'രാമക്ഷേത്ര ഫണ്ടിലെ തിരിമറി ശിലാപൂജയുടെ കാലം മുതലേ തുടങ്ങി'; ബി.ജെ.പിക്കെതിരെ കോൺഗ്രസ്
text_fieldsകോൺഗ്രസ് രാജ്യസഭ ഉപനേതാവ് പ്രമോദ് തിവാരി
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളും കാണിക്കകളും മോഷ്ടിക്കപ്പെട്ട സംഭവത്തിൽ ഭരണകക്ഷിയായ ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്ത്. ബി.ജെ.പിയിലെ എല്ലാവരും കള്ളന്മാരല്ലെന്നും എന്നാൽ എല്ലാ കള്ളന്മാരും ബി.ജെ.പിയിലാണെന്നുമാണ് കോൺഗ്രസ് രാജ്യസഭ ഉപനേതാവ് പ്രമോദ് തിവാരി ആരോപിച്ചത്. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാമക്ഷേത്ര നിർമ്മാണ ഫണ്ടിലെ തിരിമറി സംഭാവനകളുടെ മോഷണത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അത് ശിലാപൂജയുടെ കാലം മുതലേ തുടങ്ങിയതാണെന്നും പ്രമോദ് തിവാരി അവകാശപ്പെട്ടു. "രാമക്ഷേത്ര നിർമ്മാണ വിഷയം നിലനിർത്താൻ മാത്രമാണ് ബി.ജെ.പി ആഗ്രഹിച്ചത്. എന്നാൽ സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് ക്ഷേത്രം നിർമ്മിക്കപ്പെട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് അപൂർണ്ണമായ ഒരു ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാൺ പ്രതിഷ്ഠാ ചടങ്ങ് നടത്തുകയായിരുന്നു" - അദ്ദേഹം കുറ്റപ്പെടുത്തി.
ക്ഷേത്ര ട്രസ്റ്റിലെ മുഴുവൻ അംഗങ്ങളെയും പ്രധാനമന്ത്രിയുടെ താൽപ്പര്യപ്രകാരമാണ് നിയമിച്ചത്. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത മോദി, ട്രസ്റ്റ് ചുമതലപ്പെടുത്തിയ ആളുകൾ ചെയ്ത തെറ്റുകളിൽ നിന്ന് എങ്ങനെ ഒഴിവായി നിൽക്കുമെന്നും അദ്ദേഹം ചോദിച്ചു. ക്ഷേത്ര ജനറൽ സെക്രട്ടറി ചമ്പത് റായ്‌യുടെ കാലത്ത് സംഭാവനകളുടെ മോഷണം വ്യവസ്ഥാപിതമായി മാറിയെന്നും കോടികളുടെ തിരിമറിയാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഷ്പക്ഷ അന്വേഷണം വേണമെന്നും കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഈ വിഷയം തിങ്കളാഴ്ച പാർലമെന്റിൽ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തിരിമറിയുമായി ബന്ധപ്പെട്ട അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് ശ്രീരാമജന്മഭൂമി തീർത്ഥ് ട്രസ്റ്റ് അംഗം മഹന്ത് ദിനേന്ദ്ര ദാസ് അറിയിച്ചു. ഭക്തർ സമർപ്പിച്ച സ്വർണം, വെള്ളി എന്നിവയുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് അന്വേഷിക്കുന്നത്. തട്ടിപ്പ് പുറത്തുവന്നതിനെ തുടർന്ന് ട്രസ്റ്റ് സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ജൂലൈ 25 മുതൽ സംഭാവന ശേഖരണവും എണ്ണലും പൂർണ്ണമായും വീഡിയോഗ്രാഫി നിരീക്ഷണത്തിലാണ് നടക്കുന്നത്.
സംഭാവന പെട്ടികൾ മാറ്റുന്നത് മുതൽ സീൽ ചെയ്യുന്നത് വരെയുള്ള എല്ലാ നടപടികളും ക്യാമറയിൽ പകർത്തുന്നുണ്ട്. ബാങ്ക് ജീവനക്കാർ, ട്രസ്റ്റ് പ്രതിനിധികൾ, സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന എട്ടംഗ സമിതിയാണ് ഇതിന് മേൽനോട്ടം വഹിക്കുന്നത്. ക്ഷേത്ര സമുച്ചയത്തിലെ 40-ലധികം സംഭാവന പെട്ടികൾ ഇപ്പോൾ ഒരേ ദിവസത്തിന് പകരം വ്യത്യസ്ത ദിവസങ്ങളിലായാണ് തുറക്കുന്നത്. എണ്ണൽ കേന്ദ്രത്തിന് അകത്ത് അധിക സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
സംഭാവന പെട്ടികൾ എണ്ണൽ കേന്ദ്രത്തിൽ എത്തിയ ശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥരാണ് ഇവ സീൽ ചെയ്യുന്നത്. സംഭാവന മോഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കേസിൽ ഇതിനോടകം നിരവധി പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

