മുസ്‌ലിം വനിതകളെ കോൺഗ്രസ് രണ്ടാംതരം പൗരരാക്കി -ജെ.പി.നദ്ദ
text_fieldsന്യൂഡൽഹി: കേന്ദ്രത്തിൽ അധികാരത്തിലിരുന്നപ്പോൾ കോൺഗ്രസ് മുസ്‌ലിം വനിതകളെ രണ്ടാംതരം പൗരരാക്കിയെന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ. ഒരു പതിറ്റാണ്ട് അധികാരത്തിലിരുന്ന യു.പി.എ സർക്കാർ മുസ്‌ലിം സ്ത്രീകൾക്കായി ഒന്നും ചെയ്തില്ല. മുത്തലാഖ് നിരോധിച്ച മോദി സർക്കാർ മുസ്‌ലിം സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നെന്നും വ്യാഴാഴ്ച രാജ്യസഭയിലെ വഖഫ് ബിൽ ചർച്ചക്കിടെ നദ്ദ പറഞ്ഞു.
“നിങ്ങൾ ഇന്ത്യയിലെ മുസ്‌ലിം വനിതകളെ രണ്ടാംതരം പൗരരാക്കി. മുസ്‌ലിം സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാത്ത ഏക രാജ്യം ഇന്ത്യയായിരുന്നു. ഈജിപ്ത്. സുഡാൻ, ബംഗ്ലാദേശ്, സിറിയ ഉൾപ്പെടെയുള്ള മുസ്‌ലിം രാജ്യങ്ങളിൽ നിരവധി വർഷങ്ങൾക്കു മുമ്പ് മുത്തലാഖ് നിരോധിച്ചിട്ടുണ്ട്.
ഒരു പതിറ്റാണ്ട് അധികാരത്തിലിരുന്ന യു.പി.എ സർക്കാർ മുസ്‌ലിം സ്ത്രീകൾക്കായി ഒന്നും ചെയ്തില്ല. സംസാരത്തിലല്ല, പ്രവൃത്തിയിലൂടെയാണ് യഥാർഥ സേവനം ഉറപ്പാക്കേണ്ടതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇന്ന് കോടിക്കണക്കിന് മുസ്‌ലിം സ്ത്രീകൾക്ക് അന്തസ്സോടെ ജീവിക്കാനാകുന്നു. പ്രധാനമന്ത്രി മോദി സ്വീകരിച്ച ചരിത്രപരമായ തീരുമാനത്തിലൂടെയാണ് ഇത് സാധ്യമായത്.
വഖഫ് സ്വത്തുക്കൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുകയെന്നതാണ് വഖഫ് ബില്ലിന്‍റെ ഉദ്ദേശ്യം. അതിനെ ഞാൻ പിന്തുണക്കുന്നു. രാജ്യതാൽപര്യം കണക്കിലെടുത്ത് ഭേദഗതി വരുത്തുമ്പോൾ പ്രതിപക്ഷം അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ഭേദഗതിയിലൂടെ വഖഫ് സ്വത്തുക്കൾ മുസ്‌ലിംകളുടെ ക്ഷേമത്തിനായി വിനിയോഗിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുന്നു” -നദ്ദ പറഞ്ഞു.
അതേസമയം ലോക്സഭ കഴിഞ്ഞ ദിവസം പാസാക്കിയ വഖഫ് ഭേദഗതി ബിൽ രാജ്യസഭയും കടന്നു. 11 മണിക്കൂറിലേറെ നീണ്ട ചർച്ചക്കൊടുവിലാണ് ബിൽ പാസാക്കിയത്. ബില്ലിന് അനുകൂലമായി 128 വോട്ടും പ്രതികൂലമായി 95 വോട്ടും ലഭിച്ചു.പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികൾ വോട്ടിനിട്ട് തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

