ഡോ. സാവിത്രി വിശ്വനാഥെൻറ അന്ത്യകർമങ്ങൾ ചെയ്തതും ചിതാഭസ്മം നദിയിലൊതുക്കിയതും നസീർ ഹുസൈൻ എം.പി
text_fieldsബെംഗളൂരു: എഴുത്തുകാരിയും ഡൽഹി യൂണിവേഴ്സിറ്റി മുൻ അധ്യാപികയുമായ ഡോ. സാവിത്രി വിശ്വനാഥെൻറ ഹൈന്ദവാചാര പ്രകാരമുള്ള അന്ത്യകർമങ്ങൾക്ക് നേതൃത്വം നൽകി രാജ്യസഭ എം.പിയും കോൺഗ്രസ് നേതാവുമായ സയ്യിദ് നസീർ ഹുസൈനും ഭാര്യ മെഹ്നാസും സമൂഹമാധ്യമങ്ങളിൽ കൈയ്യടി നേടി. കോവിഡ് ബാധിച്ചുമരിച്ച കുടുംബ സുഹൃത്തായിരുന്ന സാവിത്രിയുടെ ബന്ധുക്കളൊന്നും സ്ഥലത്തിലാത്തതിനാലാണ് അന്ത്യകർമങ്ങൾ ഇരുവരും നിർവഹിച്ചത്.
മന്ത്രങ്ങൾ ഉച്ചരിക്കുന്നതിനും ആചാരങ്ങൾ പാലിക്കുന്നതിനുമായി പുരോഹിതൻമാർ സന്നിഹിതരായിരുന്നു. ഇവരുടെ നിർദേശപ്രകാരം ചിതാഭസ്മം പുഴയിലൊതുക്കിയതും നസീർ ഹുസൈൻ തന്നെയായിരുന്നു. സാവിത്രിയുടെ കൂടെ താമസിച്ചിരുന്ന സഹോദരി ഡോ. മഹാലക്ഷ്മിയും ആശുപത്രിയിൽ ചികിത്സയിലായതിനാൽ അന്ത്യകർമങ്ങൾ നസീർ ഹുസൈൻ ഏറ്റെടുക്കുകയായിരുന്നു.
പ്രമുഖ ഭാഷാ പണ്ഡിതയും അധ്യാപികയുമായിരുന്ന സാവിത്രി ഇന്ത്യയിൽ ജാപ്പനീഷ് ഭാഷ പ്രചരിപ്പിക്കുന്നതിൽ പുസ്തകങ്ങൾ പരിഭാഷപ്പെടുത്തുന്നതിലും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രിമാർക്കൊപ്പവും വിദേശകാര്യമന്ത്രിമാർക്കൊപ്പവും ജപ്പാനുമായുള്ള ഔദ്യോഗിക ചർച്ചകളിൽ ഭാഷാസഹായിയായും സാവിത്രി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പട്ടാമ്പിയിൽ വയോധികയായ രോഗിയുടെ അന്ത്യസമയത്ത് ശഹാദത് കലിമ ചൊല്ലിയ ഡോ.രേഖയുടെ പ്രവർത്തിയോടാണ് എം.പിയുടെ പ്രവർത്തിയെ പലരും ഉപമിച്ചത്. വർഗീയ വിദ്വേഷം പടർത്തുന്ന തേജസ്വി സൂര്യയടക്കമുള്ള ബി.ജെ.പി നേതാക്കളെ ഇതാണ് ഇന്ത്യയെന്ന ക്യാപ്ഷനോടെയും നിരവധി പേർ ടാഗ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

