വോട്ട് തട്ടിപ്പ്: രാഹുലിന്റേത് ഗൗരവ ചോദ്യങ്ങൾ; പിന്തുണയുമായി ശശി തരൂർ
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടിക അട്ടിമറി സംബന്ധിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. വാർത്താ സമ്മേളനത്തിൽ രാഹുൽ ഉന്നയിച്ച ചോദ്യങ്ങൾ ഗൗരവ സ്വഭാവമുള്ളതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ മുഖവിലക്കെടുക്കണമെന്നും ‘എക്സ്’ പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പിലൂടെ ശശി തരൂർ ആവശ്യപ്പെട്ടു. രാജ്യത്തെ മുഴുവൻ രാഷ്ട്രീയ പാർട്ടികളുടെയും വോട്ടർമാരുടെയും താൽപര്യങ്ങളെ ഉൾകൊള്ളുന്ന ഗൗരവ ചോദ്യങ്ങളാണ് ഉയരുന്നത്. നമ്മുടെ ജനാധിപത്യം മഹത്തരമായ ഒന്നാണ്. മോശം നടപടികളോ, അശ്രദ്ധയോ, കൃത്രിമത്വംകൊണ്ടോ അതിനെ നശിപ്പിക്കാൻ ഇടവരുത്തരുത്- രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളന വീഡിയോ പങ്കുവെച്ചുള്ള കോൺഗ്രസിന്റെ പോസ്റ്റ് റീ പോസ്റ്റ് ചെയ്തുകൊണ്ട് ശശി തരൂർ കുറിച്ചു.
ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനെയും, തെരഞ്ഞെടുപ്പ് കമ്മീഷൻ വക്താവിനെയും ടാഗ് ചെയ്തുകൊണ്ടാണ് ശശി തരൂർ രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി പോസ്റ്റിട്ടത്. സമീപകാലത്തായി തുടർച്ചയായ മോദി അനുകൂല പരാമർശങ്ങളുമായ കോൺഗ്രസിന് തലവേദന സൃഷ്ടിക്കുന്നതിനിടെയാണ് വ്യാഴാഴ്ചത്തെ രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനത്തിൽ ഉയർത്തിയ വിഷയങ്ങളെ പിന്തുണച്ച് ശശി തരൂർ രംഗത്തെത്തിയത്. എന്നാൽ, പോസ്റ്റിൽ ഒരിടത്തും രാഹുലിന്റെ പേര് തരൂർ പരാമർശിച്ചില്ല എന്നത് ശ്രദ്ധേയമാണ്.
ഓപറേഷൻ സിന്ദൂർ, മോദിയുടെ വിദേശ നയം ഉൾപ്പെടെ വിഷയങ്ങളിൽ തരൂർ നടത്തിയ മോദി സ്തുതി ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഏറ്റവും ഒടുവിൽ പാർലമെൻറിൽ നടന്ന ഓപറേഷൻ സിന്ദൂർ ചർച്ചയിൽ സംസാരിക്കാതെ മാറി നിന്ന ശശി തരൂർ, അമിത് ഷയുടെ പ്രസംഗത്തിന് കൈയടിച്ചതും വിവാദമായി.
2024 ലോക്സഭ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വോട്ടർപട്ടികയിൽ നടത്തിയ അട്ടിമറിയുടെ ഞെട്ടിക്കുന്ന തെളിവുകളാണ് രാഹുൽ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ബി.ജെ.പിയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും രഹസ്യ ധാരണയിൽ നടത്തിയ ‘വോട്ട് ചോരി’ രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ ഞെട്ടിച്ചിരുന്നു. കർണാടകയിലെ ബംഗളൂരു സെൻട്രൽ ലോക്സഭ മണ്ഡലത്തിലെ ഏഴ് നിയമ സഭ മണ്ഡലങ്ങളിലൊന്നായ മഹാദേവപുരയിൽ മാത്രം നടത്തിയ പരിശോധനയിൽ ഒരു ലക്ഷത്തിൽ പരം വ്യാജവോട്ടുകൾ കണ്ടെത്തിയതിന്റെ തെളിവുകളാണ് രാഹുൽ ന്യൂഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

