റാലി ഒഴിവാക്കാൻ കോൺഗ്രസ് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തു -അസദുദ്ദീൻ ഉവൈസി
text_fieldsഹൈദരാബാദ്: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്താനിരിക്കുന്ന റാലി റദ്ദാക്കാൻ കോൺഗ്രസ് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി ഒാൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് (എ.െഎ.എം.എം) അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ഇത് തെളിയിക്കുന്ന ശബ്ദ സന്ദേശം തെൻറ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തിങ്കളാഴ്ച നടന്ന പാർട്ടി റാലിയിലാണ് ഉവൈസി കോൺഗ്രസിനെതിരെ ആരോപണം ഉന്നയിച്ചത്. ‘നമ്മൾ റാലി റദ്ദാക്കിയാൽ 25 ലക്ഷം രൂപ പാർട്ടി ഫണ്ടായി നൽകാമെന്നാണ് അവർ വാഗ്ദാനം ചെയ്തത്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന പാർട്ടിയെ നിങ്ങൾ എന്തു വിളിക്കും’ ഉവൈസി ചോദിച്ചു.
അതേസമയം ആരോപണം കോൺഗ്രസ് നിഷേധിച്ചു. ഉവൈസി കള്ളം പറയുകയാണെന്നും അതിനാൽ തന്നെ തെളിവിെൻറ ആവശ്യമില്ലെന്നും കോൺഗ്രസ് നേതാവ് മീം അഫ്സൽ പറഞ്ഞു.
ഉവൈസിയുടെ പക്കൽ തെളിവുകളൊന്നും ഉണ്ടാവില്ല. ഉവൈസി ഏതു വിഷയത്തിൽ സംസാരിക്കുമ്പോഴും ബി.ജെ.പിയെ പിന്തുണക്കും. കോൺഗ്രസ് തെലങ്കാനയിൽ ശക്തമായ പാർട്ടിയായി മാറിക്കൊണ്ടിരിക്കുകയാണ്. അതിനാലാണ് അദ്ദേഹം ഇത്തരത്തിൽ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മീം അഫ്സൽ അഭിപ്രായപ്പെട്ടു.
