പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ജെ.പി.സിക്ക് വിട്ടു
text_fieldsന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഇന്ന് ലോക്സഭ കൂടിയുടൻ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിടാനുള്ള പ്രമേയം നിയമമന്ത്രി അവതരിപ്പിച്ചതിന് പിന്നാലെ സഭ പിരിയുകയായിരുന്നു. 39 അംഗ സമിതിയാണ് ഇതുസംബന്ധിച്ച് പരിശോധന നടത്തുക.
വെള്ളിയാഴ്ച പാർലമെന്റിന് പുറത്ത് പ്രതിപക്ഷത്തിന്റെ പ്രതിഷേധമുണ്ടായിരുന്നു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്റ് കോംപ്ലക്സിലായിരുന്നു പ്രതിഷേധം. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് മുമ്പ് കഴിഞ്ഞ ദിവസം നടന്ന സംഘർഷങ്ങളുമായി ബന്ധപ്പെട്ട് പാർലമെന്റിനകത്ത് ബി.ജെ.പിയും പ്രതിഷേധിച്ചിരുന്നു.
പിന്നീട് ലോക്സഭ സമ്മേളനം തുടങ്ങിയുടൻ അമിത് ഷാക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ നടുത്തളത്തിലിറങ്ങി. ഇതിനിടെ ജെ.പി.സി അന്വേഷണത്തിനുള്ള പ്രമേയം പാസാക്കിയതിന് പിന്നാലെ ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിയുകയാണെന്ന് ലോക്സഭ സ്പീക്കർ അറിയിച്ചു.
കഴിഞ്ഞ ദിവസം ഭരണഘടനാ ശിൽപി അംബേദ്കറെ ആഭ്യന്തരമന്ത്രി അമിത് ഷാ അപമാനിച്ചതിൽ പാർലമെന്റിനകത്തും പുറത്തും ഇൻഡ്യ സഖ്യം പ്രതിഷേധം കടുപ്പിച്ചിരുന്നു. പ്രതിപക്ഷത്തിനെതിരെ ഭരണകക്ഷി എം.പിമാരും രംഗത്തിറങ്ങിയതോടെ പാർലമെന്റ് വളപ്പ് അസാധാരണ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
ഇരുവിഭാഗവും നേർക്കുനേർ നിന്ന് മുദ്രാവാക്യം മുഴക്കി. ഇതോടെ സംഘർഷ അന്തരീക്ഷം ഉടലെടുത്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയേയും പ്രിയങ്കാ ഗാന്ധിയെയും ബി.ജെ.പി എം.പിമാർ പിടിച്ചുതള്ളിയതായി കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ, രാഹുൽ ഗാന്ധി തള്ളിയതായി പ്രതാപ് സാരംഗി ആരോപിച്ചു.
നീല വസ്ത്രങ്ങൾ ധരിച്ചാണ് ഇൻഡ്യസഖ്യം പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തിൽ പ്രതിഷേധിച്ചത്. തുടർന്ന് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എം.പിമാർ ബി.ജെ.പി പ്രതിഷേധത്തിനിടയിലേക്ക് കയറിയതോടെയാണ് ഉന്തും തള്ളും ഉണ്ടായത്. ബഹളത്തെ തുടർന്ന് ലോക്സഭ രണ്ട് മണി വരെ പിരിഞ്ഞു. രാജ്യസഭയിലും ബഹളമുണ്ടായി. പാർലമെന്റിന് സമീപം വിജയ് ചൗക്കിൽ വലിയ സുരക്ഷാ സന്നാഹമൊരുക്കി. കൂടുതൽ സേനാംഗങ്ങളെയും സ്ഥലത്ത് വിന്യസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

