Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉപരാഷ്ട്രപതി...

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: എൻ.ഡി.എ സ്ഥാനാർഥിക്ക് കിട്ടിയ അധിക വോട്ടുകൾ എവിടെ നിന്ന്?; ക്രോസ് വോട്ടിങ്ങിനെക്കുറിച്ച് ഇൻഡ്യാ മുന്നണി അന്വേഷിക്കണമെന്ന് മനീഷ് തിവാരി

text_fields
bookmark_border
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: എൻ.ഡി.എ സ്ഥാനാർഥിക്ക് കിട്ടിയ അധിക വോട്ടുകൾ എവിടെ നിന്ന്?;   ക്രോസ് വോട്ടിങ്ങിനെക്കുറിച്ച് ഇൻഡ്യാ മുന്നണി അന്വേഷിക്കണമെന്ന് മനീഷ് തിവാരി
cancel

ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നിരവധി പ്രതിപക്ഷ എം.പിമാർ ക്രോസ് വോട്ടിങ് നടത്തിയത് അങ്ങേയറ്റം ഗുരുതരമായ കാര്യമാണെന്ന് കോൺഗ്രസ് എം.പി മനീഷ് തിവാരി. വിഷയത്തിൽ അദ്ദേഹം ഇൻഡ്യാ ​​​​​​​മുന്നണിയോട് അന്വേഷണം ആവശ്യപ്പെട്ടു. ഇൻഡ്യ സഖ്യത്തിലെ വിള്ളലിനെ പരിഹസിച്ചുകൊണ്ട് ബി.ജെ.പി രംഗത്തെത്തിയതിന്റെ പശ്ചാത്തലത്തിലാണിത്.

ചൊവ്വാഴ്ചത്തെ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥി സി.പി. രാധാകൃഷ്ണൻ തന്റെ മാനേജർമാർ തിട്ടപ്പെടുത്തിയ ഔദ്യോഗിക കണക്കുകളേക്കാൾ ഒരു ഡസനിലധികം വോട്ടുകൾ അധികമായി നേടി. നിരവധി ഇൻഡ്യാ എം.പിമാർ ക്രോസ് വോട്ടിങ് നടത്തിയെന്ന അവകാശവാദങ്ങളെ ഇത് ശരിവെച്ചു. എൻ.ഡി.എക്ക് 427 വോട്ടുകൾ ഉണ്ടായിരുന്നു. വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയുടെ 11 വോട്ടുകളുടെ പിന്തുണയും കൂടെ ചേർത്ത് അവരുടെ വോട്ടുകൾ 438 ആയി കണക്കാക്കി. എന്നിട്ടും രാധാകൃഷ്ണന് 452 വോട്ടുകൾ ലഭിച്ചു.

പ്രതിപക്ഷ സ്ഥാനാർത്ഥിയായ മുൻ സുപ്രീംകോടതി ജഡ്ജി ബി. സുദർശൻ റെഡ്ഢി 300 ഒന്നാം മുൻഗണന വോട്ടുകൾ നേടി. ഇത് ഇൻഡ്യാ മുന്നണിയുടെ ഔദ്യോഗിക കണക്കുകളേക്കാൾ 15 എണ്ണം കുറവാണ്.

‘ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എ.ഡി.‌എ സ്ഥാനാർഥി സി.‌പി രാധാകൃഷ്ണന് ‘മനസ്സാക്ഷി’ ഉപയോഗിച്ച് വോട്ട് ചെയ്ത ഇൻഡ്യാ സഖ്യത്തിലെ ചില എം.പിമാർക്ക് പ്രത്യേക നന്ദി’- പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പ്രതിപക്ഷത്തെ കളിയാക്കിക്കൊണ്ട് എക്സിൽ പോസ്റ്റ് ചെയ്തു. 11 വൈ.‌എസ്‌.ആർ.‌സി.‌പി എം.പിമാരെയും പ്രതിപക്ഷ ബെഞ്ചുകളിൽ നിന്നുള്ള ക്രോസ്-വോട്ടർമാരെയും കുറിച്ചുള്ള വ്യക്തമായ പരാമർശമാണ് ഇത്.

