പാമ്പിനെ കഴുത്തിലണിഞ്ഞ് പിറന്നാൾ ആഘോഷിച്ച് മധ്യപ്രദേശ് കോൺഗ്രസ് എം.എൽ.എ
text_fieldsഭോപാൽ: വിചിത്രമായ രീതിയിലായിരുന്നു ഇക്കുറി മധ്യപ്രദേശിലെ കോൺഗ്രസ് എം.എൽ.എ ബാബു ജിൻഡൽ ജൻമദിനം ആഘോഷിച്ചത്. കോൺഗ്രസ് പ്രവർത്തകർ കൊണ്ടുവന്ന പൂക്കൾ വാങ്ങാൻ അദ്ദേഹം തയാറായില്ല. മറിച്ച് ജീവനോടെയുള്ള പാമ്പിനെ കഴുത്തിൽ ചുറ്റിയായിരുന്നു ആഘോഷം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. കറുത്ത നിറത്തിലുള്ള പാമ്പിനെയും കഴുത്തിൽ ചുറ്റി സന്തോഷത്തോടെ അനുയായികളെ അഭിവാദ്യം ചെയ്യുന്ന ജിൻഡലിനെയാണ് ദൃശ്യങ്ങളിൽ കാണുന്നത്.
ഇതെ കുറിച്ച് മാധ്യമങ്ങളോടും അദ്ദേഹം പ്രതികരിച്ചു. ''ഇക്കുറി ലളിതമായാണ് പിറന്നാൾ ആഘോഷിച്ചത്. മൃഗങ്ങൾ എനിക്ക് സുഹൃത്തുക്കളെ പോലെയാണ്. വീടിന്റെ പിൻഭാഗത്തെ മുറ്റത്ത് മുല്ലച്ചെടിയുണ്ട്. രാത്രിയാകുമ്പോൾ പാമ്പുകൾ പതിവായി അവിടെയെത്തും. ശിവഭഗവാനെയാണ് പാമ്പുകൾ പ്രതിനിധീകരിക്കുന്നത്. അതിനാൽ ആരാധനയുടെ ഭാഗമായി ജൻമദിനത്തിൽ പാമ്പിനെ കഴുത്തിലണിയാൻ തീരുമാനിക്കുകയായിരുന്നു.''-എന്നായിരുന്നു ജിൻഡലിന്റെ പ്രതികരണം.
നിരവധിയാളുകളാണ് പിറന്നാളിനോടനുബന്ധിച്ച് ജിൻഡലിന്റെ വീട്ടിലെത്തിയത്. ആളുകൾക്ക് മുന്നിൽ വെച്ചാണ് പെട്ടിയിലടച്ച പാമ്പിനെ പുറത്തെടുത്ത് കോൺഗ്രസ് എം.എൽ.എ കഴുത്തിലണിഞ്ഞത്.
പൂക്കൾ സമ്മാനിച്ച അനുയായികൾക്ക് അത് തിരിച്ചുകൊടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മത-സാംസ്കാരിക പരിപാടികളിൽ ഗായകനായും നർത്തകനായും പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട് ജിൻഡൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

