഹർലാൽ നെഹ്റുവും രാജേന്ദ്ര പ്രസാദും സർദാർ പട്ടേലും ഉൾപ്പെടെ വിവിധ നേതാക്കൾ എഴുതിയ 12 കത്തുകളും അദ്ദേഹം പരാമർശിച്ചു.
വന്ദേമാതരത്തിന്റെ 150ാം വാർഷികത്തോട് അനുബന്ധിച്ച് ലോക്സഭയിൽ ഒരു ദിവസവും രാജ്യസഭയിൽ രണ്ട് ദിവസവുമാണ് ചർച്ച നടന്നത്. ദേശീയഗീതത്തോടുള്ള മുഹമ്മദ് അലി ജിന്നയുടെ എതിർപ്പിന് മുന്നിൽ മുട്ടുമടക്കിയ നെഹ്റു ചില ഭാഗങ്ങൾ ഒഴിവാക്കി വന്ദേമാതരത്തെ ഒറ്റുകയാണ് ചെയ്തതെന്നും അത് ഇന്ത്യയെ പ്രീണന രാഷ്ട്രീയത്തിന്റെ പാതയിലേക്ക് തള്ളിവിട്ടെന്നുമാണ് ലോക്സഭയിലെ ചർച്ചാവേളയിൽ പ്രധാനമന്ത്രി കുറ്റപ്പെടുത്തിയത്. എന്നാൽ, ചരിത്രത്തെ വളച്ചൊടിക്കുകയും, പ്രഥമ പ്രധാനമന്ത്രി ജവർലാൽ നെഹ്റുവിനെ അപകീർത്തിപ്പെടുത്തുകയും, സ്വാതന്ത്ര്യസമര സേനാനികളെ ആക്ഷേപിക്കുകയും ചെയ്യുകയായിരുന്നു ചർച്ചയുടെ ലക്ഷ്യമെന്ന് പ്രതിപക്ഷവും ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