ഈ സാഹചര്യത്തിലാണ് പാർട്ടി നേതൃത്വവുമായുള്ള തന്റെ സുദൃഢ ബന്ധത്തിന് പേരുകേട്ട കോൺഗ്രസ് എം.പി തിവാരി ക്രോസ് വോട്ടിങ്ങിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടത്. ‘ക്രോസ് വോട്ടിങ് നടന്നിട്ടുണ്ടെങ്കിൽ, ഇൻഡ്യാ ബ്ലോക്കിലെ ഓരോ ഘടകകക്ഷിയും അത് ഗൗരവമായി അന്വേഷിക്കണം. ക്രോസ് വോട്ടിങ് വളരെ ഗുരുതരമായ കാര്യമാണ്’ ചണ്ഡീഗഡിൽ നിന്നുള്ള ലോക്‌സഭാംഗമായ തിവാരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. വ്യവസ്ഥാപിതമായ അന്വേഷണം നടത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടുകൾ രഹസ്യ ബാലറ്റിലൂടെയാണ് രേഖപ്പെടുത്തുന്നത്. അതിനാൽ അവരുടെ പാർട്ടി ലൈനിനെതിരെ വോട്ട് ചെയ്യാൻ സാധ്യതയുള്ള എം.പിമാരെ തിരിച്ചറിയാൻ കഴിയില്ല. ഈ തെരഞ്ഞെടുപ്പിൽ പാർട്ടി വിപ്പുകൾ ബാധകമല്ല. പക്ഷേ, എം.പിമാർ അവരുടെ പാർട്ടി നയം പിന്തുടരുമെന്നാണ് പൊതുവിലുള്ള പ്രതീക്ഷ.

ഇൻഡ്യാ ബ്ലോക്കിലെ ഓരോ ഘടകകക്ഷിയിൽ നിന്നുമുള്ള ‘ദുർബലരായ’ അംഗങ്ങളെ ബി.ജെ.പി ബന്ധപ്പെട്ടിരുന്നു എന്നാണ് ഭരണകക്ഷിയിലെ വൃത്തങ്ങൾ അവകാശപ്പെടുന്നത്. ക്രോസ് വോട്ടിങ്ങിനു പുറമേ, അസാധുവായ 15 വോട്ടുകൾ പ്രധാനമായും പ്രതിപക്ഷ എം.പിമാർ നടത്തിയ മനഃപൂർവമായ നീക്കങ്ങളുടെ ഫലമാണെന്നും കരുതുന്നു.

‘പ്രതിപക്ഷത്തിലെ വിള്ളലിൽ ഞങ്ങൾ കളിച്ചു. നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുള്ളതിനാൽ ദുർബലരായ ഓരോ പ്രതിപക്ഷ പാർട്ടികളിലെയും എം.പിമാരുടെ പട്ടിക ഞങ്ങൾ തയ്യാറാക്കിയിരുന്നു‘വെന്ന് ഒരു ബി.ജെ.പി നേതാവ് പറഞ്ഞു.

മിക്കവരും വിരൽ ചൂണ്ടുന്നതും മഹാരാഷ്ട്രയിലെയും ആം ആദ്മി പാർട്ടിയിലെയും പ്രതിപക്ഷ എം.പിമാരിലേക്കാണ്. രാധാകൃഷ്ണൻ മഹാരാഷ്ട്ര ഗവർണറാണ്. അക്കാരണത്താൽ സംസ്ഥാനത്തെ എം.പിമാർ അദ്ദേഹത്തെ പിന്തുണക്കാൻ സാധ്യതയുണ്ട്.

ആം ആദ്മിക്ക് രാജ്യസഭയിൽ ഒമ്പത് അംഗങ്ങളും ലോക്സഭയിൽ മൂന്ന് അംഗങ്ങളുമുണ്ട്. ഡൽഹിയിൽ അധികാരം നഷ്ടപ്പെട്ടതിനെത്തുടർന്ന് പാർട്ടിയിലുണ്ടായ കുഴപ്പങ്ങൾ കണക്കിലെടുക്കുമ്പോൾ അവരിൽ ചിലർ ക്രോസ് വോട്ട് ചെയ്തിരിക്കാമെന്നും അനുമാനിക്കപ്പെടുന്നു. എന്നാൽ, ആരോപണത്തിൽ പാർട്ടിയിൽ നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല.

അസാധുവായ വോട്ടുകൾ ഉപയോഗിച്ച് ബി.ജെ.പി ചില പ്രതിപക്ഷ എം.പിമാരെ ‘വിലക്കു വാങ്ങിയതായി’ ശിവസേന (യു.ബി.ടി) എം.പി അരവിന്ദ് സാവന്ത് ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vice Presidential pollnda candidatecp radhakrishnanINDIA BlocB Sudershan Reddy
News Summary - Congress MP Manish Tewari demands probe into INDIA bloc cross-voting in vice-presidential polls
Next Story