ന്യൂഡൽഹി: മുൻ ധന മന്ത്രി പി. ചിദംബരത്തിനെതിരെ വീണ്ടും ബി.ജെ.പി. മുൻ കേന്ദ്രമന്ത്രിയെ കാത്തിരിക്കുന്നത് പാക് മുൻ പ്രധാനമന്ത്രി നവാസ് ശരീഫിെൻറ അവസ്ഥയാണെന്ന പ്രസ്താവനയുമായി കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമനാണ് രംഗത്തെത്തിയത്. പാർട്ടി നേതാവിെൻറ വിദേശ ഇടപാടുകളെക്കുറിച്ച് രാഹുൽ ഗാന്ധി അന്വേഷിക്കണമെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചതിനാണ് നവാസ് ശരീഫിനെ പാക് സുപ്രീംകോടതി അയോഗ്യനാക്കിയത്. ചിദംബരത്തിെൻറ ഭാര്യ നളിനി, മകൻ കാർത്തി, മരുമകൾ ശ്രീനിധി എന്നിവരുടെ വിദേശസ്വത്ത് വിവരങ്ങൾ മറച്ചുവെച്ചതിനെതിരെയാണ് ആദായ നികുതി വകുപ്പ് കുറ്റപത്രം നൽകിയിരിക്കുന്നത്. അതേസമയം, മന്ത്രി നിർമല സീതാരാമനെ പരിഹസിച്ച് പി. ചിദംബരം രംഗത്തെത്തി.
നിർമലയെ പ്രതിരോധ മന്ത്രി സ്ഥാനത്തുനിന്ന് നീക്കി ആദായ നികുതി വകുപ്പിൽ വക്കീലായി നിയമിക്കണമെന്ന് സംസാരമുണ്ടെന്നായിരുന്നു ചിദംബരത്തിെൻറ ട്വീറ്റ്. വിദേശത്ത് നിക്ഷേപിക്കപ്പെട്ട ബില്യൻ കണക്കിന് ഡോളർ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവന്ന് പൗരന്മാരുടെ അക്കൗണ്ടുകളിൽ 15 ലക്ഷം വീതം നിക്ഷേപിക്കുമെന്ന രാജ്യത്തെ ഏറ്റവും ധനിക പാർട്ടിയുടെ അധ്യക്ഷെൻറ വാഗ്ദാനവും ബി.ജെ.പിയുടെ പേരെടുത്തു പറയാതെ ചിദംബരം ഒാർമിപ്പിച്ചു.