കോൺഗ്രസ് എന്നാൽ 'നുണകളുടെ കമ്പോള'ത്തിലെ 'കൊള്ളയുടെ കട' - നരേന്ദ്ര മോദി
text_fieldsന്യൂഡൽഹി: കോൺഗ്രസ് എന്നാൽ കൊള്ളയുടെ കടയും നുണകളുടെ വിപണിയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ താഴെയിറങ്ങാനുള്ള സമയമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത്ത സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
അഴിമതി. കുറ്റകൃത്യം, പ്രീണന രാഷ്ട്രീയം എന്നിവയുടെ കാര്യത്തിൽ അശോക് ഗെലോട്ട് സർക്കാർ പുതിയ വ്യക്തിത്വം തന്നെ രൂപപ്പെടുത്തി കഴിഞ്ഞു. ജൽ ജീവൻ പദ്ധതി നടപ്പാക്കുന്നതിൽ രാജസ്ഥാൻ ഒന്നാം സ്ഥാനക്കാരിൽ ഒരാൾ ആകേണ്ടതായിരുന്നു. എന്നാൽ ഇന്ന് അത് പിന്നോക്ക സംസ്ഥാനങ്ങളോടൊപ്പമാണെന്നും മോദി പറഞ്ഞു.
സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ ആക്രമങ്ങളിലും ഗണ്യമായ വർധനയുണ്ടായതായും അദ്ദേഹം പറഞ്ഞു.
"സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ കാര്യം പരിശോധിച്ചാൽ, ബലാത്സംഗക്കേസുകളിൽ ഒന്നാം സ്ഥാനത്ത് രാജസ്ഥാനാണ്. സംരക്ഷിക്കേണ്ടവർ തന്നെ ശത്രുക്കളാകുന്ന അവസ്ഥയാണ് ഇന്ന് രാജസ്ഥാനിലുള്ളത്. ഇവിടെയുള്ള സർക്കാർ ഉദ്യോഗസ്ഥരെല്ലാം ബലാത്സംഗക്കേസിലെയും കൊലപാതകക്കേസിലെയും പ്രതികളെ സംരക്ഷിക്കുന്നതിന്‍റെ തിരക്കിലാണ്" - മോദി കൂട്ടിച്ചേർത്തു.
കോൺഗ്രസ് അധികാരത്തിലിരുന്നാൽ രാജ്യത്തിന്‍റെ സത്തെല്ലാം വലിച്ചെടുത്ത് അതിനെ പൊള്ളയാക്കുമെന്നും അധികാരം നഷ്ടപ്പെട്ടാൽ രാജ്യത്തെ അപകീർത്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്‍റെ നേതാക്കൾ വിദേശത്ത് പോയി രാജ്യത്തെ അപമാനിക്കുകയാണ്. കോൺഗ്രസിന് ആകെ ഒരു അർത്ഥമേയുള്ളൂ - 'കൊള്ളയുടെ കട', 'നുണകളുടെ കമ്പോളം'. രാജസ്ഥാനിൽ സർക്കാരിനെതിരായ ജനവികാരം ശക്തമായിക്കഴിഞ്ഞുവെന്നും തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സർക്കാർ ഇല്ലാതാകുമെന്ന കാര്യം ഉറപ്പായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

